എണ്‍പതുകളില്‍ മംഗലാപുരത്തെ പ്രശസ്ത വസ്ത്രവ്യാപാര സ്ഥാപന ഗ്രൂപ്പായിരുന്ന കാസര്‍കോട് ടെക്സ്റ്റൈയില്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലത്താണ് ഹക്കിച്ചയെ പരിചയപ്പെടുന്നത്. സ്ഥാപനത്തിന്റെ ഉടമകളായ സഹോദരന്മാരില് മൂത്ത സഹോദരനായിരുന്ന കെ.എസ്. അബ്ദുല്ല കുഞ്ഞി ഹാജിയുടെ മൂത്ത മകളുടെ ഭര്‍ത്താവായിരുന്ന ഹക്കിച്ചക്ക് ഹോള്‍സെയില്‍ വിഭാഗത്തിന്റെ ചുമതലയായിരുന്നു. ഇവരെല്ലാവരും സ്വന്തം സഹോദരന് തുല്യമായ പരിഗണനയാണ് എനിക്ക് അവിടെ നല്‍കിയിരുന്നത്. മിതഭാഷിയും സൗമ്യനുമായിരുന്ന ഹക്കിച്ചയെ എനിക്കേറെ ഇഷ്ടമായിരുന്നു. തന്റെ നടത്തം പോലെ തന്നെ എല്ലാം ധൃതി പിടിച്ച് ചെയ്ത് തീര്‍ക്കുന്ന ഒരാള്‍. പിന്നീട് 1984ല്‍ എന്റെ പ്രവാസ ജീവിതത്തിന് ജിദ്ദയില്‍ ആരംഭം കുറിച്ചെങ്കിലും ഇടക്കുള്ള അവധി നാളുകളില്‍ നഗരത്തിലെ പള്ളികളില്‍ വെച്ചാണ് ഹക്കിച്ചയെ കണ്ടുമുട്ടാറുണ്ടായിരുന്നത്. ആ സൗമ്യതക്കും ലാളിത്യത്തിനും ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു; ഇയാള്‍ എന്തൊരു മനുഷ്യനാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹജ്ജ് വേളയില്‍ അവധിയെടുത്ത് ഞാനും ഭാര്യയും വിശുദ്ധ മക്കയില്‍ ഹാജിമാര്‍ക്കിടയില്‍ വളണ്ടിയര്‍ സേവനം നടത്തുന്ന അവസരത്തില്‍ ഇന്ത്യന്‍ ഹാജിമാരുടെ താമസസ്ഥലത്തെ ഒരു മുറി ചുണ്ടിക്കാട്ടി ഭാര്യ പറഞ്ഞു. ഇവിടെ നിങ്ങളുടെ ഉമ്മയുടെ അതേ മുഖച്ഛായയുള്ള ഒരുമ്മയെ ഞാന്‍ കാണാറുണ്ട്. എനിക്കവരെയൊന്ന് പരിചയപ്പെട്ടണം, സംസാരിക്കണം
ഞങ്ങള്‍ അകത്ത് കയറി. അത്ഭുതമെന്ന് പറയട്ടെ, പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തിയ ഹക്കിച്ചയും ഭാര്യയുമായിരുന്നു ആ മുറിയില്‍. കെട്ടിപ്പിടിച്ചും കവിളില്‍ ഉമ്മ വെച്ചും ഹക്കിച്ച പുണ്യഭൂമിയില്‍ വെച്ച് എന്നെ കണ്ട സന്തോഷം പങ്കുവെച്ചു.
എന്തേ ഹക്കീച്ച എന്നെ ഒന്ന് അറീയിക്കാതെ വന്നെ? എന്ന എന്റെ ചോദ്യത്തിന് ഇവിടെ നീ എങ്ങനെയെങ്കിലും എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നായിരുന്നു ഹക്കിച്ചയുടെ മറുപടി. പിന്നീട് ഹജ്ജ് കഴിയുന്നത് വരെ അധികവും ഒന്നിച്ചായിരുന്നു ഞങ്ങളുടെ ഭാര്യമാരുടെ മക്കയിലെ യാത്രകള്‍.
