വേറിട്ട മനുഷ്യരുടെ വേറിട്ട ജീവിതം: അക്കാളത്ത് അബൂബക്കര്‍

1980 വരെ കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുമ്പില്‍ ഒരു ചെറിയ സ്റ്റേഷനറി കട ഉണ്ടായിരുന്നു. വളരെ മനോഹരമായാണ് കട സംവിധാനം ചെയ്തു വെച്ചിട്ടുള്ളത്. കടയുടെ മുമ്പില്‍ ചെറിയൊരു വരാന്ത. അവിടെ ചെറിയൊരു മേശ. തൊട്ടടുത്ത് ഒരു സ്റ്റൂളും. മിഠായിയും സ്‌കൂള്‍ സംബന്ധമായ എല്ലാ വസ്തുക്കളും അവിടെ നിന്ന് കിട്ടും. ജൂണ്‍-ജൂലൈ മാസങ്ങള്‍ തിരക്കോട് തിരക്കാണ് ആ കടയില്‍. കരിവെള്ളൂര്‍ പ്രദേശത്തുള്ള എല്ലാ സ്‌കൂളില്‍ നിന്നും പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റുമായി കുട്ടികളോ രക്ഷിതാക്കളോ വരും. ചിലപ്പോള്‍ […]

1980 വരെ കരിവെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുമ്പില്‍ ഒരു ചെറിയ സ്റ്റേഷനറി കട ഉണ്ടായിരുന്നു. വളരെ മനോഹരമായാണ് കട സംവിധാനം ചെയ്തു വെച്ചിട്ടുള്ളത്. കടയുടെ മുമ്പില്‍ ചെറിയൊരു വരാന്ത. അവിടെ ചെറിയൊരു മേശ. തൊട്ടടുത്ത് ഒരു സ്റ്റൂളും. മിഠായിയും സ്‌കൂള്‍ സംബന്ധമായ എല്ലാ വസ്തുക്കളും അവിടെ നിന്ന് കിട്ടും. ജൂണ്‍-ജൂലൈ മാസങ്ങള്‍ തിരക്കോട് തിരക്കാണ് ആ കടയില്‍. കരിവെള്ളൂര്‍ പ്രദേശത്തുള്ള എല്ലാ സ്‌കൂളില്‍ നിന്നും പഠനോപകരണങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റുമായി കുട്ടികളോ രക്ഷിതാക്കളോ വരും. ചിലപ്പോള്‍ ഇവരുടെ നീണ്ട ക്യൂ കാണാം. അക്കാലത്ത് ആ കടയില്‍ മാത്രമേ എല്ലാ സ്‌കൂള്‍ സാധനങ്ങളും കിട്ടുമായിരുന്നുള്ളൂ. ഇതിന്റെ മുതലാളി അബൂബക്കര്‍ എന്ന് പറയുന്ന നീണ്ട മെലിഞ്ഞ വ്യക്തിയാണ്. കാര്യങ്ങളെല്ലാം ധൃതി പിടിച്ചാണ് അദ്ദേഹം ചെയ്യുക. ലിസ്റ്റ് വാങ്ങി വെച്ച് ഓരോ ഐറ്റവും കൃത്യമായി എടുത്തുവെച്ച് അതേ ലിസ്റ്റില്‍ തന്നെ വില കുറിച്ചിടും. വളരെ പെട്ടെന്ന് കണക്കുകൂട്ടി തുക എത്രയാണെന്ന് വിളിച്ചു പറയും. അദ്ദേഹത്തിന്റെ കച്ചവട സ്റ്റൈലും സംസാര രീതിയും പെടപെടപ്പും കാണേണ്ടത് തന്നെയാണ്. ആരെയും വെറുപ്പിക്കാതെ വളരെ സ്വച്ഛന്ദമായി ചിരി പാസാക്കി കസ്റ്റമേഴ്‌സിനെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ആ കടക്കു മുന്നില്‍ വലിയ ഒരു മാവുണ്ടായിരുന്നു. കുട്ടികളൊക്കെ ആ മാവിന്റെ നിഴലില്‍ കൂടി നില്‍ക്കും. ഓരോ ആവശ്യത്തിനായി പ്രസ്തുത കടയിലേക്ക് കുട്ടികള്‍ ഓടി വരും. റബ്ബര്‍, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പേന, തുടങ്ങി സര്‍വ്വവിധ സാധനങ്ങളും ആ കടയില്‍ നിന്ന് ലഭ്യമാകും. അധികമൊന്നും വിദ്യാഭ്യാസമില്ലെങ്കിലും കണക്കെഴുതാനും കാര്യങ്ങള്‍ കുറിച്ചുവെക്കാനും