മലയാള സിനിമയില്‍ ഇനി മര്‍വ്വാന്‍ ശീലുകള്‍...

ഓട്ടിസത്തെ പൊരുതിത്തോല്‍പ്പിച്ച അതിജീവനത്തിന്റെ മധുരശീലുകളുടെ കഥയാണ് മര്‍വ്വാന്‍ ശുഹൈബ് പറയുന്നത്. തന്റെ സര്‍ഗ പ്രതിഭകളെ തളര്‍ത്താനെത്തിയ അസുഖത്തെ അതിജീവിച്ച് ഉജ്ജ്വലമായ മാതൃക സൃഷ്ടിച്ച ഒരു വിദ്യാര്‍ത്ഥി ഒടുവില്‍ സിനിമയ്ക്ക് വേണ്ടിയും പാടിയിരിക്കുന്നു. ലോക സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഓട്ടിസം ബാധിച്ച ഒരു വിദ്യാര്‍ത്ഥി സിനിമയ്ക്ക് വേണ്ടി പിന്നണി പാടുന്നതെന്ന പ്രത്യേകതയും ഉണ്ട്. കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശി, വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ വൈദ്യര്‍സ് ഹൗസില്‍ മര്‍വ്വാന്‍ ശുഹൈബാണ് പര്‍പ്പിള്‍ പോപ്പിന്‍സ് എന്ന സിനിമയ്ക്ക് വേണ്ടി ടൈറ്റില്‍ സോങ്ങ് ആലപിച്ച് […]