പിന്നീട് പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ വീണ്ടും ഹക്കിച്ച എന്നും എന്നോടൊപ്പമുണ്ട്. ഫജ്ര്‍ നമസ്കാരത്തിന് നഗരത്തിലെ കണ്ണാടിപ്പള്ളിയില്‍ ഹക്കിച്ച മുടങ്ങാതെ എത്തും. നമസ്കാര ശേഷം പള്ളിമുറ്റത്ത് ഒരു കുശലം പറച്ചില്. പിന്നെ നിഷ്കളങ്കമായ ഒരു ചിരി. നിസ്കാര ശേഷം നഗരത്തിലെ ഫുട്വെയര് വ്യപാരിയും തന്റെ അയല്‍ക്കാരനും സുഹൃത്തുമായ യുണൈറ്റഡ് ഹമീദിനൊടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടക്കം.
ഇടക്ക് ഉത്തരദേശം ഓഫീസിലേക്ക് ധൃതി പിടിച്ച് കയറി വരും. കൈയില്‍ ചെറിയൊരു തുണ്ട് പേപ്പറുണ്ടാകും. റഹീം ഇതൊന്ന് നാളെ പ്രസിദ്ധീകരിക്കണം. നഗരത്തിലെ തന്റെ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ അവശ്യമുണ്ടെന്ന പരസ്യമായിരിക്കും അധികവും. ഹക്കിച്ച പൊയ്ക്കൊ ബില്ല് പിന്നീട് എത്തിച്ചു തരാമെന്ന് പറഞ്ഞാല്‍ കാശ് തരാതെ പോകില്ല.
കുറച്ച് ദിവസം മുമ്പ് ഓഫീസില്‍ കയറി വന്ന് കാസര്‍കോടിന്റെ പഴയകാല മനുഷ്യ സൗഹൃദ ചരിത്രങ്ങള്‍ എഴുതാന്‍ ശ്രമിക്കണമെന്നും മതങ്ങളില്ലാതെ മനുഷ്യരായി ജീവിച്ച കുറെ നല്ല മനുഷ്യരുടെ ചരിത്രം ഞാന്‍ പറഞ്ഞു തരാമെന്നും ഹക്കിച്ച പറയുകയുണ്ടായി. ആ ചരിത്രങ്ങള്‍ പോലും പകര്‍ത്താന്‍ അവസരം തരാതെ ഹക്കിച്ച യാത്രയായി. മൂന്ന് ദിവസം മുമ്പ് പോലും കണ്ണാടിപ്പള്ളിയുടെ മുറ്റത്ത് വെച്ച് ചുരുങ്ങിയ സമയം ഏറെ കാര്യങ്ങള്‍ പങ്ക് വെച്ചിരുന്നു.
പല പ്രതിസന്ധികളും തളരാതെ ജീവിതം ധൃതി പിടിച്ച് ഏറെ മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ഹക്കിച്ച മരണത്തിലേക്കും ഏറെ ധൃതി പിടിച്ചാണ് നടന്നു നീങ്ങിയത്.
കണ്ണാടിപ്പള്ളിയിലെ താങ്കളുടെ ഏറെ ഇഷ്ടപ്പെട്ട ഇടമായ ആദ്യ വരിയിലെ ഇടതുവശത്തെ അവസാന ഇടം ഇനി ശൂന്യമായി കാണേണ്ടി വരുമല്ലൊ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നോവ്. ഇത്രയും പെട്ടന്ന് ജീവിച്ചു തീര്‍ക്കാനായിരുന്നോ ഹക്കിച്ച ധൃതി പിടിച്ചുള്ള ഈ ഓട്ടം. ഇനി പ്രാര്‍ത്ഥന മാത്രം. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് നിറഞ്ഞു നിന്ന പ്രാര്‍ത്ഥനകള്‍ ഹക്കിച്ചയുടെ പരലോക വിജയത്തിന് കാരണമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ…
-റഹീം ചൂരി