മഞ്ഞംപൊതിക്കുന്നിലെ മായാബസാര്‍

പര്‍വ്വതങ്ങള്‍ക്ക് ഒരു മനുഷ്യന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. എല്ലാവര്‍ക്കും ഒരു പര്‍വ്വതവുമായി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രേമബന്ധം വേണം- നിങ്ങളെ വെല്ലുവിളിക്കുന്ന, അങ്ങോട്ടാകര്‍ഷിക്കുന്ന കേവലം അതിന്റെ വലുപ്പവും ബലവും സാന്നിധ്യവും കൊണ്ടുതന്നെ നിങ്ങളെ വിനയാന്വിതരാക്കുന്ന ഒരു പര്‍വ്വതവുമായി - -സദ്ഗുരു മഞ്ഞംപൊതിക്കുന്ന്.... അക്ഷരാര്‍ത്ഥത്തില്‍ ഹിമാലയം തന്നെ. മഞ്ഞംപൊതിക്കുന്ന് ഇന്ന് നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ മഞ്ഞുപൊതിയുന്ന കുന്നിനെ സംരക്ഷിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നതിനും വേണ്ടി […]

പര്‍വ്വതങ്ങള്‍ക്ക് ഒരു മനുഷ്യന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നത് വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. എല്ലാവര്‍ക്കും ഒരു പര്‍വ്വതവുമായി എന്തെങ്കിലും തരത്തിലുള്ള ഒരു പ്രേമബന്ധം വേണം- നിങ്ങളെ വെല്ലുവിളിക്കുന്ന, അങ്ങോട്ടാകര്‍ഷിക്കുന്ന കേവലം അതിന്റെ വലുപ്പവും ബലവും സാന്നിധ്യവും കൊണ്ടുതന്നെ നിങ്ങളെ വിനയാന്വിതരാക്കുന്ന ഒരു പര്‍വ്വതവുമായി -
-സദ്ഗുരു
മഞ്ഞംപൊതിക്കുന്ന്.... അക്ഷരാര്‍ത്ഥത്തില്‍ ഹിമാലയം തന്നെ. മഞ്ഞംപൊതിക്കുന്ന് ഇന്ന് നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ മഞ്ഞുപൊതിയുന്ന കുന്നിനെ സംരക്ഷിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ അവസരം ഒരുക്കുന്നതിനും വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമായി മഞ്ഞംപൊതിക്കുന്ന് വളരുമ്പോഴും ഈ കുന്നുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പഴയ തലമുറക്ക് പറയാനുണ്ട്.
എന്റെ കുട്ടിക്കാലത്ത് അവിടെ സദാ മഞ്ഞ് പൊതിഞ്ഞിരുന്നു. ആ കാലത്ത്..... മഞ്ഞ് ( ഹിമം) പൊതിഞ്ഞ ആ കുന്നില്‍ കയറിയാലെ അന്നത്തെ കാലത്ത് സ്വാതന്ത്ര്യദിനവും മറ്റ് ആഘോഷങ്ങളും പൂര്‍ണ്ണമാവൂ.
