മരക്കാര്‍: അറബിക്കടലിന്റെ സിംഹം അഡ്വ. മുഹമ്മദ് സാജിദ്

മോഹന്‍ലാല്‍ നായകനായി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചലച്ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പില്‍ 'മരക്കാര്‍' ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുള്‍പ്പെടെ സാങ്കേതിക മികവിലും അണിയറ പ്രവര്‍ത്തകരുടെ കഴിവിലും ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നല്‍കിയത്. അതുകൊണ്ടു തന്നെ മികവാര്‍ന്ന ഒരു ചിത്രം കാണാമെന്ന തയാറെടുപ്പിലാണ് പ്രേക്ഷകരൊക്കെയും. ഇതിനു മുമ്പ് മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരെ നായകരാക്കിയും 'കുഞ്ഞാലി മരക്കാര്‍' ചരിത്രം സിനിമയാക്കാന്‍ പദ്ധതികളുണ്ടായെങ്കിലും, […]

മോഹന്‍ലാല്‍ നായകനായി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ചലച്ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയേറ്ററില്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിരഞ്ഞെടുപ്പില്‍ 'മരക്കാര്‍' ശ്രദ്ധേയമായ നേട്ടം
കൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുള്‍പ്പെടെ സാങ്കേതിക മികവിലും അണിയറ പ്രവര്‍ത്തകരുടെ കഴിവിലും ഒട്ടേറെ പുരസ്‌കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നല്‍കിയത്. അതുകൊണ്ടു തന്നെ മികവാര്‍ന്ന ഒരു ചിത്രം കാണാമെന്ന തയാറെടുപ്പിലാണ് പ്രേക്ഷകരൊക്കെയും. ഇതിനു മുമ്പ് മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരെ നായകരാക്കിയും
'കുഞ്ഞാലി മരക്കാര്‍' ചരിത്രം സിനിമയാക്കാന്‍ പദ്ധതികളുണ്ടായെങ്കിലും, ഇതിനിടയിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഈ മഹാപുരുഷന്റെ പേരില്‍ വന്‍ബജറ്റില്‍ പ്രസ്തുത ചിത്രമൊരുങ്ങിയത്. ഇതു തന്നെ കുഞ്ഞാലി മരക്കാരുടെ
നാവിക പോരാട്ട വീരേതിഹാസ ചരിത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
ഇന്ത്യയില്‍ വൈദേശികാധിപത്യത്തിനെതിരെ പട നയിച്ച് വീര മൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ
സ്മരണകള്‍ ഇതോടെ വീണ്ടും സമൂഹ മധ്യത്തില്‍ സംസാര വിഷയമായി തീര്‍ന്നിരിക്കുന്നു. സിനിമ പ്രദര്‍ശനെത്തിയെന്നിരിക്കെ, തീര്‍ത്തും വിസ്മൃതിയിലാണ്ടു പോയ ആ മഹാപുരുഷന്റെ വീരഗാഥകള്‍ വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കുന്നു എന്നത് ഏറെ ശ്ലാഘനീയമാണ്. ഒപ്പം ത്യാഗോജ്വല സ്മരണകള്‍ സാകൂതം അയവിറക്കുന്ന രാജ്യ സ്‌നേഹികളെ അത് അഭിമാനപുളകിതരാക്കുകയും ചെയ്യുന്നു. അതിനിടെ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
കുഞ്ഞാലി മരക്കാരുടെ താവഴി കുടുംബത്തില്‍ പെട്ട ചിലരുമാണ് ഈ ആരോപണങ്ങള്‍ക്കു പിന്നില്‍.
ചരിത്ര പുരുഷനായ കുഞ്ഞാലി മരക്കാരെ വികൃതമായി അവതരിപ്പിക്കുന്നു എന്നും അദ്ദേഹത്തിന് നല്‍കിയ വേഷം, ഭാഷ എന്നിവ ആ യുഗ പുരുഷനെ അവഹേളിക്കുന്ന തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ അവര്‍
ആരോപിക്കുന്നത്. സിനിമയില്‍ മരക്കാര്‍(മോഹന്‍ ലാല്‍) ധരിക്കുന്ന തലപ്പാവില്‍ ഹിന്ദു ദൈവമായ ഗണപതി ശില്‍പമുണ്ടെന്നും അവിവാഹിതനായിരിക്കെ രണാങ്കണത്തില്‍ വീരമൃത്യു വരിച്ച കുഞ്ഞാലി മരക്കാരുടെ പൂര്‍വകാലം പ്രണയ ബന്ധിതമായി അവതരിപ്പിക്കുന്നു എന്നും ചിത്രത്തിന്റെ പരസ്യത്തിനായി പുറത്തിറക്കിയ ട്രൈലറുകളും നിശ്ചല ചിത്രങ്ങളും ചൂണ്ടിക്കാട്ടി ഇവര്‍ ആരോപിക്കുന്നു.
