അഹമ്മദ് ഹസന്‍ഷാ; ഒരു കുലീന കുബേരന്റെ ലാളിത്യം

1897 സെപ്തംബറില്‍ മഹാനായ മുഹമ്മദ് ശെറൂല്‍ ജനിക്കുകയും 2023 ഏപ്രില്‍ അഞ്ചിന് അഹ്മദ് ഹസ്സന്‍ഷാ മരിക്കുകയും ചെയ്ത ശെറൂല്‍ സാഹിബിന്റെ കോട്ടിക്കുളത്തെ തറവാട് വീടായ മാളിയേലെ വീടിന് നൂറ്റാണ്ടുകളുടെ ചരിത്രമാണ് പറയാനുള്ളത്. സാക്ഷാന്‍ മാളിയേലെ വീട് പിന്നീട് മാറ്റിപ്പണിയുകയാണുണ്ടായത്. ജനിച്ചത് കോട്ടിക്കുളത്താണെങ്കിലും ശെറൂല്‍ ജീവിച്ചതും മരിച്ചതും അംഗഡിമുഗറാണ്. അതേ നാട്ടില്‍ വളര്‍ന്ന ഷംനാട് സാഹിബില്‍ നിന്നും ഷംനാടിനേക്കാള്‍ 12 വര്‍ഷം മുമ്പ് ജനിച്ച എന്റെ പിതാവില്‍ നിന്നുമാണ് രേഖപ്പെടുത്താത്തതും എന്നാല്‍ യഥാര്‍ഥവുമായ ചരിത്രം കേള്‍ക്കാനും പഠിക്കാനും കഴിഞ്ഞത്.അഹമ്മദ് […]

