കോഴക്കേസ്: കോടതിയില്‍ ഹാജരായി കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ജാമ്യം നേടി; കേസ് 15ലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് നവംബര്‍ 15ലേക്ക് മാറ്റി. കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണഷെട്ടി, കെ. സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരാണ് ഇന്ന് രാവിലെ കോടതിയില്‍ ഹാജരായത്. നേരത്തെ ഈ കേസ് മൂന്നുതവണ കോടതി പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായിരുന്നില്ല. പകരം കേസ് […]

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് നവംബര്‍ 15ലേക്ക് മാറ്റി. കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണഷെട്ടി, കെ. സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരാണ് ഇന്ന് രാവിലെ കോടതിയില്‍ ഹാജരായത്. നേരത്തെ ഈ കേസ് മൂന്നുതവണ കോടതി പരിഗണിച്ചപ്പോഴും പ്രതികള്‍ ഹാജരായിരുന്നില്ല. പകരം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ലാ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് വിടുതല്‍ ഹരജി സംബന്ധിച്ച് പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിലുള്ള വാദം നടന്നു. നിയമപ്രകാരം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ഇതിന് ശേഷം മാത്രമേ വിടുതല്‍ ഹരജിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി 25ന് പ്രതികള്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയാണുണ്ടായത്. കോടതി ഉത്തരവനുസരിച്ചാണ് സുരേന്ദ്രനും കൂട്ടുപ്രതികളും ഇന്ന് കോടതിയില്‍ ഹാജരായത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരായ കേസ്. തന്നെ തട്ടിക്കൊണ്ടുപോയ കാര്യം സുന്ദര വെളിപ്പെടുത്തിയതോടെ മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പൊലീസ് കേസെടുക്കുകയും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമവിരുദ്ധ വകുപ്പടക്കം ചുമത്തിയാണ് ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it