മഹാമാരി കാലത്തെ മക്ക മാതൃക

ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ വന്നു ചേരാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ ഗേഹമാണ് മക്കയിലെ മസ്ജിദുല്‍ ഹറം. ഒരു ദിവസത്തില്‍ അഞ്ചുനേരം മുന്നിട്ടുനില്‍ക്കുന്ന വിശുദ്ധ ഗേഹത്തിലേക്ക് ഒരു വിശ്വാസിക്ക് നേരിട്ട് വരാന്‍ പറ്റിയില്ലെങ്കിലും ഒരുപാട് പ്രാവശ്യം ഓരോ വിശ്വാസിയും മനസ്സില്‍ യാത്ര ചെയ്തിട്ടുണ്ടാവും. കോവിഡ് മഹാമാരിക്ക് മുമ്പില്‍ മുമ്പൊന്നുമില്ലാത്ത വിധം ലോകം അടച്ചിട്ടപ്പോള്‍ കഴിഞ്ഞ റമദാനില്‍ ഈ തിരു ഗേഹവും വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. അതിനുശേഷം ലോകം കോവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ച കാലത്ത്, പുതിയ റമദാനില്‍ മക്ക വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു നിരവധി […]

ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ വന്നു ചേരാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ ഗേഹമാണ് മക്കയിലെ മസ്ജിദുല്‍ ഹറം. ഒരു ദിവസത്തില്‍ അഞ്ചുനേരം മുന്നിട്ടുനില്‍ക്കുന്ന വിശുദ്ധ ഗേഹത്തിലേക്ക് ഒരു വിശ്വാസിക്ക് നേരിട്ട് വരാന്‍ പറ്റിയില്ലെങ്കിലും ഒരുപാട് പ്രാവശ്യം ഓരോ വിശ്വാസിയും മനസ്സില്‍ യാത്ര ചെയ്തിട്ടുണ്ടാവും.
കോവിഡ് മഹാമാരിക്ക് മുമ്പില്‍ മുമ്പൊന്നുമില്ലാത്ത വിധം ലോകം അടച്ചിട്ടപ്പോള്‍ കഴിഞ്ഞ റമദാനില്‍ ഈ തിരു ഗേഹവും വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. അതിനുശേഷം ലോകം കോവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ച കാലത്ത്, പുതിയ റമദാനില്‍ മക്ക വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു നിരവധി നിബന്ധനകള്‍ക്ക് വിധേയമായി.
കോവിഡിനു വാക്‌സിന്‍ കണ്ടു പിടിക്കപ്പെട്ടതിനു ശേഷം ഏതെങ്കിലും ഒരു സ്ഥലത്ത് പ്രവേശിക്കണമെങ്കില്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിയമം ഉണ്ടാക്കപ്പെട്ടിട്ടുണ്ടങ്കില്‍ അതില്‍ ആദ്യത്തെ സ്ഥലം മസ്ജിദുല്‍ ഹറമായിരിക്കണം. മക്കയിലെ തിരക്ക് എന്നത് ആര്‍ക്കും പുതുമയുള്ള കാര്യമല്ല. തിക്കിതിരക്കിയാണ് സാധാരണ കഅ്ബ പ്രദക്ഷിണവും നമസ്‌കാരവുമൊക്കെ നടക്കാറുള്ളതെന്ന് ഒരിക്കലെങ്കിലും മക്കയില്‍ എത്തിയിട്ടുള്ളവര്‍ക്കറിയാം. അല്ലെങ്കില്‍ ലോകം മുഴുവനും സംപ്രേഷണം ചെയ്യപ്പെടുന്ന മക്കയിലെ കാഴ്ചകള്‍ കണ്ടിട്ടുള്ളവര്‍ക്കുമറിയാം.
കഴിഞ്ഞ റമദാന്‍ കഴിഞ്ഞു കിട്ടിയ ഒരു വര്‍ഷം അധികൃതര്‍ വളരെ വിദഗ്ധമായി ഉപയോഗിച്ചു എന്ന് പറയാം. ഇന്നിവിടെ കൃത്യമായ സാമൂഹിക അകലം പാലിക്കപ്പെടുന്നു. ഓരോ സന്ദര്‍ശകരും മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കപ്പെട്ടിട്ടുള്ള സമയത്തിനകത്ത് തിരക്കുകള്‍ ഒന്നുമില്ലാതെ വന്നു കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു തിരിച്ചു പോകുന്നു.
സൗദി അറേബ്യക്കകത്ത് നിന്നുള്ളവര്‍ക്ക് അതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് കുത്തിവെപ്പ് നടത്തി 14 ദിവസം പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. അതും റമദാനില്‍ ഒരു പ്രാവശ്യം മാത്രം.
