ബോംബ് നിര്‍മ്മിച്ച വീട്ടില്‍ മാര്‍ട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 9.30ഓടെ ആദ്യം പ്രതിയെയും കൊണ്ട് ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് പൊലീസ് എത്തിയത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ മാര്‍ട്ടിന്‍ സൂക്ഷിച്ചിരുന്നത്. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്‌ഫോടനം നടന്ന ഞായറാഴ്ച പുലര്‍ച്ചെ ഈ വീടിന്റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.ദേശീയപാതയോട് തൊട്ടുചേര്‍ന്ന് […]

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 9.30ഓടെ ആദ്യം പ്രതിയെയും കൊണ്ട് ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് പൊലീസ് എത്തിയത്. വലിയ പൊലീസ് സുരക്ഷയിലാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. അത്താണിയിലെ കുടുംബവീട്ടിലാണ് ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ മാര്‍ട്ടിന്‍ സൂക്ഷിച്ചിരുന്നത്. ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചശേഷം സ്‌ഫോടനം നടന്ന ഞായറാഴ്ച പുലര്‍ച്ചെ ഈ വീടിന്റെ ടെറസില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.
ദേശീയപാതയോട് തൊട്ടുചേര്‍ന്ന് ഗ്രൗണ്ടിനടുത്തായാണ് ഇരുനില വീട്. ബോംബ് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്ത സ്ഥലമായതിനാല്‍ നിര്‍ണായകമാണ് അത്താണിയിലെ തെളിവെടുപ്പ്. ഇവിടെ വെച്ച് ബോംബ് ആദ്യം പരീക്ഷിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ തെളിവെടുപ്പാണ് അത്താണിയിലെ വീട്ടില്‍ നടക്കുന്നത്. പത്തുവര്‍ഷമായി പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. പലര്‍ക്കായി വാടക്ക് നല്‍കിവരികയായിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വീട്ടിലെ ഒറ്റമുറികളില്‍ വാടകക്ക് കഴിഞ്ഞിരുന്നത്. ജീവനക്കാരെയും മൊഴിയെടുക്കാനായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. പല ഷിഫ്റ്റുകളിലായി വന്നുപോകുന്ന ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. കുറച്ചുദിവസമായി വീട്ടില്‍ പെയിന്റിങ് ജോലികള്‍ നടക്കുന്നതിനാല്‍ വാടകക്കാര്‍ക്കും അയല്‍ക്കാര്‍ക്കും ഉടമസ്ഥന്‍ വീട്ടില്‍ വന്നുപോകുന്നതില്‍ സംശയമുണ്ടായിരുന്നില്ല. സ്‌ഫോടനത്തിന്റെ ആസൂത്രണം അടക്കം ഇവിടെവെച്ചാണ് നടന്നത്.
അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കളമശ്ശേരിയിലെ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തിച്ച് തെളിവെടുക്കും. ഇതിനുശേഷമായിരിക്കും പ്രതി താമസിച്ചിരുന്ന തമ്മനത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തുക. കൊച്ചി ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.
ഡൊമിനിക്കിന്റെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും ഇന്ന് കോടതിക്ക് കൈമാറും. ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായാണ് കോടതിയില്‍ ഹാജരാക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.

Related Articles
Next Story
Share it