മാംഗല്യം ധൂര്‍ത്തിലമരുമ്പോള്‍...

കല്യാണ വീടുകളിലെ പൊങ്ങച്ചത്തിനും ധൂര്‍ത്തിനും ഇന്നും ഒരു കുറവുമില്ല. പ്രളയം വന്നു പോയി നാം പഠിച്ചില്ല. കൊറോണ വന്നു നമ്മെ വീട്ടില്‍ പിടിച്ചിരുത്തി പഠിപ്പിക്കാന്‍ നോക്കി…എന്നിട്ടും പാഠം പഠിച്ചില്ല. പ്രളയവും കൊറോണയും വന്ന് പോയെങ്കിലും നമ്മുടെ അഹങ്കാരത്തിനും ധൂര്‍ത്തിനും ഇതുവരെ ഒരു കുറവും വന്നിട്ടില്ല. പറഞ്ഞു വരുന്നത് വിവാഹധൂര്‍ത്തിനെ കുറിച്ചാണ്. സ്ത്രീധനമെന്ന ഊരാക്കുടുക്കില്‍ നിന്ന് സമൂഹത്തിന് അല്‍പം മോചനം കിട്ടിയിട്ടുണ്ടെങ്കിലും പണച്ചാക്കുകളുടെയിടയില്‍ അത് ഇന്നും ദുഷിച്ച് നാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പലരും കാട്ടിക്കൂട്ടുന്ന വിവാഹ മാമാങ്കള്‍ക്കും കോപ്രായങ്ങള്‍ക്കും ഇരകളാകുന്നത് […]

കല്യാണ വീടുകളിലെ പൊങ്ങച്ചത്തിനും ധൂര്‍ത്തിനും ഇന്നും ഒരു കുറവുമില്ല. പ്രളയം വന്നു പോയി നാം പഠിച്ചില്ല. കൊറോണ വന്നു നമ്മെ വീട്ടില്‍ പിടിച്ചിരുത്തി പഠിപ്പിക്കാന്‍ നോക്കി…എന്നിട്ടും പാഠം പഠിച്ചില്ല. പ്രളയവും കൊറോണയും വന്ന് പോയെങ്കിലും നമ്മുടെ അഹങ്കാരത്തിനും ധൂര്‍ത്തിനും ഇതുവരെ ഒരു കുറവും വന്നിട്ടില്ല. പറഞ്ഞു വരുന്നത് വിവാഹധൂര്‍ത്തിനെ കുറിച്ചാണ്. സ്ത്രീധനമെന്ന ഊരാക്കുടുക്കില്‍ നിന്ന് സമൂഹത്തിന് അല്‍പം മോചനം കിട്ടിയിട്ടുണ്ടെങ്കിലും പണച്ചാക്കുകളുടെയിടയില്‍ അത് ഇന്നും ദുഷിച്ച് നാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പലരും കാട്ടിക്കൂട്ടുന്ന വിവാഹ മാമാങ്കള്‍ക്കും കോപ്രായങ്ങള്‍ക്കും ഇരകളാകുന്നത് സാധാരണക്കാരാണ്. ചെക്കന് എന്ത് കൊടുക്കും പെണ്ണിന് എത്ര പൊന്നിടും എന്ന ചോദ്യത്തോടെ കച്ചവടം ഉറപ്പിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ ആരുംശ്രമിക്കുന്നില്ല. സ്ത്രീധനം വാങ്ങുകയില്ല, കൊടുക്കുകയില്ല എന്ന ദൃഢപ്രതിജ്ഞ സമൂഹത്തിലെ യുവാക്കുകളില്‍ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ട്. അതോടെ വിങ്ങിപ്പൊട്ടുന്ന എത്രയോ പെണ്‍കുട്ടികളുടെ ഖല്‍ബുകളെ നമുക്ക് സമാശ്വസിപ്പിക്കാന്‍ കഴിയും.