കടയുടമക്ക് അസാമാന്യ കഴിവുണ്ട്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കുട്ടികള്‍ക്ക് ചില പ്രത്യേക പേരും നല്‍കാറുണ്ട്. എന്നെ 'പാക്കത്തോറ്' എന്നാണ് വിളിക്കുക. അന്ന് എന്നെ കാണാന്‍ ഒരു നമ്പൂതിരി സ്റ്റൈല്‍ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയാറ്. കടയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ മരുമകനായ കാസിം എന്ന കുട്ടിയും ഉണ്ടായിരുന്നു. അവനും മെലിഞ്ഞ നീളമുള്ള കുട്ടിയാണ്. ആ കടക്ക് പുറത്തുള്ള മേശക്കും സ്റ്റൂളിനും യോജിക്കുന്ന വ്യക്തി.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ആ കട പൂട്ടേണ്ടി വന്നു. വിവാഹിതനായി ജീവിച്ചു വരുമ്പോള്‍ വരുമാനമാര്‍ഗം തികയാത്ത അവസ്ഥ വന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു പിന്നീടുള്ള ജീവിതം. ഒരു ആണ്‍കുട്ടിയാണ് അദ്ദേഹത്തിന് ആദ്യം ജനിച്ചത്. സൈനുദ്ദീന്‍ എന്നാണ് ആ കൊച്ചിന്റെ പേര്. അവന് രണ്ടോ മൂന്നോ വയസ്സായി കാണും. ഒരു ഉച്ച സമയത്ത് അവന്‍ തനിച്ചു പാറപ്പുറത്ത് പുല്ലില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു മൂര്‍ഖന്‍ പാമ്പ് അവന്റെ കാലില്‍ കൊത്തി. കരഞ്ഞുകൊണ്ട് അവന്‍ വീട്ടിലേക്കോടി. മണിക്കൂറുകള്‍ക്കകം അവന്‍ പിടഞ്ഞു മരിച്ചു. അത് അവ്വക്കറിച്ചാക്ക് ഒരു ആഘാതമായി.
ഒരു ആണ്‍ തരിയെ മോഹിച്ച അദ്ദേഹത്തിന് പിന്നീട് ലഭിച്ചത് നാല് പെണ്‍മക്കളെയാണ്. നാട്ടുകാര്‍ക്കൊക്കെ ഉപകാരം ചെയ്യുന്ന വ്യക്തിയാണ് അവ്വക്കര്‍. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ആരോടും കടം പറഞ്ഞ് വാങ്ങുന്ന ഏര്‍പ്പാടില്ല. സ്വന്തം കഠിനാധ്വാനം ചെയ്താണ് നാലു മക്കളെയും വളര്‍ത്തിയത്. അക്കാലത്ത് പഞ്ചസാരക്ക് കൂടിയ വിലയാണ് ഉണ്ടായത്. ചില വീടുകളില്‍ ചെന്ന് റേഷന്‍ കാര്‍ഡ് ശേഖരിച്ച് റേഷന്‍കടയില്‍ നിന്ന് പഞ്ചസാര വാങ്ങിക്കൊണ്ടുവരും. അങ്ങനെ വാങ്ങിയ പഞ്ചസാര ഹോട്ടലുകളിലും കടകളിലും നല്‍കും. അതുകൊണ്ട് അദ്ദേഹം അറിയപ്പെട്ടത് പഞ്ചാര അബൂബക്കര്‍ എന്നാണ്. അതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ടാണ് അന്നന്ന് ജീവിച്ചു പോന്നത്. അരിക്ഷാമം ഉണ്ടായ കാലത്ത് നെല്ല് വാങ്ങിക്കൊണ്ടുവന്ന് പുഴുങ്ങി ഉണക്കി മില്ലില്‍ കൊണ്ടുപോയി അരിയാക്കി കൊണ്ടുവരും. അതും തലച്ചുമടായി കൊണ്ടുപോയി കടകളിലും മറ്റും വില്‍പ്പന നടത്തും. എന്നും അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും. എവിടെയായിരുന്നാലും ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തും. വീണ്ടും യാത്ര തുടരും. പിന്നീട് രാത്രിക്കേ വീടണയൂ.
