കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം തയ്യാറാകുന്നു.
സുരേന്ദ്രന് പുറമെ അഞ്ചുപേരെ കൂടി പ്രതി ചേര്‍ത്താണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കുക. തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കേണ്ട നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന.
നിലവില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ഐ.പി.സി 171 ബി, ഇ വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് സുന്ദര തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുണ്ടായ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന് മതല്സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വേ്ാട്ട് കുറയുമെന്ന് ബി.ജെ.പി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
മഞ്ചേശ്വരത്ത് ഇടതുമുന്നി സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന് നല്കിയ പരാതിയെ തുടര്‍ന്ന് ആദ്യം ബദിയെടുക്ക പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. പിന്നീടാണ് തിരഞ്ഞെടുപ്പ് കോഴക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കെ. സുരേന്ദ്രന് അടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.