ഓഗസ്റ്റ് 15ന് ചെറിയ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ നിത്യാനന്ദാശ്രമം, ആനന്ദാശ്രമം, മഞ്ഞം പൊതിക്കുന്ന് എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര പോവും. ചിലപ്പോള്‍ കയ്യിലൊരു ചെറിയ ത്രിവര്‍ണ പതാകയും കാണും. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ സ്ഥിരം വൈകുന്നേരങ്ങളില്‍ മഞ്ഞംപൊതി കുന്നിനുമുകളില്‍ കയറുമായിരുന്നു. രാത്രി കുന്നിന്‍മുകളില്‍ ചന്ദ്രനുദിച്ച് വരുന്നതുവരെ അവിടെ ഇരിക്കും. എന്തെല്ലാം കഥകളാണെണോ ആ ഇരുപ്പില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. ചന്ദ്രകളഭം ചാര്‍ത്തിയ കുന്നിന്റെ മാറിടം വല്ലാത്ത ഒരു സൗന്ദര്യ ലോകം തന്നെ സമ്മാനിക്കും. ആദ്യമായി കുന്നിനു മുകളില്‍ എത്തിയപ്പോള്‍ ആഹ്ലാദത്തെക്കാള്‍ അത്ഭുതമായിരുന്നു. അതിന് കാരണം ആ കുന്നിന്റെ മുകളില്‍ ഒരു മണ്‍ തറ ഉണ്ടായിരുന്നു. പിന്നെ ഒരു കാടുമൂടിയ കിണറും. അതിനേക്കാളൊക്കെ അത്ഭുതം ആ കുന്നിന്‍ മുകളില്‍ ഒരുപാട് കക്കത്തോട് ഉണ്ടായിരുന്നു. മണ്ണില്‍ പുതഞ്ഞ്... ആരോ പറഞ്ഞു; അത് ബ്രിട്ടീഷുകാര്‍ ബംഗ്ലാവ് കെട്ടാന്‍ ഉണ്ടാക്കിയതാണെന്ന്.
അന്ന് ഇന്ന് കാണുന്ന പോലെ തെങ്ങും മരങ്ങളും വീടും ഒന്നുമുണ്ടായിരുന്നില്ല. കുറച്ച് കശുമാവിന്‍ തോട്ടവും കാറ്റാടി മരങ്ങളും ഉണ്ടായിരുന്നു. കശുമാവിന്‍ തോപ്പിനിടയില്‍ ഒരു ഓലക്കൂരയിലിരുന്ന് കാട്ടുവള്ളികള്‍ കൊണ്ട് കൂട്ട മെടഞ്ഞു വില്‍ക്കുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. പിന്നെ പരദേശി...
മുണ്ട് നാര് കൊണ്ട് കെട്ടിയ നീണ്ട ചാട്ടവാറുമായി പൈക്കളെ മേയ്ക്കാന്‍ കുന്നിന്‍ ചരിവില്‍ വരുന്ന പരദേശി. 12, 13 വയസ്സായപ്പോള്‍ ഞങ്ങള്‍ കുന്നു കയറുന്നത് കൊരട്ട മോഷ്ടിക്കാനായിരുന്നു. വള്ളി ട്രൗസറിന്റെ രണ്ടു കീശയിലും നിറയെ കശുവണ്ടിയുമായി കുന്നിറങ്ങും. രണ്ടുമൂന്നു പ്രാവശ്യം കുന്ന് കയറിയിറങ്ങിയാല്‍ പുതിയ അധ്യയനവര്‍ഷത്തെ പുസ്തകങ്ങള്‍ വാങ്ങാനുള്ള കാശ് തരപ്പെടും.
അന്ന് എന്റെ വീടിനടുത്ത് നിന്ന് നോക്കിയാല്‍ കുന്ന് കാണാമായിരുന്നു. ഉറുമ്പുകള്‍ പോലെ മുകളിലേക്ക് കയറുന്ന മനുഷ്യ രൂപങ്ങളും. എല്ലാം കാലം മറച്ചു കളഞ്ഞു.
താണ്ണൂറ്റി ആറാമത്തെ വയസ്സില്‍ അമ്മമ്മ മരിക്കുന്നതുവരെ എനിക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തരുമായിരുന്നു. അതില്‍ മഞ്ഞംപൊതി കുന്നിനെപ്പറ്റിയും കുറെ കഥകള്‍ ഉണ്ടായിരുന്നു. പുതിയ തലമുറകള്‍ക്ക് ഇതൊന്നും അറിയില്ല. പല കഥകളും അവിശ്വസനീയമെന്ന് തോന്നും.
