കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കെട്ടിടത്തിന് സമീപം പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ കണ്ടെത്തി. സംഭവത്തില്‍ യുവാവിനെ കാസര്‍കോട് സി.എ. ടി. നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തു. അഡൂര്‍ പള്ളംകോട് മീത്തലാടി ഹൗസില്‍ എം.എം. മുഹമ്മദ് ഷബാദ്(30) ആണ് അറസ്റ്റിലായത്. ഇന്നലെ കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ എന്‍.എച്ച്. റോഡില്‍ നിന്നും പ്രസ് ക്ലബ് ഭാഗത്തെക്ക് പോകുന്ന റോഡരികിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലേക്ക് യുവാവ് സംശയാസ്പദമായി കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ ഡാഷ്ബോര്‍ഡ് പരിശോധിച്ചപ്പോഴാണ് പേഴ്സിനകത്ത് ഒളിപ്പിച്ച നിലയില്‍ 1.72 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനാണ് മയക്കുമരുന്ന് കരുതിയതെന്നാണ് യുവാവിന്റെ പൊഴി. മംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.