ഈ വിവാഹധൂര്‍ത്ത് ആരംഭിക്കുന്നത്, പെണ്ണ് കാണല്‍ ചടങ്ങില്‍ നിന്നാണ്. പെണ്ണ് കാണല്‍ ചടങ്ങിന് വീട്ടില്‍ നിന്ന് ഒരു പട തന്നെ ചമഞ്ഞൊരുങ്ങി പുറപ്പെടും. കൂട്ടത്തില്‍ തൊണ്ണൂറ് കഴിഞ്ഞ മുതുമുത്തശ്ശിമാരുണ്ടാകും. റിസോര്‍ട്ട്, പാര്‍ക്ക്, ബീച്ച്, ദര്‍ഗ, ഹോസ്പിറ്റല്‍ പെണ്ണ് കാണല്‍ ചടങ്ങിന് ഇവയില്‍ ഏതെങ്കിലുമൊരു രണ്ട് കൂട്ടരും കൂടി മുമ്പേ കണ്ടെത്തും. പെണ്ണ് കാണല്‍ ചടങ്ങിന് നിശ്ചയിച്ച സ്ഥലത്ത് ആദ്യം പാഞ്ഞെത്തുന്നത് പെണ്ണിന്റെ കൂട്ടരായിരിക്കും. അവരവിടെ മണിക്കൂറോളം കാത്ത് നിന്ന് മുഷിഞ്ഞതിന് ശേഷമായിരിക്കും ആണിന്റെ കൂട്ടരെത്തുന്നത്. അതാണല്ലോ നമ്മുടെ നാട്ടുനടപ്പ്. അത് നാം ഒരിക്കലും തെറ്റിക്കാറുമില്ല. വരന്റെ വീട്ടില്‍ നിന്ന് പെണ്ണിനെ കാണാന്‍ വരുന്ന ബന്ധു സ്ത്രീകള്‍ പെണ്ണിനെ വിചാരണ ചെയ്യുന്ന രംഗം അസഹനീയം. ചോദ്യം ചെയ്യലില്‍ നിന്നാണ് തുടക്കം. പേരെന്ത്, ഏത് വരെ പഠിച്ചു, ഏത് കോളേജില്‍ പഠിച്ചു, ജോലിക്ക് പോകുന്നുണ്ടോ, വയസെത്രയായി, സഹോദരിമാര്‍ എത്ര, ആങ്ങളമാരെത്ര, അവര്‍ എന്ത് ചെയ്യുന്നു, ഭക്ഷണങ്ങള്‍ ഉണ്ടാക്കാനറിയുമോ, അറിയാമെങ്കില്‍ എന്തെല്ലാം ഭക്ഷണങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ പോകുന്നു ആദ്യവിചാരണ. ചോദ്യം കഴിഞ്ഞാല്‍ അടുത്തത് ദേഹ പരിശോധന. കസ്റ്റംസ് പരിശോധനയെക്കാളും കഠിനമാണ്. പരിശോധന കഴിഞ്ഞാല്‍ അല്‍പം മാറിനിന്ന് പെണ്ണിന്റെ കുറവുകളെണ്ണുകയായി. പെണ്ണിന്റെ മുടിക്ക് നീളം പോരാ. ശരീരത്തിന് നിറം പോരാ, പിന്‍വശം പോരാ, മുന്‍വശംതീരെ പോരാ, ആകൃതി പോരാ, പെണ്ണിന് തടി പോരാ, ഉയരം പോരാ, നീളം കൂടിപ്പോയി, തടി കൂടിപ്പോയി, കണ്ണ് കോങ്കണ്ണ്, കണ്ണ് കൊട്ടക്കണ്ണ്, മൂക്ക് തവള മൂക്ക്, ചെവി ആനച്ചെവി, പെണ്ണുടുത്ത ഡ്രസ്സ് തീരേ പോരാ. കാലിലിട്ട ചെരുപ്പും, കാതിലിട്ട ജിമിക്കിക്കമ്മലും മോഡേണല്ല…
സര്‍വ്വ മര്യാദകളും ലംഘിച്ച് കൊണ്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതും കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നതും. പരിശോധന കഴിഞ്ഞ് പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ ഇഷ്ട സമ്മാനമായി പണക്കാരാണെങ്കില്‍ പത്ത് പവനില്‍ കുറയാത്ത ആഭരണം കൊടുക്കും. സാധാരണക്കാരാണെങ്കില്‍ മൊബൈല്‍ ഫോണോ, മോതിരമോ, കുറഞ്ഞത് മിഠായിപ്പൊതിയോ പെണ്ണിന്റെ കയ്യില്‍ വെച്ച് കൊടുക്കും. പിന്നീട് വല്ല കാരണ വശാലും തെറ്റേണ്ടി വന്നാല്‍ കൊടുത്ത സാധനം തിരിച്ച് കിട്ടാന്‍ വേണ്ടി കോടതിപ്പടി വരെ കയറിയിറങ്ങും. ചിലര്‍ പോട്ടെന്ന് വെച്ച് മിണ്ടാതിരിക്കും.