ഹിന്ദു മത വിശ്വാസിയായ സാമൂതിരി രാജാവിന്റെ നാവിക പടത്തലവനായിരുന്നു കുഞ്ഞാലി മരക്കാര്‍.
നാവിക യുദ്ധ മുറകളില്‍ മരക്കാരുടെ പ്രാഗത്ഭ്യം കണ്ടറിഞ്ഞാണ് ഇസ്ലാം മതത്തില്‍ അടിയുറച്ച വിശ്വാസിയായിയായിരുന്ന കുഞ്ഞാലിയെത്തന്നെ കടല്‍ കാവല്‍ക്കാരനായി സാമൂതിരി അവരോധിച്ചത്. എതര്‍ത്ഥത്തിലും തികഞ്ഞ ആജ്ഞാനുവര്‍ത്തിയും വിശ്വസ്തനുമായിരുന്നു കുഞ്ഞാലി. അതുകൊണ്ടു തന്നെ, തങ്ങളുടെ കുലാചാരപ്രകാരം നാടുവാഴി നിര്‍മിച്ചു നല്‍കിയ പടച്ചട്ടകളും മേലങ്കിയും തലപ്പാവുമൊക്കെ
ധരിക്കാന്‍ കുഞ്ഞാലി മരക്കാര്‍ ബാധ്യസ്ഥനുമായിരുന്നു. ഇന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേനാംഗങ്ങള്‍ സിംഹ-ധ്വജ ചിഹ്നങ്ങളും അശ്വരൂപങ്ങളും മത-ജാതി ഭേദമന്യേ ഔദ്യോഗികാവശ്യങ്ങള്‍ക്കായി തൊപ്പിയിലും വേഷങ്ങളിലും ഉപയോഗിക്കപ്പെടുന്നു.
ഭാരതത്തില്‍ വൈദേശികാധിപത്യത്തിനു വിത്ത് പാകിയ പോര്‍ച്ചുഗീസുകാരോട് ആത്മാര്‍ത്ഥമായി തന്നെ സന്ധിയില്ലാ സമരം നടത്തി വീരമൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യ സമര സേനാനിയും
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശില്‍പിയുമായിരുന്നു. ഇന്ത്യയിലെ അധിനിവേശത്തിന്റെ അഞ്ഞൂറാം വാര്‍ഷിക വേളയില്‍, പാരതന്ത്ര്യത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആ ധീരദേശാഭിമാനിയെ ഭാരത സമൂഹം വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത്തരം ചലച്ചിത്രങ്ങളും ചരിത്ര വിദ്യാഭ്യാസവും പഠനങ്ങളും
ഗവേഷണവുമൊക്കെ തനതായ ഇന്ത്യന്‍ ചരിത്രം ഭാവി തലമുറക്ക് പകര്‍ന്നു നല്‍കാന്‍ അത്യന്താപേക്ഷിതമാണ്.
നമ്മുടെ സ്വാതന്ത്ര്യ സമരവും അതിലെ ജനതയുടെ പങ്കാളിത്തവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തിലാണ്
'കുഞ്ഞാലി മരക്കാര്‍-അറബി കടലിന്റെ സിംഹം' പ്രദര്‍ശനത്തിനൊരുങ്ങുന്നത് എന്നത് യാദൃശ്ചികമാവാം.
ആ മഹാന്റെ വീര ചരിത്രം വിളിച്ചോതുന്ന ഈ ചരിത്ര ചലച്ചിത്ര ഭാഷ്യം മതേതരത്വവും ബഹുസ്വരതയും അഭിമാനമായി കാണുന്ന ജനാധിപത്യ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ പര്യാപ്തമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Related Articles
Next Story
Share it