കൊച്ചി: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കേസെടുത്ത പൊലീസ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജുവാര്യരുടെ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് മഞ്ജുവാര്യര്‍ പരാതി നല്‍കിയത്.
പിന്നാലെ ഇന്നുച്ചയോടെ പൊലീസ് നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്ന് സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിയെ ബലാല്‍സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകില്‍ ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. ചോദ്യം ചെയ്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അറസ്റ്റിനോട് ആദ്യം നിസഹകരിച്ച സനല്‍കുമാര്‍ ശശിധരന്‍ തന്നെ കൊല്ലാന്‍ വേണ്ടി തട്ടിക്കൊണ്ടുപോവുകയാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.