ചരിത്രത്തോടൊപ്പം നടന്ന എ.എംച്ചയും യാത്രയായി...
രണ്ടാഴ്ചമുമ്പ് ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണിത്. പ്രായമായവരെ കാണുമ്പോള്‍ ഫോട്ടോ പകര്‍ത്തുന്ന ഒരു ശീലം അടുത്തിടെയായി എന്നെ പിടികൂടിയിട്ടുണ്ട്. കൊല്ലങ്കാനത്തെ ട്രിബോണ്‍ റിസോര്‍ട്ടില്‍ പേരമകന്റെ (മകന്‍ മന്‍സൂറിന്റെ മകന്‍) നിക്കാഹ് കഴിഞ്ഞ് കവാടത്തിന് സമീപം ഇരിക്കുകയായിരുന്നു തളങ്കര ഗസാലി നഗറിലെ എ.എംച്ച എന്ന എ.എം മുഹമ്മദ്കുഞ്ഞി ഹാജി. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് തിരക്കുകയും പിന്നാലെ 'എനിക്ക് പിടികിട്ടി' എന്ന അര്‍ത്ഥത്തില്‍ ചിരിക്കുകയും ചെയ്തു അദ്ദേഹം.ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ സീനിയര്‍ മെമ്പര്‍ എന്ന നിലയിലാണ് എ.എംച്ചയെ പരിചയപ്പെടുന്നതും […]
രണ്ടാഴ്ചമുമ്പ് ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണിത്. പ്രായമായവരെ കാണുമ്പോള്‍ ഫോട്ടോ പകര്‍ത്തുന്ന ഒരു ശീലം അടുത്തിടെയായി എന്നെ പിടികൂടിയിട്ടുണ്ട്. കൊല്ലങ്കാനത്തെ ട്രിബോണ്‍ റിസോര്‍ട്ടില്‍ പേരമകന്റെ (മകന്‍ മന്‍സൂറിന്റെ മകന്‍) നിക്കാഹ് കഴിഞ്ഞ് കവാടത്തിന് സമീപം ഇരിക്കുകയായിരുന്നു തളങ്കര ഗസാലി നഗറിലെ എ.എംച്ച എന്ന എ.എം മുഹമ്മദ്കുഞ്ഞി ഹാജി. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് തിരക്കുകയും പിന്നാലെ 'എനിക്ക് പിടികിട്ടി' എന്ന അര്‍ത്ഥത്തില്‍ ചിരിക്കുകയും ചെയ്തു അദ്ദേഹം.ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ സീനിയര്‍ മെമ്പര്‍ എന്ന നിലയിലാണ് എ.എംച്ചയെ പരിചയപ്പെടുന്നതും […]

രണ്ടാഴ്ചമുമ്പ് ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണിത്. പ്രായമായവരെ കാണുമ്പോള്‍ ഫോട്ടോ പകര്‍ത്തുന്ന ഒരു ശീലം അടുത്തിടെയായി എന്നെ പിടികൂടിയിട്ടുണ്ട്. കൊല്ലങ്കാനത്തെ ട്രിബോണ്‍ റിസോര്‍ട്ടില്‍ പേരമകന്റെ (മകന്‍ മന്‍സൂറിന്റെ മകന്‍) നിക്കാഹ് കഴിഞ്ഞ് കവാടത്തിന് സമീപം ഇരിക്കുകയായിരുന്നു തളങ്കര ഗസാലി നഗറിലെ എ.എംച്ച എന്ന എ.എം മുഹമ്മദ്കുഞ്ഞി ഹാജി. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് തിരക്കുകയും പിന്നാലെ 'എനിക്ക് പിടികിട്ടി' എന്ന അര്‍ത്ഥത്തില്‍ ചിരിക്കുകയും ചെയ്തു അദ്ദേഹം.
ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ സീനിയര്‍ മെമ്പര്‍ എന്ന നിലയിലാണ് എ.എംച്ചയെ പരിചയപ്പെടുന്നതും അദ്ദേഹവുമായി അടുക്കുന്നതും. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളും ഉപദേശങ്ങളും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. മൃദുവായി, പതുക്കെ മാത്രമെ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. കേള്‍ക്കണമെങ്കില്‍ കാത് കൂര്‍പ്പിച്ച് നില്‍ക്കണം. ഒച്ചവെച്ച് എവിടേയും സംസാരിക്കുന്നത് കേട്ടിട്ടില്ല. ദഖീറത്തിന്റെ ചരിത്രം തിരയുമ്പോഴൊക്കെ പലപ്പോഴും ഞാന്‍ എ.എംച്ചയുടെ അരികില്‍ ചെന്നിരിക്കും. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് വല്ലാത്ത തെളിച്ചമായിരുന്നു.
ഏതാണ്ട് അരനൂറ്റാണ്ടോളം കാലം മുംബൈയിലായിരുന്നു അദ്ദേഹം. ദീര്‍ഘകാലം അവിടെ ഒരു ടീ ഷര്‍ട്ട് കമ്പനി നടത്തിയിരുന്നു. അപ്പോഴും സാമൂഹ്യ, കാരുണ്യ സേവന രംഗങ്ങളില്‍ സജീവമായിരുന്നു. ഡോംഗ്രിയിലെ താമസസ്ഥലത്ത് നിന്ന് ഗ്രാന്റ് റോഡിലെ ഫാക്ടറിയിലേക്ക് എന്നും നടന്നുചെല്ലാറുള്ള എ.എംച്ച ശരീരം ഇങ്ങനെ 'ശോഷിപ്പിച്ച്' സൂക്ഷിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ജീവിത്തില്‍ നല്ല ചിട്ടയും കൃത്യതയും പാലിച്ച വ്യക്തിത്വം. മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെയും മുംബൈ തളങ്കര മുസ്ലിം ജമാഅത്തിന്റെയും നേതൃനിരയില്‍ നിന്നുകൊണ്ട് മുംബൈയിലുള്ള നാട്ടുകാര്‍ക്കും നാട്ടിലെ അശരണര്‍ക്കും വേണ്ടി അദ്ദേഹം ആത്മമാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനമാനങ്ങളെ അലങ്കാരമായി കാണാതെ അപരന് അത് എത്രമാത്രം പ്രയോജനപ്പെടുത്താമെന്ന് ചിന്തിച്ച ഒരാളായിരുന്നു അദ്ദേഹം. മുംബൈയുടെ ചരിത്രത്തിനൊപ്പം നടന്ന ഒരാളെന്ന് കൂടി എ.എംച്ചയെ വിശേഷിപ്പിക്കാന്‍ കഴിയും.
ഗള്‍ഫ് മോഹത്തിന് മുമ്പേ മുംബൈയായിരുന്നു കാസര്‍കോടുകാരുടെ പറുദീസ. ഒരു കാലത്ത് മുംബൈയിലേക്ക് കാസര്‍കോട്ട് നിന്ന് വലിയ കുത്തൊഴുക്കായിരുന്നു. അവിടെ ബിസിനസ് രംഗത്തും സാമൂഹ്യ രംഗത്തും നിറഞ്ഞ് നിന്ന കാസര്‍കോട് സ്വദേശികള്‍ ഏറെയാണ്. ഉപജീവനത്തിന് മുംബൈ നഗരത്തെ തിരഞ്ഞെടുക്കുമ്പോഴും നാടിന്റെ വിഷമങ്ങള്‍ അകറ്റാന്‍ വേണ്ടി പ്രവര്‍ത്തിച്ച ഒരുപാട് കാസര്‍കോടുകാരുടെ പേര് കണ്ടെത്താന്‍ പറ്റും. എ.എംച്ചയും മുംബൈയുടെ സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്ന ഒരാളിയാരുന്നു.
