കാസർകോട്: ആതുര സേവന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റിയ കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ നൂതന സംരംഭമായ മേയ്ത്ര കെയർ ക്ലിനിക്ക് കാസർകോട്ട് പ്രവർത്തനമാരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യം ചെറിയ നഗരങ്ങളിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മേയ്ത്ര ഗ്രൂപ്പ് വിഭാവനം ചെയ്ത കെയർ ക്ലിനിക്കിന്റെ ആദ്യത്തെ കേന്ദ്രമാണ് ചെമ്മനാട്ട് ആരംഭിച്ചത്.
മേയ്ത്ര കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, കെഫ് ഹോൾഡിങ്സ് ചെയർമാനും മേയ്ത്ര ഹോസ്പിറ്റൽ സ്ഥാപകനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ, മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. പി മോഹനകൃഷ്ണൻ, മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലി ഫൈസൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
“മേയ്ത്ര കെയർ നെറ്റ്വർക്കിലൂടെ, കാസർകോട്ടെ ജനങ്ങളിലേക്ക് ആരോഗ്യപരിരക്ഷ കൊണ്ടുവരുക മാത്രമല്ല; മറിച്ച് ആധുനിക ആരോഗ്യസംരക്ഷണ മാർഗങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ജനങ്ങളുടെ പരമ്പരാഗത കാഴ്ചപ്പാട് മാറ്റി മറിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ആരോഗ്യ സേവനങ്ങൾ വീടുകളിലേക്ക് എത്തിക്കാനും ഇതിലൂടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ പുതു മാതൃകകൾ സൃഷ്ടിക്കാനും ഞങ്ങൾ പ്രതിജ്ഞാബന്ധരാണ്. മേയ്ത്ര കെയർ ക്ലിനിക്കിലൂടെ കാസർഗോഡിന്റെ ആരോഗ്യമേഖലയെ വിപ്ലകരമായ രീതിയിലേക്ക് മാറ്റാനാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.” കെഫ് ഹോൾഡിങ്സ് ചെയർമാനും സ്ഥാപകനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ പറഞ്ഞു.
‘‘ആഗോള തലത്തിൽ ശാസ്ത്രത്തിനുണ്ടായ നേട്ടത്തെ ജനങ്ങളുടെ നന്മക്കും സമഗ്ര പുരോഗതിക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ഞങ്ങൾ. നിലവിൽ മലബാർ മേഖലയിലെ എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ മേഖലയെ പുനർനിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സംരംഭം യാഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രത്യേകിച്ചും കാസർഗോഡിലെ ആതുരസേവന രംഗത്തിന് പുതുകാഴ്ചപ്പാടുകളും തിരിച്ചറിവുകളും നൽകുമെന്ന് ഉറപ്പുണ്ട്’’ മേയ്ത്ര ഹോസ്പിറ്റൽ സിഇഒ ഡോ. പി. മോഹനകൃഷ്ണൻ പറഞ്ഞു.
മേയ്ത്ര കെയർ നെറ്റ്വർക്കിന് കീഴിലാണ് കേരളത്തിലെ ആദ്യ ടെലി- ഐ.സി.യു സംവിധാനം യാഥാർഥ്യമായത്. ടെലി ഐ.സി.യുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്ന നടപടികളിലാണ് മേയ്ത്ര. കൂടാതെ ആശുപത്രികളുമായും ഡോക്ടർമാരുമായും സഹകരിച്ച് ആതുരസേവനമേഖലയിൽ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലഭ്യത രണ്ടുവർഷത്തിനുള്ളിൽ കാസർകോട് ജില്ലയിൽ മാത്രമല്ല മലബാർ മേഖലയിലും വ്യാപിപ്പിക്കാനാണ് മേയ്ത്ര കെയർ നെറ്റ്വർക്ക് ലക്ഷ്യമിടുന്നത്.
മേയ്ത്രയുടെ ഈ ആരോഗ്യ കേന്ദ്രം കാസർഗോഡിലെ ആരോഗ്യസംരക്ഷണ മേഖലയ്ക്ക് മൂതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉപകരണ സഹായത്തോടുകൂടിയ മൾട്ടി സ്പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളും ത്രിത്രീയതല ആരോഗ്യസേവനങ്ങളും മേയ്ത്ര കെയർ ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്.
ഫാമിലി ഫിസിഷ്യൻമാരെ കൂടാതെ, ഹോം കെയർ സേവനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ്, അത്യാധുനിക ഫിസിയോതെറാപ്പി സജ്ജീകരണം, ലബോറട്ടറി, ന്യൂട്രിഷൻ & വെൽനെസ്സ്, ഫാർമസി എന്നീ സേവനങ്ങളും കെയർ ക്ലിനിക്കിൽ ലഭ്യമാണെന്ന് മേയ്ത്ര ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു.