കാസര്‍കോട്: തലേന്ന് രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയിലും പ്രവാചക സ്നേഹത്തിന്റെ ആവേശം വിളിച്ചോതുന്നതായി നാടെങ്ങും നടന്ന നബിദിന റാലികള്‍. ചിലയിടങ്ങളില്‍ മഴയെ തുടര്‍ന്ന് റാലികള്‍ മാറ്റിവെച്ചെങ്കിലും ഭൂരിഭാഗം കേന്ദ്രങ്ങളിലും മഴയത്തും ആവേശം ചോരാതെ റാലികള്‍ നടന്നു. ദഫ്മുട്ടിന്റെയും സ്കൗട്ടിന്റെയും അകമ്പടിയോടെ പ്രവാചക പ്രകീര്ത്തനങ്ങളോതി നടന്ന റാലികള്‍ കാണികളുടെ മനംകവരുന്നതായി.
വിവിധ പള്ളി, മദ്രസകളിലും സ്ഥാപനങ്ങളിലും മൗലീദ് പാരായണവും ചീരണി വിതരണവും നടന്നു.
വിവിധ പ്രദേശങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിനത്തോടനുബന്ധിച്ച് ചായ-കടി, ഭക്ഷണ സ്റ്റാളുകളും ഒരുക്കി. വിവിധ ഇടങ്ങളില്‍ ഭക്ഷണ പൊതി വിതരണം ചെയ്തു. മദ്രസകളില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാമത്സരങ്ങളും അരങ്ങേറി. വിവിധ മദ്രസകളില്‍ ഇനിയുള്ള ദിവസങ്ങളിലും മത്സരങ്ങള്‍ നടക്കും.
പുത്തിഗെ മുഹിമ്മാത്തിലെ വിദ്യാര്‍ത്ഥികള്‍ നബികീര്ത്തനാരവങ്ങളുമായി നടത്തിയ നബിദിന റാലി ആവേശം പകരുന്നതായി. മുഹിമ്മാത്ത് മഖാം സിയാറത്തോടെ ആരംഭിച്ച റാലിക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്കി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് അഹമദ് കബീര്‍ ജമലുല്ലൈലി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ ചൂരി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഫത്താഹ് സഅദി, ജമാല്‍ സഖാഫി പെര്‍വാഡ്, ഹസന് ഹിമമി, ഇബ്രാഹിം സഖാഫി തുപ്പക്കല്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, കബീര്‍ സഅദി റാലിക്ക് നേതൃത്വം നല്കി.
മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാമസ്ജിദില്‍ നടന്ന നബിദിനത്തോടനുബന്ധിച്ചുള്ള മൗലീദ് പാരായണത്തിന് പി.വി അബ്ദുല്‍ഹമീദ് മൗലവി, റിയാസ് അശാഫി, ശാഫി ദാരിമി, ബാവ ഉസ്താദ്, സാജിദ് സഖാഫി, സാലിം മൗലവി, അഫ്രാസ് എന്നിവര്‍ നേതൃത്വം നല്കി.
തളങ്കര റെയ്ഞ്ചിലെ വിവിധ മദ്രസ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രക്ക് ആസ്ക് തളങ്കരയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മധുരപലഹാര വിതരണത്തിന്റെ ഉദ്ഘാടനം മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി നിര്‍വഹിച്ചു. താജുദ്ദീന് എ.എച്ച്, നൗഷാദ്, നിസാര്‍, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളിപ്പുഴ നൂറുല്‍ ഇസ്ലാം മദ്രസയില്‍ മീലാദ് പരിപാടി സംഘടിപ്പിച്ചു. പള്ളിപ്പുഴ ചീഫ് ഇമാം അബ്ദുല്ല അസ്ഹരി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ സ്വാഗതം പറഞ്ഞു. സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര പ്രമേയ പ്രഭാഷണം നടത്തി.