മഞ്ചേശ്വരം ഗോവിന്ദ പൈയുടെ വിയോഗത്തിന്അറുപതാണ്ട്‌: രാഷ്ട്രകവിയെ ഓര്‍ക്കുമ്പോള്‍

ചരിത്രത്തിലും സാഹിത്യത്തിലും ഗവേഷണത്തിലും മഹാമേരുവായി വര്‍ത്തിക്കുന്ന, തുളുനാട്ടുകാരനായ, രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞിട്ട് 2023 സെപ്തംബര്‍ ആറിന് 60 വര്‍ഷമായി.ഇതിഹാസ സമാനമായ ആ ജീവിതത്തിന്റെ മുന്തിയ ചില മാത്രകളിലേക്കുള്ള എത്തിനോട്ടമാണ് ഇവിടെ നടത്തുന്നത്.സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായാണ് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ജീവിതകാലം.1883 മാര്‍ച്ച് 23ന് ജനിച്ച് 1963 സപ്തംബര്‍ 6ന് അന്തരിച്ചു.80 വര്‍ഷത്തെ ജീവിതം. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് 64 വര്‍ഷവും സ്വാതന്ത്ര്യാനന്തരം 16 കൊല്ലവും ഗോവിന്ദ പൈ ജീവിച്ചു.അതുകൊണ്ടു തന്നെ […]

ചരിത്രത്തിലും സാഹിത്യത്തിലും ഗവേഷണത്തിലും മഹാമേരുവായി വര്‍ത്തിക്കുന്ന, തുളുനാട്ടുകാരനായ, രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞിട്ട് 2023 സെപ്തംബര്‍ ആറിന് 60 വര്‍ഷമായി.
ഇതിഹാസ സമാനമായ ആ ജീവിതത്തിന്റെ മുന്തിയ ചില മാത്രകളിലേക്കുള്ള എത്തിനോട്ടമാണ് ഇവിടെ നടത്തുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായാണ് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ജീവിതകാലം.
1883 മാര്‍ച്ച് 23ന് ജനിച്ച് 1963 സപ്തംബര്‍ 6ന് അന്തരിച്ചു.
80 വര്‍ഷത്തെ ജീവിതം. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് 64 വര്‍ഷവും സ്വാതന്ത്ര്യാനന്തരം 16 കൊല്ലവും ഗോവിന്ദ പൈ ജീവിച്ചു.
അതുകൊണ്ടു തന്നെ സ്വാതന്ത്ര്യപൂര്‍വ കാലവും സ്വാതന്ത്ര്യാനന്തര കാലവും ഗോവിന്ദ പൈയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലും കൃതികളിലും അത് പ്രതിഫലിച്ചു. ഭാഷാപഠനം, തത്വചിന്ത, ചരിത്രാന്വേഷണം, മതപഠനം എന്നീ മേഖലകളിലേയ്‌ക്കെല്ലാം അദ്ദേഹത്തെ വ്യാപരിപ്പിച്ചതില്‍ ആ കാലഘത്തിന് വലിയ പങ്കുണ്ട്.
ഗാന്ധിജി, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, ഡോ. എസ്. രാധാകൃഷ്ണന്‍ തുടങ്ങിയ ദേശീയ നേതാക്കളും ടാഗോര്‍, സുബ്രഹ്മണ്യ ഭാരതി തുടങ്ങിയ കവികളും ഗോവിന്ദ പൈയെ സ്വാധീനിച്ചു. ബുദ്ധ-ജൈന മത തത്വങ്ങള്‍ ഉള്‍പെടെ എല്ലാ മതതത്വങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഗോവിന്ദ പൈയിലെ കവിയെയും ഗവേഷകനെയും പരിപോഷിപ്പിച്ചു. ഭാഷാ പഠനം അദ്ദേഹത്തെ ലോകസാഹിത്യത്തോടും ചരിത്രത്തോടും അടുപ്പിച്ചു. അടങ്ങാത്ത വിജ്ഞാനദാഹവും അധ്വാനത്തില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവവും പൈയ്ക്ക് ജന്മസിദ്ധമായിരുന്നു.
ദേശീയതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ടാഗോറിന്റേതിനു തുല്യമായിരുന്നു. സങ്കുചിത ദേശീയതയില്‍ മാനവലോകത്തെ തളച്ചിടാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.
സമകാലീനനായിരുന്ന വള്ളത്തോളിനെപ്പോലെ ലോകമേ തറവാട് എന്നതായിരുന്നു ഗോവിന്ദപൈയുടെ ദേശീയത. ഐകമത്യത്തോടെ ജീവിക്കുന്നതു മാതൃഭൂമിയുടെ ഉദാത്തമായ ജീവിതമൂല്യമാകുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു.
സര്‍വമതസാരവുമേകമെന്ന ഗുരുദര്‍ശനമായിരുന്നു പൈയുടെയും മതദര്‍ശനം.
(തുടരും)