1897 സെപ്തംബറില്‍ മഹാനായ മുഹമ്മദ് ശെറൂല്‍ ജനിക്കുകയും 2023 ഏപ്രില്‍ അഞ്ചിന് അഹ്മദ് ഹസ്സന്‍ഷാ മരിക്കുകയും ചെയ്ത ശെറൂല്‍ സാഹിബിന്റെ കോട്ടിക്കുളത്തെ തറവാട് വീടായ മാളിയേലെ വീടിന് നൂറ്റാണ്ടുകളുടെ ചരിത്രമാണ് പറയാനുള്ളത്. സാക്ഷാന്‍ മാളിയേലെ വീട് പിന്നീട് മാറ്റിപ്പണിയുകയാണുണ്ടായത്. ജനിച്ചത് കോട്ടിക്കുളത്താണെങ്കിലും ശെറൂല്‍ ജീവിച്ചതും മരിച്ചതും അംഗഡിമുഗറാണ്. അതേ നാട്ടില്‍ വളര്‍ന്ന ഷംനാട് സാഹിബില്‍ നിന്നും ഷംനാടിനേക്കാള്‍ 12 വര്‍ഷം മുമ്പ് ജനിച്ച എന്റെ പിതാവില്‍ നിന്നുമാണ് രേഖപ്പെടുത്താത്തതും എന്നാല്‍ യഥാര്‍ഥവുമായ ചരിത്രം കേള്‍ക്കാനും പഠിക്കാനും കഴിഞ്ഞത്.
അഹമ്മദ് ഹസ്സന്‍ഷായുടെ പത്‌നി ഷംനാട് സാഹിബിന്റെ ഒരേയൊരു പെങ്ങളുടെ ഒരേയൊരു പുത്രിയായതു കൊണ്ടും ശെറൂല്‍ സാഹിബിന്റെ മകന്റെ മകളായതു കൊണ്ടും കുടുംബ ബന്ധം നിലനിര്‍ത്താനെന്നോണം ഹസ്സന്‍ഷായുടെ വീട് കൂടെക്കൂടെ ഷംനാട് സാഹിബ് സന്ദര്‍ശിക്കുകയും പലപ്പോഴും എന്നെ ഒപ്പം കൂട്ടുകയും ചെയ്യുമായിരുന്നു. അപ്പോഴെല്ലാം ചരിത്രത്തിന്റെ സുല്‍ത്താനായ ഷംനാടിന്റെ ചരിത്ര സ്മൃതികളുടെ ചുരുള്‍ അഴിയും, ഹസ്സന്‍ഷാ കൗതുകത്തോടെ എല്ലാം കേട്ടുകൊണ്ടിരിക്കും.
ഒരു കുബേരനേപ്പോലെ ജീവിക്കാമായിരുന്നിട്ടും ജന്മി കുടുംബത്തില്‍പെട്ട ഹസ്സന്‍ഷാ വിനയവും ലാളിത്യവും മുഖമുദ്രയാക്കി. അഞ്ച് വര്‍ഷം മുമ്പ് മരിച്ച ഇളയ സഹോദരന്‍ ഡോ. അബ്ദുല്‍ ഖാദില്‍ ഷായും അങ്ങനെത്തന്നെയായിരുന്നു. സഹോദരി, എം.കെ. മുളിയാറിന്റെ ഭാര്യ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരണപ്പെട്ടു.
1938-ലാണ് ഷായുടെ ജനനം. യാത്രാ സൗകര്യം തീരെ ഉണ്ടായിരുന്നില്ലെന്നു പറയേണ്ടതില്ല. നാല്‍പതുകളില്‍ കോട്ടിക്കുളത്തിനും കാസര്‍കോടിനും ഇടയില്‍ തെക്കില്‍ വഴി രണ്ടു നേരം സര്‍വ്വീസ് നടത്തുന്ന ഒരു സ്റ്റീമര്‍ ബസുണ്ടായിരുന്നു. പിറകില്‍ വിറക് കത്തിച്ചാണ് അത് ഓടുക. കാല്‍നട യാത്രക്കാര്‍ അകലം പാലിച്ചില്ലെങ്കില്‍ തീപ്പൊരി പാറി വസ്ത്രത്തില്‍ തുള വീഴുമായിരുന്നു. അതിനു മുമ്പ് സമ്പന്നര്‍ക്ക് പല്ലക്കായിരുന്നു വാഹനം. പല്ലക്കു വഹിക്കാന്‍ കേമന്മാരായ വാഹകരെ കണ്ണൂരിലെ കമ്മായിയില്‍ നിന്നാണ് കൊണ്ടു വന്നത്. പിന്നീട് അവര്‍ക്ക് ഇവിടെ തന്നെ പാര്‍ക്കാന്‍ സ്ഥലസൗകര്യങ്ങള്‍ ഉണ്ടാക്കികൊടുത്തു. മാളിയേലെ ഉമ്മ ഹസ്സന്‍ ഷായുടെ ഉപ്പയുടെ ഉമ്മ, പ്രതാപവും പ്രൗഢിയും വിളിച്ചോതുന്ന പല്ലക്കില്‍ കയറിയിരിപ്പുറപ്പിക്കുന്നതും ഒത്ത പൊക്കമുള്ള നാലു പല്ലക്കുവാഹകര്‍ തോളില്‍ വഹിച്ച് മാളിയേലെ ഉമ്മ ആയിഞ്ചോം... മാളിയേലെ ഉമ്മ ആയിഞ്ചോം... എന്നു പാടി കൊണ്ട് ഓടുന്നത് പോലെ നടക്കുന്നതും കുട്ടികളും മുതിര്‍ന്നവരും കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. പല്ലക്കിന്റെ ഒരു ഭാഗം ഒരു ചരിത്രാവിശിഷ്ടമെന്നോണം സൂക്ഷിച്ചുവെച്ചത് ഹസ്സന്‍ഷായുടെ മകന്‍ ഹാറൂന്‍ ഷാ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്.
ഹസ്സന്‍ ഷാ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്റ്റന്‍ ബിരുദത്തിനു ചേര്‍ന്നെങ്കിലും പിതാവ് മുഹമ്മദ് ഷാ രോഗബാധിതനായത് കൊണ്ട് വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. മംഗലാപുരം സെയിന്റ് അലോഷ്യസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഡോ: സുകുമാര്‍ അഴിക്കോട് അവിടെ അധ്യാപകനായിരുന്നു. നിശ്ശബ്ദമായി കാരുണ്യ പ്രവര്‍ത്തനത്തിലും ദാനധര്‍മ്മത്തിലും ദീനീ പ്രവര്‍ത്തനങ്ങളിലും മുഴുകിയ അഹ്മദ് ഹസ്സന്‍ ഷാ തന്റെ വീടിന്റെ അടുത്ത് തന്നെ മൂന്നു ശതാബ്ദങ്ങള്‍ പഴക്കമുള്ള മുന്‍തലമുറക്കാര്‍ പണി കഴിപ്പിച്ച അസ്തമ സൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ മുകരുന്ന പള്ളിപ്പറമ്പില്‍ അറബിക്കടലിന്റെ തീരത്ത് ഇപ്പോള്‍ അന്ത്യവിശ്രമ ജീവിതത്തിലാണ്. ആ ജീവിതം സുഖാനുഭൂതിയിലായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.


-അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it