അബ്ദുല്‍ ഖാദര്‍ എന്ന തണല്‍ മരം

മംഗളുരു ഒമേഗ ആസ്പത്രിയില്‍ വെച്ച് ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ ഖാദര്‍ എന്ന അന്ത്കായിച്ചയുടെ മരണം നേരില്‍ കാണേണ്ടി വന്ന ഞെട്ടലിലാണ് ഞാനിപ്പോഴും. അതെന്നെ തളര്‍ത്തിയിരിക്കുകയാണ്. നാടിനും നാട്ടാര്‍ക്കും വേണ്ടി, മനസ് കൊണ്ടും ധനം കൊണ്ടും ഒരുപാട് സഹായങ്ങള്‍ എത്തിച്ച വ്യക്തിത്വത്തിനുടമയായത് കൊണ്ട് കൂടിയാവും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പോലും ആ വിയോഗത്തില്‍ ദുഃഖിക്കുന്നത്. ഇമാം ശാഫി അക്കാദമിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ വിയര്‍പ്പ് ഒരുപാടുണ്ട്. ആ സ്ഥാപനത്തിന്റെ നെടും തൂണായിരുന്നു അദ്ദേഹം. നാട്ടിലായിരിക്കുമ്പോഴെല്ലാം ഖാസിം ഉസ്താദിന്റെ മരണം വരെ […]

മംഗളുരു ഒമേഗ ആസ്പത്രിയില്‍ വെച്ച് ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്‍ ഖാദര്‍ എന്ന അന്ത്കായിച്ചയുടെ മരണം നേരില്‍ കാണേണ്ടി വന്ന ഞെട്ടലിലാണ് ഞാനിപ്പോഴും. അതെന്നെ തളര്‍ത്തിയിരിക്കുകയാണ്. നാടിനും നാട്ടാര്‍ക്കും വേണ്ടി, മനസ് കൊണ്ടും ധനം കൊണ്ടും ഒരുപാട് സഹായങ്ങള്‍ എത്തിച്ച വ്യക്തിത്വത്തിനുടമയായത് കൊണ്ട് കൂടിയാവും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പോലും ആ വിയോഗത്തില്‍ ദുഃഖിക്കുന്നത്. ഇമാം ശാഫി അക്കാദമിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ വിയര്‍പ്പ് ഒരുപാടുണ്ട്. ആ സ്ഥാപനത്തിന്റെ നെടും തൂണായിരുന്നു അദ്ദേഹം. നാട്ടിലായിരിക്കുമ്പോഴെല്ലാം ഖാസിം ഉസ്താദിന്റെ മരണം വരെ അദ്ദേഹം ഇമാം ഷാഫി അക്കാദമിയില്‍ ഉസ്താദിന്റെ നിഴലായി പ്രവര്‍ത്തിച്ചു.
ജീവിതത്തില്‍ അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു. അതിനിടയിലും മറ്റുള്ളവരുടെ കണ്ണീര്‍ തുടക്കാന്‍ സമയം കണ്ടെത്തി എന്നത് ആ സമര്‍പ്പണജീവിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. അവസാനത്തെ രണ്ടു മൂന്നു മാസക്കാലം അസുഖം കാരണം ഏറെ അവശനായിരിക്കുമ്പോഴും അദ്ദേഹം തന്റെ സേവന പ്രവൃത്തി മണ്ഡലത്തില്‍ നിന്നും പിന്തിരിഞ്ഞിരുന്നില്ല. ആരെയും അറിയിക്കാതെയാണ് അത് ചെയ്തു പോന്നതും. ഖാദര്‍ച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് തന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്തിയിരുന്നത്.
ജീവിതത്തിലുടനീളം സൗമ്യമായ പെരുമാറ്റം കൊണ്ട് അദ്ദേഹം കണ്ടു മുട്ടുന്നവരെയെല്ലാം ആകര്‍ഷിച്ചു. ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും അദ്ദേഹത്തെ അറിയുന്നവരെയും ഏറെ സ്‌നേഹിച്ചു. അവരെയെല്ലാം ദുഖത്തിലാഴ്ത്തിയാണ് ഖാദര്‍ച്ച കടന്നു പോയത്. തന്റെ ജീവിത വഴിയില്‍ ഏറെ സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇന്ന് പലരും ചെയ്യുന്നത് പോലെ അതെല്ലാം കൂട്ടി വെച്ച് ഇനിയും അധികരിപ്പിക്കാമെന്നതിനു പകരം അഗതികളെയും സാധുക്കളെയും കൈ പിടിച്ചുയര്‍ത്താന്‍ വേണ്ടിയായിരുന്നു ഏറെയും ചിലവഴിച്ചത്.
സഹായിക്കുന്നത് കൊട്ടിഘോഷിക്കപ്പെടാതെ രഹസ്യമായി ചെയ്യാന്‍ ശ്രമിച്ചു. ഒരുപാട് കുടുംബങ്ങളെ അനാഥരാക്കിയാണ് ആ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കടന്ന് പോയത്. കാദര്‍ച്ചയുടെ വിയോഗം താങ്ങാനാവാതെ പലരുമുണ്ട്. നിശബ്ദമായി വേദന കടിച്ചിറക്കിക്കൊണ്ട് ജീവിക്കുന്നവര്‍. അവര്‍ക്കൊന്നും അത് വെളിപ്പെടുത്താനാവുന്നില്ല. കാരണം അവരെ സഹായിച്ചതൊക്കെ അതി രഹസ്യമായി ആയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം വിശാലവും പ്രകാശപൂരിതവുമാക്കട്ടെ. അദ്ദേഹത്തിന് സ്വര്‍ഗം പ്രതിഫലമായി നല്‍കുമാറാകട്ടെ.. ആമീന്‍...


-ഹമീദ്, മെഡിക്ക മെഡിക്കല്‍സ്

Related Articles
Next Story
Share it