മഞ്ഞംപൊതിക്കുന്ന് താഴ്‌വരയിലും പണ്ടേ ജനസമൂഹങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. കാരണം അതിന്റെ പടിഞ്ഞാറ് തെക്ക് അതിര്‍ത്തിയില്‍
പുതിയ കണ്ടം മുതല്‍ ബല്ല വരെ വിശ്വകര്‍മ്മജരും പടിഞ്ഞാറ് വടക്ക് താഴ്‌വരകളില്‍ മൂവാരി സമുദായങ്ങളും തിങ്ങിപ്പാര്‍ത്തിരുന്നു. ഇന്നു മിക്കവാറും എല്ലാ സമുദായങ്ങളും ഈ പ്രദേശങ്ങളിലുണ്ട്. അതില്‍ വിശ്വകര്‍മ്മ മൂവാരി സമുദായങ്ങളെ ക്കുറിച്ച് മഞ്ഞംപൊതിയുമായി ബന്ധപ്പെട്ട കുറെ കഥകളുണ്ട്.
അന്ന് താഴ്‌വരയില്‍ രാമക്ഷേത്രം ഇല്ല. അവിടെ ഒരു കുളം ഉണ്ടായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് ആ കുളം നിറഞ്ഞു കവിഞ്ഞു ഒഴുകി മാവുങ്കാലിന് ഒരു വെള്ളിയരഞ്ഞാണം തീര്‍ത്തു കാട്ടുകുളങ്ങര പാറ വഴി പുല്ലൂര്‍ തോട്ടില്‍ പതിക്കുമായിരുന്നു. ഇന്ന് മഴക്കാലത്ത് അതിന് മാറ്റമില്ല. ആ കുളവും വെള്ളവുമെല്ലാം ശ്രീ കുതിരക്കാളി അമ്മയുടെതായിരുന്നു. ആ കുളത്തില്‍ അമ്മ ജലദുര്‍ഗ്ഗയായി മറഞ്ഞിരുന്നുവത്രെ. കുട്ടിക്കാലത്ത് ആ പാറയിലുള്ള അമ്പും വില്ലും ചിഹ്നത്തില്‍ മുതിര്‍ന്നവരും കുട്ടികളും തൊട്ട് നമസ്‌കരിക്കുമായിരുന്നു. ഈ അടുത്തകാലംവരെ. ആ സ്ഥലം മുഴുവന്‍ പതിച്ചുനല്‍കി വലിയ വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഒരു ഫോട്ടോഗ്രാഫിക് കോര്‍ണര്‍ ആയി അതിനെ ഉയര്‍ത്താമായിരുന്നു. വടക്ക് കുമ്പള മുതല്‍ തെക്ക് എഴിമല വരെ അധീനതയിലുള്ള ക്ഷേത്രപാലകന്റെ പാട്ട്, കലശം എന്നീ ഉത്സവങ്ങള്‍ക്ക് കിഴക്ക് നെരോത്ത് നിന്നും മുളവന്നൂരില്‍ നിന്നും തെയ്യം വരുമ്പോള്‍ ചെണ്ട കൊട്ടും ആര്‍പ്പുവിളിയും മേലാപ്പും എല്ലാം ഒതുക്കി താഴ്ത്തി നിശബ്ദമായിട്ടായിരിക്കും ഇന്നും കുതിരക്കാളി അമ്മയുടെ മണ്ണിലൂടെ കടന്നുപോകുന്നത്. പിന്നെ ദേശീയപാതയില്‍ എത്തണം ഒച്ചയും ബഹളവും കേള്‍ക്കാന്‍.
വിശ്വകര്‍മ്മജരുടെ ആവാസകേന്ദ്രമായതുകൊണ്ടാണ് ഇവിടെ ലോകത്തില്‍ ആദ്യമായി ഒരു വിശ്വകര്‍മ്മക്ഷേത്രം ഉള്ളത്. ലോകത്തിലെ ഒരേ ഒരു വിശ്വകര്‍മ്മക്ഷേത്രം. എന്നിട്ടും അവര്‍ക്ക് ലക്ഷണമൊത്ത ഒരു ശില്പഗോപുരമോ ദാരുശില്പങ്ങളും മനോമോഹന ദൃശ്യങ്ങളോ ചിത്രകലയുടെ അനന്ത സാധ്യതകളോ തിരിച്ചറിയാനോ സൃഷ്ടിക്കുവാനോ പറ്റിയില്ല.
ഏതോ ഉപനിഷത്ത് കഥയാണെന്നാണ് ഓര്‍മ്മ.. തന്റെ പഠനാവസാനം ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു.. ഗുദ്രാ' എനിക്ക് അഗസ്ത്യഹൃദയം കാണണം. ഗുരു ഞെട്ടി. എന്ത് അഗസ്ത്യഹൃദയമോ. അഗസ്ത്യഹൃദയം കാണുക എന്നത് കഠോരമാണ്. മകനെ, മറ്റെന്തെങ്കിലും പറയൂ. ഇല്ല ഗുരോ.... എനിക്ക് അഗസ്ത്യഹൃദയം കാണണം... അവസാനം ഗുരു സമ്മതിച്ചു. അഗസ്ത്യ പര്‍വ്വതത്തിലെ താഴ്‌വരയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ശിഷ്യനുമായി ഗുരു ചെന്നു. മകനെ ഈ അഗസ്ത്യ ഹൃദയത്തില്‍ കടന്നാല്‍ വളരെ പെട്ടെന്ന് പുറത്തുവരണം... ഒട്ടും അവിടെ തങ്ങരുത്.. ശരി ഗുരോ. ഗുരു അഗസ്ത്യഹൃദയ വാതായനം തുറന്നു. ശിഷ്യന്‍ അകത്തേക്ക് പ്രവേശിച്ചു. കുറ്റാക്കൂ റ്റിരുട്ട്. മുന്നോട്ടു നടന്നു. അരുവികളുടെ കളകളാരവം. മെല്ലെ പ്രകാശം തെളിയാന്‍ തുടങ്ങി. കിളികളും പുഴകളും പാടുന്നു. പൂക്കള്‍ നിറഞ്ഞ ആരാമം. കുടിലുകള്‍ വാണിഭച്ചന്തകള്‍. കൊട്ടാരങ്ങള്‍. ഉല്ലാസ കേന്ദ്രങ്ങള്‍. ഋഷിമാരുടെ ധ്യാനമന്ദിരങ്ങള്‍. പെണ്‍കൊടിമാര്‍ വസ്ത്രമലക്കുന്ന കുളപ്പടവുകള്‍, അംഗലാവണ്യം മുഴുവനും പ്രദര്‍ശിപ്പിക്കുന്ന കുളപ്പുരകള്‍. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ശിഷ്യന്‍ ചുറ്റിക്കണ്ട് പുറത്ത് കടന്നു. അപ്പോഴേക്കും ഇവിടെ ഏഴ് തലമുറ പിന്നിട്ടിരുന്നുവത്രെ. ശിഷ്യന്റെ ഏഴാമത്തെ തലമുറ ജീവിക്കുന്ന കാലം. വര്‍ഷങ്ങള്‍ പോയതറിഞ്ഞേയില്ല. മായകാഴ്ചകള്‍ അകത്തും പുറത്തും. എങ്ങും മായക്കാഴ്ചകള്‍.
മഞ്ഞംപൊതി കുന്നില്‍ പുതിയ കാലത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. നമുക്ക് കാണാനും ആസ്വദിക്കാനും എല്ലാം നല്ലതിനാവട്ടെ. നാലപ്പാട്ട് നാരായണമേനോന്‍ പാടിയപോലെ. അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം, ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം. അതിന്റെ ഏതാനുമൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥ എന്തു കണ്ടു.

Related Articles
Next Story
Share it