മഞ്ചേശ്വരം: സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ ഉണ്ടായിട്ടും മലയാള ഭാഷാ പഠനം നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത ഉദ്യോഗസ്ഥ നടപടിക്കെതിരെ താലൂക്ക് ഭരണ ഭാഷ വികസന സമിതി രംഗത്ത്. മഞ്ചേശ്വരം താലൂക്കില്‍ പെട്ട 65 സര്‍ക്കാര്‍ വിദ്യാലയങ്ങളും 18 ഏക അധ്യാപക വിദ്യാലയങ്ങളിലും മലയാള ഭാഷാ പഠനം ഇല്ലാത്തത് ചൂണ്ടിക്കാണിച്ചു വര്‍ഷങ്ങളോളം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായി എല്ലാ വിദ്യാലയങ്ങളിലും മലയാള ഭാഷാ പഠനത്തിന് അനുമതി നല്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായത്. 2021ഫെബ്രുവരി 22 ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ആണ് ഇത് വരെ നടപ്പില്‍ വരാത്തത്. ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടപെടണം എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷ വികസന സമിതി പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നല്കി. നിവേദനം പരിശോധിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എം കെ അലി മാസ്റ്റരുടെ നേതൃത്വത്തില്‍ ട്രഷറര്‍ അബ്ബാസ് ഓണന്ത, സെഡ്. എ മൊഗ്രാല്‍, മഹമൂദ് മുട്ടം എന്നിവര്‍ സംബന്ധിച്ചു. നിവേദനത്തിന്റെ പകര്‍പ്പ് എംഎല്‍എമാരായ എംകെഎം അഷ്റഫ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ക്കും നല്കി.