അദ്ദേഹത്തിന് ഒരു മകനും അഞ്ച് പെണ്‍മക്കളുമാണ്. ഏക മകന്‍ മന്‍സൂറിനെ മികച്ച വിദ്യഭ്യാസം നല്‍കി ഉന്നത നിലയിലെത്തിക്കണമെന്ന സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി കാണിച്ചു. നന്നെ ചെറുപ്പത്തില്‍ തന്നെ മന്‍സൂറിനെ മുംബൈയില്‍ കൊണ്ടുപോയി അവിടത്തെ സ്‌കൂളില്‍ ചേര്‍ത്താണ് പഠിപ്പിച്ചത്. വാപ്പയുടെ സ്വപ്‌നം തിരിച്ചറിഞ്ഞ മന്‍സൂര്‍ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനമായ പ്രയത്‌നങ്ങള്‍ നടത്തുകയും പരീക്ഷകളൊക്കെ മികച്ച രീതിയില്‍ വിജയിക്കുകയും ചെയ്തു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആവാനായിരുന്നു മന്‍സൂറിന് ആഗ്രഹം. അത് എളുപ്പമല്ലെന്നും കഠിനമായ പരിശ്രമം ആവശ്യമാണെന്നും പറഞ്ഞ് ചിലരെങ്കിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എ.എംച്ച മകന്റെ ആഗ്രഹത്തെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കാലത്ത് കാസര്‍കോട് ഭാഗത്ത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പാസായവര്‍ വളരെ വിരളമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ തന്നെ മന്‍സൂര്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍ ഏറെ സന്തോഷിച്ചതും വിജയശ്രീലാളിതനായതും എ.എംച്ചയാണ്.
തളങ്കരയിലെ ആദ്യത്തെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബിരുദധാരിയായ മന്‍സൂറിന് ഖത്തറിലെ ഏറ്റവും പ്രശസ്തമായ ക്യൂടെല്‍ കമ്പനിയില്‍ ഉദ്യോഗം ലഭിക്കുകയും ചെയ്തു. ഇപ്പോഴും പലരും മികച്ച നിലയില്‍ പഠിക്കണമെന്ന് പറഞ്ഞ് മക്കള്‍ക്ക് റോള്‍ മോഡലായി ചൂണ്ടിക്കാട്ടുന്നത് മന്‍സൂറിനെയാണ്. എ.എംച്ചയുടെ മകള്‍ ജുബൈരിയ അധ്യാപികയായതും മികച്ച നേട്ടം കൊയ്താണ്. ജുബൈരിയയെ തളങ്കര ദഖീറത്ത് സ്‌കൂള്‍ ആദരിച്ച ചടങ്ങിന് വലിയ ആഹ്ലാദത്തോടെയാണ് എ.എംച്ച സാക്ഷിയായത്.
എല്ലാ കാര്യങ്ങളിലും കൃത്യ നിഷ്ഠയും, എളിമയാര്‍ന്ന പെരുമാറ്റവും എ.എംച്ചയുടെ ഒരു പ്രത്യേകതയാണ്.
ചലിക്കുന്ന ഒരു ചരിത്രപുരുഷനായാണ് അദ്ദേഹത്തെ തളങ്കര കണ്ടിരുന്നത്. തളങ്കര ഗസ്സാലി നഗറിലും നുസ്രത്ത് നഗര്‍ ജംഗ്ഷനിലും വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനില്‍ക്കുന്ന എ.എംച്ചയെ പതിവായി കാണുമായിരുന്നു.
ഗസ്സാലി നഗര്‍ പള്ളിയുടെ പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴിലുള്ള തളങ്കര മാലിക്ദീനാര്‍ യതിംഖാനയുടെ മുതിര്‍ന്ന അംഗമെന്ന നിലയില്‍, ഒരു വര്‍ഷം മുമ്പ് സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ വേളയില്‍ അദ്ദേഹത്തെ, മന്ത്രി അഹമദ് ദേവര്‍കോവില്‍ ആദരിച്ചിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തെ സംബന്ധിച്ചിടത്തോളം വഴികാട്ടിയായി നിന്നിരുന്ന ഒരു പ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നത്.
85-ാം വയസിലും സജീവമായ സാന്നിധ്യമായിരുന്നു തളങ്കരയ്ക്ക് അദ്ദേഹം. ബാങ്ക് വിളികേള്‍ക്കുമ്പോള്‍ ഗസ്സാലി പള്ളിയിലേക്ക് നടന്നുവരുന്ന എ.എംച്ചയെ ഇപ്പോഴും കണ്‍മുമ്പില്‍ കാണുന്നുണ്ട്. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

-ടി.എ ഷാഫി