ഇത്തരം യാത്രകളില്‍ ചില വീടുകളില്‍ കാണുന്ന കൗതുക വസ്തുക്കള്‍ കച്ചവടമാക്കും. അദ്ദേഹത്തിന് ഇഷ്ടം ചെറിയ വസ്തുക്കള്‍ വാങ്ങുന്നതിനാണ്.
ചെറിയ മേശ, ചെറിയ കട്ടില്‍, ചെറിയ കസേര തുടങ്ങിയവയിലാണ് അദ്ദേഹത്തിന് കൗതുകം. അതൊക്കെ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിക്കും. കൂടുതല്‍ വില കിട്ടിയാല്‍ ആവശ്യക്കാര്‍ക്ക് കൊടുക്കും. മുട്ടോളം എത്തുന്ന അണ്ടര്‍വെയര്‍ ആണ് അദ്ദേഹം ധരിക്കുക. അതും ചുവപ്പ് കട്ടിയുള്ള കളര്‍ ആണ്. അതിന്റെ പോക്കറ്റിലാണ് കാശും മറ്റും സൂക്ഷിക്കുക.
നാലു പെണ്‍മക്കളെയും വളര്‍ത്തിയെടുക്കാന്‍ അവ്വക്കറിച്ചാക്ക പെടാപാടുപെട്ടു. താമസിക്കുന്ന വീടും വളരെ ചെറിയതായിരുന്നു. എന്തോ അദ്ദേഹത്തിന് ചെറിയതിനോടാണ് താല്‍പര്യം. എല്ലാം വൃത്തിയും വെടിപ്പുമുള്ളതും മനോഹരവുമായിരിക്കണം എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. എന്ത് ഇല്ലായ്മയിലും പാവപ്പെട്ടവരോടും രോഗികളോടും കരുണ കാണിച്ച് സഹായിക്കുന്ന മനസ്സുള്ള വ്യക്തിയാണ്. മൂത്ത മകള്‍ നേഴ്‌സ് ആണ്. മറ്റ് മൂന്ന് പെണ്‍മക്കളും അധ്യാപികമാരാണ്. മക്കളുടെ മക്കളെല്ലാം ഉന്നത വിദ്യാഭ്യാസം നേടി കഴിഞ്ഞു. മൂന്ന് കൊച്ചുമക്കള്‍ ഡോക്ടര്‍മാരാണ്. ഒരാള്‍ കോളേജ് അധ്യാപികയാണ്. കൊച്ചുമക്കളായ ആണ്‍കുട്ടികള്‍ ഗള്‍ഫില്‍ മോശമല്ലാത്ത ജോലി ചെയ്യുന്നു.
എല്ലാംകൊണ്ടും സാമ്പത്തികമായി ഉന്നതി പ്രാപിച്ച കുടുംബമായി മാറി ആ കുടുംബം ഇന്ന്. പക്ഷേ അത് കാണാനും ആസ്വദിക്കാനും കാത്തു നില്‍ക്കാതെ അധ്വാനിയായ ആ വലിയ നല്ല മനുഷ്യന്‍ ലോകത്തോട് വിടപറഞ്ഞു.


-കൂക്കാനം റഹ്മാന്‍

Related Articles
Next Story
Share it