ഗോവിന്ദപൈയുടെ സമ്മാനം; ഗാന്ധിജി ചരിത്രത്തിലേക്ക്
കുത്തി നടന്ന ഊന്നുവടി

ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപ്പിന് നികുതി ചുമത്തിയതിനെതിരെ ഗാന്ധിജി പ്രഖ്യാപിച്ച സത്യഗ്രഹത്തിന്റെ ഭാഗമായി 1930 മാര്‍ച്ച് 12നാണ് ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത്. ആ യാത്രയില്‍ ഗാന്ധിജി കുത്തി നടന്ന ഊന്നുവടി മഞ്ചേശ്വരത്തു നിന്ന് രാഷ്ട്രകവി ഗോവിന്ദ പൈ സമ്മാനിച്ചതാണ്.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡി കടപ്പുറത്തേക്കുള്ള 386 കിലോമീറ്റര്‍ താണ്ടാന്‍ ഗാന്ധി ഉപയോഗിച്ച അതേ നീളന്‍ വടി.
സ്വാതന്ത്ര്യസമരസേനാനിയും മറാത്തി സാഹിത്യകാരനും പൈയുടെ മിത്രവുമായ കാകാ കലേല്‍ക്കര്‍ വഴിയാണ് വടി ഗാന്ധിയുടെ കയ്യിലെത്തുന്നത്. ബറോഡ നവസാരിയില്‍ വെച്ചാണ് കലേല്‍ക്കറുമായി പൈ അടുത്തത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗോവിന്ദ പൈ, കുറച്ചുകാലം ബറോഡ നവസാരിയില്‍ കഴിഞ്ഞിരുന്നു.
ഗാന്ധിജിയുടെ അടുത്ത അനുയായിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും മറാഠി സാഹിത്യകാരനും ദാര്‍ശനികനും മറ്റുമായ കാകാ കലേല്‍ക്കറുടെ കൂടെയായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. കലേല്‍ക്കറില്‍ നിന്ന് പൈ നന്നായി മറാഠി ഭാഷ അഭ്യസിക്കുകയും ചെയ്തു. മറാഠി സാഹിത്യം കലേല്‍ക്കറില്‍ നിന്ന് പഠിക്കണമെന്ന് ആവശ്യപ്പെട്ട് പൈയ്ക്ക് പത്‌നി കൃഷ്ണാബായി കത്തെഴുതുകയും ചെയ്തിരുന്നു.
കൃഷ്ണബായിയുടെ മാതൃഭാഷ മറാഠിയായിരുന്നു.
കലേല്‍ക്കര്‍ രാഷ്ട്രഭാഷാ പ്രചരണത്തിന്റെ ഭാഗമായി ഭാരതമൊട്ടുക്കും പര്യടനം നടത്തിയിരുന്നു. അക്കൂട്ടത്തിലൊരിക്കല്‍ പഴയ സ്‌നേഹിതനായ പൈയെ കാണാന്‍ മഞ്ചേശ്വരത്തെ വീട്ടിലുമെത്തി.
അവിടെ ഒരു ദിവസം താമസിച്ചു. തിരിച്ചു പോകുമ്പോഴാണ് പൈ, കലേല്‍ക്കര്‍ക്ക് ഒരു പാരിതോഷികമെന്ന നിലയില്‍ ഊന്നുവടി സമ്മാനിക്കുന്നത്. തന്റെ കാരണവര്‍ ഉപയോഗിച്ചിരുന്ന വടിയായിരുന്നു അത്. അതൊരു അമൂല്യവസ്തുവായി വീട്ടില്‍ സൂഷിച്ചിരിക്കുകയായിരുന്നു.
ഗാന്ധിജി ദണ്ഡിയാത്ര പുറപ്പെടുന്ന ഘട്ടത്തില്‍ കലേല്‍ക്കര്‍ സബര്‍മതിയിലെത്തി ആ വടി ഗാന്ധിജിക്ക് നല്‍കുകയായിരുന്നു. അങ്ങനെ ആ വടി ചരിത്രത്തിലേക്ക് കുത്തി നടന്ന ഒരു വിശിഷ്ട വടിയായി.
മഹാത്മജിയുടെ ശേഷിപ്പുകളില്‍ ഈ വടിയും സൂക്ഷിക്കുന്നുണ്ട്. ഗാന്ധിജിയും ദണ്ഡിയാത്രയും ഗോവിന്ദ പൈയും കലേല്‍ക്കറും ഓര്‍മിക്കപ്പെടുമ്പോഴെല്ലാം ഈ വടിയും സ്മരണയിലെത്തുന്നു.
'പൂമാലയില്‍ ചേര്‍ന്നുള്ള
നാരുമ്മേവുന്നു മൗലിയില്‍!' എന്ന
കവിവാക്യം ഓര്‍മയില്‍ വരുന്നു.


-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it