ഓട്ടിസത്തെ പൊരുതിത്തോല്‍പ്പിച്ച അതിജീവനത്തിന്റെ മധുരശീലുകളുടെ കഥയാണ് മര്‍വ്വാന്‍ ശുഹൈബ് പറയുന്നത്. തന്റെ സര്‍ഗ പ്രതിഭകളെ തളര്‍ത്താനെത്തിയ അസുഖത്തെ അതിജീവിച്ച് ഉജ്ജ്വലമായ മാതൃക സൃഷ്ടിച്ച ഒരു വിദ്യാര്‍ത്ഥി ഒടുവില്‍ സിനിമയ്ക്ക് വേണ്ടിയും പാടിയിരിക്കുന്നു. ലോക സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഓട്ടിസം ബാധിച്ച ഒരു വിദ്യാര്‍ത്ഥി സിനിമയ്ക്ക് വേണ്ടി പിന്നണി പാടുന്നതെന്ന പ്രത്യേകതയും ഉണ്ട്. കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശി, വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ വൈദ്യര്‍സ് ഹൗസില്‍ മര്‍വ്വാന്‍ ശുഹൈബാണ് പര്‍പ്പിള്‍ പോപ്പിന്‍സ് എന്ന സിനിമയ്ക്ക് വേണ്ടി ടൈറ്റില്‍ സോങ്ങ് ആലപിച്ച് മലയാള സിനിമയിലേക്ക് രംഗപ്രവേശം നടത്തിയിരിക്കുന്നത്. മര്‍വ്വാന്‍ കുറിച്ചിട്ട നേട്ടങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലെത്തേതാണിത്. ലോക റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തന്റെ വരുതിയിലാക്കിയതിന്റെ അഭിമാനത്തിനിടയിലാണ് സിനിമാപാട്ട് എന്ന നേട്ടവുമായി മര്‍വ്വാന്റെ മുന്നേറ്റം. നേരത്തെ തന്നെ ഗാനാലാപന രംഗത്ത് മര്‍വ്വാന്‍ സജീവമാണ്.
'പര്‍പ്പിള്‍ പോപ്പിന്‍സ്' എന്ന സിനിമ ഇന്നലെ തീയേറ്ററുകളിലെത്തി. സിനിമയുടെ പോസ്റ്റര്‍ ലോഞ്ചിംഗ് സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളും മര്‍വ്വാന്റെ ജീവിത വഴിയില്‍ വലിയ കരുത്തേകുന്നതാണ്. 'ലോകചരിത്രത്തിലാദ്യമായി, ഓട്ടിസം ബാധിച്ച കാസര്‍കോട് സ്വദേശിയായ മര്‍വ്വാന്‍ എന്ന വിദ്യാര്‍ത്ഥി ഈ സിനിമയ്ക്ക് വേണ്ടി പാടിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത്. ഒരു പക്ഷേ, ഈ സിനിമ ഓട്ടിസത്തെ അതിജീവിക്കാനുള്ള ഒരു മഹത്തായ സന്ദേശമായി മാറും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മൂന്ന് ലോക റെക്കോര്‍ഡുകള്‍ നേടിയ മര്‍വ്വാന് കൂടുതല്‍ അംഗീകാരം കിട്ടാന്‍ ഈ സിനിമ കാരണമാകുമെന്നും ഞാന്‍ കരുതുന്നു'. മന്ത്രിയുടെ വാക്കുകളും സിനിമയുടെ ട്രെയിലറുമൊക്കെ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. സിനിമയുടെ ആരംഭത്തില്‍ ടൈറ്റില്‍ കാണിക്കുമ്പോഴാണ് മര്‍വ്വാന്‍ ആലപിച്ച ഇംഗ്ലീഷ് വരികള്‍ കേള്‍ക്കുക. സിനിമ ഇറങ്ങിയ ആദ്യദിനം തന്നെ വലിയ കയ്യടിയാണ് ഈ പാട്ട് നേടിയത്. സിയറാം പ്രൊഡക്ഷ്ന്‍സിന്റെ ബാനറില്‍ എം.ഡി അജിത്ത് നിര്‍മ്മിച്ച് എം.ബി.എസ് ഷൈന്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. നിസ, തപന്‍ ദേവ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വരുണ്‍ ബാബു, മനു ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് നിര്‍ഷാദ് നിനിയാണ് സംഗീതം പകര്‍ന്നത്. സിത്താര കൃഷ്ണകുമാര്‍, നിധിന്‍ രാജ്, ശ്രേയ ബാനു എന്നിവരും പാടിയിട്ടുണ്ട്.
മര്‍വ്വാന്റേതായി ഇതിനകം എട്ട് മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറങ്ങി. 'ഭാരതീയര്‍ നാം', 'ഹരിത ചരിതം', 'റൈഹാന്‍', 'സംഗീതം', 'തൃശൂര്‍ പൂരം', 'എന്നോട് നീ', 'പൂവേ പൊലി പൂവേ', 'പെണ്ണേ' എന്നിവയാണ് മര്‍വ്വാന്റെ മ്യൂസിക് ആല്‍ബങ്ങള്‍. 'ദി ട്രാഷ്' എന്ന ഷോര്‍ട്ട് ഫിലിമില്‍ സംഗീതം നിര്‍വഹിച്ചു. 'മര്‍വ്വാന്‍സ് ഓട്ടിസം ഡയറി' എന്ന മ്യൂസിക് ബാന്റ് സ്വന്തമായി ഉണ്ട്. യുവസംഗീത സംവിധായകന്‍ നിര്‍ഷാദ് നിനിയുടെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. നിര്‍ഷാദുമായുള്ള ബന്ധമാണ് സിനിമയിലേക്ക് വഴിതുറന്നത്. മര്‍വ്വാന്‍ ഇതിനകം നോബല്‍ വേള്‍ഡ് റെക്കോര്‍ഡും ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും സ്വന്തമാക്കിയിട്ടുണ്ട്.
സംഗീതത്തെക്കാള്‍ പ്രാധാന്യം നല്‍കി ഖുര്‍ആന്‍ പഠനവും മുടങ്ങാതെ നടക്കുന്നുണ്ട്. ഖുര്‍ആന്റെ പകുതിയോളം ഭാഗം ഇതിനകം തന്നെ മന:പാഠമാക്കി കഴിഞ്ഞു. വി.എം. മുനവ്വര്‍ ഷുഹൈബിന്റെയും സബീലയുടെയും മകനാണ്. ഫാത്തിമ, ആയിഷ എന്നിവര്‍ സഹോദരങ്ങള്‍.
കവി വി.എം പള്ളിക്കാലിന്റെ പേരമകനും നഗരസഭാ ചെയര്‍മാന്‍ വി.എം മുനീറിന്റെ സഹോദരന്റെ പുത്രനുമാണ് മര്‍വ്വാന്‍.


-ടി.എ ഷാഫി

Related Articles
Next Story
Share it