കാസര്‍കോട്: കേരള സാഹിത്യ അക്കാദമി മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തില്‍ വെച്ച് 6, 7 തീയതികളില്‍ നടത്തുന്ന ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ചിത്രശാലയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കാസര്‍കോടിന്റെ മനുഷ്യ പ്രകൃതിയെയും സംസ്കാര ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും പുതുതായി കണ്ടെടുക്കുന്ന ചിത്രങ്ങളാണ് തയ്യാറാവുന്നത്.
കല, ജീവിതം, ഭാഷ, ഭാവന, അധ്വാനം എന്നിവയെ പ്രകൃതിയുടെയും നിര്‍മ്മിതിയുടെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നവയാണ് ചിത്രങ്ങള്‍. കാസര്‍കോട് ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് ഇതില്‍ പങ്കെടുക്കുന്ന എല്ലാ ചിത്രകാരന്മാരും.
അവരുടെ കാഴ്ചശീലങ്ങളുടെയും സാംസ്കാരികാനുഭവങ്ങളുടെയും ലയമാണ് ഈ മഞ്ചേശ്വരം ഗാലറിയില്‍ തെളിയുക. കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ കെട്ടിട നിര്‍മ്മാണ ശൈലികളും ചിത്രങ്ങളില്‍ ഇടം നേടിയിരിക്കുന്നു. പ്രകാശ് കുമ്പള, വിശ്വാസ് മഞ്ചേശ്വര്, സതീഷ് പെഡ്രെ, ശിവന് ഉപ്പള, സന്തോഷ് പള്ളിക്കര, ശ്യാം പ്രസാദ്, ശ്യാമശശി, രമേശന് പുതിയോടന്‍, ഗിരീശന് നീലേശ്വരം, ബിജു കാഞ്ഞങ്ങാട് എന്നീ ചിത്രകാരന്മാരാണ് ഈ ചിത്ര നിര്‍മ്മാണത്തില്‍ പങ്കാളികളായത്. കേരള തുളു അക്കാദമി ചെയര്മാന് കെ.ആര്. ജയാനന്ദ, കേരള സാഹിത്യ അക്കാദമി അംഗങ്ങളായ എം.കെ. മനോഹരന്, ഇ.പി. രാജഗോപാലന്‍, സംഘാടകസമിതി കണ്‍വീനര്‍ ജയചന്ദ്രന് കുട്ടമത്ത് എന്നിവര്‍ ചിത്രകലാ ക്യാമ്പിന് നേതൃത്വം നല്കി. ജനുവരി 6നും 7നും ചിത്രങ്ങള്‍ ഗോവിന്ദ പൈ സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം വിപുലമായ തെയ്യം ഫോട്ടോ പ്രദര്‍ശനം, കാസര് കോടന് ഭാഷാ പ്രദര്‍ശനം എന്നിവയുമുണ്ടാവും.