ഐഡി നമ്പറുകളില്‍ ആ ഡാറ്റകള്‍ ശേഖരിച്ചു വെച്ചു യോഗ്യത നോക്കി അനുമതി ലഭിക്കും. ഹറമിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച സമയം കൃത്യമായി രേഖപ്പെടുത്തിയിരിക്കും.
സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഹറമിന് കിലോമീറ്ററുകള്‍ അപ്പുറത്തുള്ള നിശ്ചയിക്കപ്പെട്ട കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബസ് ഷട്ടില്‍ സര്‍വീസുകള്‍ ഉണ്ട്. ആ ബസ് സര്‍വ്വീസിലൂടെ തീര്‍ത്ഥാടകന് ഹറാമിന്റെ അണ്ടര്‍ഗ്രൗണ്ടില്‍ എത്തിച്ചേരാം അവിടെനിന്ന് എലിവേറ്ററിലൂടെ ഹറമിലേക്ക് പ്രവേശിക്കാം.
പ്രധാന കവാടത്തിനരികെ ബാര്‍ കോഡുകള്‍ ഉദ്യോഗസ്ഥര്‍ സ്‌കാന്‍ ചെയ്തു അകത്തേക്ക് കടത്തി വിടുന്നു. നിശ്ചയിക്കപ്പെട്ട സമയത്തിനകം കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു തിരിച്ചുവരണം.
അതുകൊണ്ടുതന്നെ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നു. അത് നമസ്‌കാരത്തിന് ആയാലും ഉംറ കര്‍മ്മത്തിനായാലും. രാത്രിയില്‍ ദൈര്‍ഘ്യമേറിയ നമസ്‌ക്കാര സമയങ്ങള്‍ അരമണിക്കൂറായി ചുരുക്കി. എല്ലാ ദിവസവും നടത്തിയിരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹറമിലെ ഇഫ്താര്‍ സുപ്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ത്തി. സാങ്കേതിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തി. അങ്ങനെ വളരെ കണിശവും കൃത്യവുമായ മുന്നൊരുക്കങ്ങളിലൂടെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയൊക്കെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനോഹരമായ ചിത്രങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്.
ദിവസത്തില്‍ പത്ത് പ്രാവശ്യം സ്റ്റെര്‍ലൈസേഷനു വിധേയമാകുന്നു. 45 ടീമുകളിലായി 300 ഉന്നതനിലവാരമുള്ള ഓട്ടോമാറ്റിക് സ്റ്റെര്‍ലൈസേഷന്‍ യന്ത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു.
ആളുകളെ കടത്തിവിടുന്നതിനായി ഹറമിന്റെ വാതിലുകളില്‍ 70 തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടു. ദിവസം ഒന്നര ലക്ഷം ആളുകള്‍ വച്ച് റമദാനിലെ ആദ്യത്തെ പകുതിയില്‍ ഹറമില്‍ എത്തിച്ചേര്‍ന്നു.
മുന്‍കാല റമദാനുകളില്‍ ഒരു ഉംറ ചെയ്യുന്നത് മണിക്കൂറുകള്‍ എടുക്കുന്ന പ്രക്രിയയായിരുന്നു. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വെറും 80 മിനിറ്റുകൊണ്ട് ഒരു തീര്‍ത്ഥാടകന് ഉംറ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
ഹറം കാര്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം വിശുദ്ധ കഅ്ബയെ പ്രദക്ഷിണം ചെയ്യാന്‍ എടുക്കുന്ന സമയം 27 മിനിറ്റാണ്. പ്രദക്ഷിണം പൂര്‍ത്തീകരിച്ച് സഹീഹ് ചെയ്യുന്ന മസീഹില്‍ നടന്നെത്തിച്ചേരാനുള്ള സമയം ആറു മിനിറ്റാണ്. സഫ-മര്‍വ്വ കുന്നുകള്‍ക്കിടയില്‍ നടക്കുന്ന സഹിഹ് ചെയ്യാനെടുക്കുന്ന സമയം 47 മിനിറ്റ്. അങ്ങനെ ആകെ 80 മിനിറ്റുകൊണ്ട് ഇപ്പോള്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുന്നു.
ദിവസവും ഒന്നര ലക്ഷം ആളുകള്‍ പരസ്പരം സ്പര്‍ശിക്കാതെ അകലം പാലിച്ച് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. ഹറം പള്ളിയിലെത്തിയതിന്റെ പേരില്‍ ഇതുവരെ ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൃത്യമായ ആസൂത്രണത്തിന്റെയും അത് നടപ്പിലാക്കുന്നതിനുള്ള കണിശതയുടെയും വിജയമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Related Articles
Next Story
Share it