പരിമിതികളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃത്യനിര്‍വ്വഹണത്തില്‍ കയ്യടി നേടി മഞ്ചേശ്വരം എക്‌സൈസ്

ഹൊസങ്കടി: പരിമിതികളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃത്യനിര്‍വഹണം കൊണ്ട് കയ്യടി നേടുകയാണ് മഞ്ചേശ്വരം എക്‌സൈസ്. മതിയായ സൗകര്യമില്ലാത്തത് കാരണം എക്‌സൈസ് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എക്‌സൈസ് സംഘം പിടികൂടിയത് ഒരു കോടിയോളം രൂപയുടെ കുഴല്‍പണക്കടത്തും ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കടത്തും അടക്കമുള്ളവയാണ്. കുഴല്‍പ്പണക്കടത്ത്, മദ്യമാഫിയ തുടങ്ങിയവര്‍ക്കെതിരെ വിലങ്ങുവെക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് എക്‌സൈസ് സംഘം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് റോഡരിലുണ്ടായിരുന്ന ബാരിക്കേഡും തല്‍ക്കാലിക ഇരിപ്പിടവും പൊളിച്ച് മാറ്റിയതോടെ എക്‌സൈസ് […]

ഹൊസങ്കടി: പരിമിതികളാല്‍ വീര്‍പ്പുമുട്ടുമ്പോഴും കൃത്യനിര്‍വഹണം കൊണ്ട് കയ്യടി നേടുകയാണ് മഞ്ചേശ്വരം എക്‌സൈസ്. മതിയായ സൗകര്യമില്ലാത്തത് കാരണം എക്‌സൈസ് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ എക്‌സൈസ് സംഘം പിടികൂടിയത് ഒരു കോടിയോളം രൂപയുടെ കുഴല്‍പണക്കടത്തും ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കടത്തും അടക്കമുള്ളവയാണ്. കുഴല്‍പ്പണക്കടത്ത്, മദ്യമാഫിയ തുടങ്ങിയവര്‍ക്കെതിരെ വിലങ്ങുവെക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് എക്‌സൈസ് സംഘം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് റോഡരിലുണ്ടായിരുന്ന ബാരിക്കേഡും തല്‍ക്കാലിക ഇരിപ്പിടവും പൊളിച്ച് മാറ്റിയതോടെ എക്‌സൈസ് സംഘം പരിശോധന നടത്തുന്നത് വളരെ ബുദ്ധിമുട്ട് അനുഭവിച്ചാണ്. ബാരിക്കേഡ് ഇല്ലാത്തത് കാരണം വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാന്‍ സംവിധാനം നഷ്ടപ്പെട്ടതോടെ പലപ്പോഴും എക്‌സൈസ് ജീപ്പ് കുറുകെയിട്ടാണ് അനധികൃത കടത്തുകള്‍ തടയുന്നതും ഇതിന് പിന്നിലുള്ളവരെ പിടികൂടുന്നതും. നടുറോഡില്‍ മഴ നനഞ്ഞ് നിന്ന് ജീവന്‍ പണയപ്പെടുത്തിയാണ് പലപ്പോഴും വാഹന പരിശോധന നടത്താറ്. വാഹനങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സംവിധാനമില്ലാത്തതിനാല്‍ എക്‌സൈസ് സംഘത്തെ ഗൗനിക്കാതെ അനധികൃത കടത്ത് വാഹനങ്ങള്‍ മിന്നല്‍ വേഗത്തില്‍ ഓടിച്ചു പോവുന്നത് പതിവാണ്. ഇത്തരം വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടണമെങ്കില്‍ കാലപ്പഴക്കം ചെന്ന എക്‌സൈസ് ജീപ്പിന് പരിമിതിയുണ്ട്. തള്ളി വേണം ജീപ്പ് സ്റ്റാര്‍ട്ട് ആക്കാന്‍. അപ്പോഴേക്കും കടത്ത് സംഘത്തിന്റെ വാഹനങ്ങള്‍ അവരുടെ കേന്ദ്രത്തില്‍ എത്തിക്കാണും. ഇത്തരം സങ്കടങ്ങള്‍ ആരോടു പറയുമെന്നാണ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യം. ഷീറ്റുപാകിയ, കെട്ടുറപ്പില്ലാത്ത ഇടുങ്ങിയ ഓഫീസ് മുറിയില്‍ നിന്നു തിരിയാന്‍ പോലുമാവാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്വാസം മുട്ടുകയാണ്. ഇങ്ങനെ പിടികൂടുന്ന പ്രതികളെ സുരക്ഷിതമായി നിര്‍ത്താനാവാത്തതിനാല്‍ ഉടന്‍ തന്നെ കുമ്പള എക്‌സൈസിന് കൈമാറുകയാണ് പതിവ്. കര്‍ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതും വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് വഴിയാണ്. മഞ്ചേശ്വരം എക്‌സൈസിന്റെ ദുരിതാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

സീതിക്കുഞ്ഞി കുമ്പള

Related Articles
Next Story
Share it