ചെറുക്കനും പെണ്ണിനും സമ്മതമായാല്‍ നിശ്ചയിച്ച് തിയ്യതി കുറിക്കും കാരണവന്മാരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന നിശ്ചയമാണ് ആദ്യത്തെ പ്രധാന ചടങ്ങ്. ഈ ചടങ്ങിലേക്ക് അടുത്ത ബന്ധുക്കളെയും അയല്‍പക്കക്കാരെയും സുഹൃത്തുക്കളെയും ഹോട്ടലിലേക്കോ വീട്ടിലേക്കോ ക്ഷണിക്കും. അവരുടെ മുന്നില്‍ വെച്ച് കല്യാണ നാള്‍ വിളംബരം ചെയ്യും. പണച്ചാക്കുകള്‍ നടത്തുന്ന നിശ്ചയിപ്പിന് ഒരു വലിയ സദ്യ തന്നെ ഒരുക്കും. ഇത്തരം സദ്യക്ക് കോപ്പ് കൂട്ടാനുള്ള സാമ്പത്തികശേഷി പാവപ്പെട്ടവനുണ്ടായിരുന്നെങ്കില്‍ അവരുടെ മക്കളുടെ മംഗല്യ സ്വപ്‌നം എന്നേ പൂവണിഞ്ഞേനെ.
കല്യാണത്തിന് ഒരാഴ്ച മുമ്പ് തന്നെ പന്തലിടാന്‍ തുടങ്ങും. അതോടെ വിവാഹഘോഷത്തിന്റെ പ്രതീതി ഉണരും. പണക്കാരന്റെ വീട്ടു മുറ്റത്ത് ഉയരുന്ന പന്തലിന് വലിപ്പവും മൊഞ്ചും കൂടും. പാവപ്പെട്ടവന്റേതിന് അത് കുറയും. പണ്ടൊക്കെ കല്ല്യാണത്തിന് പന്തലിന് കാല്‍ നാട്ടുന്ന ചടങ്ങുണ്ടായിരുന്നു. പള്ളിയിലെ ഖതീബിനെയോ മുക്രിയേയോ വിളിച്ച് വരുത്തി ഫാത്തിഹയും ഇഖ്‌ലാസ്സും മറ്റ് സൂറത്തുകളും ഓതി ദുആ ചെയ്തതിന് ശേഷം കാരണവന്മാരുടെ ആശിര്‍വാദത്തോടെ പന്തലിന് കാല്‍ നാട്ടല്‍ ചടങ്ങ് നടക്കും. ദിവസങ്ങള്‍ക്കകം ഓലപ്പന്തല്‍ ഉയരും. അന്ന് ഓലപ്പന്തലായിരുന്നെങ്കില്‍ ഇന്ന് തുണിപ്പന്തല്‍. പന്തലിന്റെ പണി തുടങ്ങിയാല്‍ അയല്‍ക്കാരും അടുത്ത ബന്ധുക്കളും കല്യാണ വീട്ടില്‍ സജീവമാകും. അവര്‍ വന്നും പോയും കൊണ്ടേയിരിക്കും കല്യാണത്തിന് മുന്നോടിയായുള്ള ആളനക്കവും ബഹളവും തുടങ്ങുന്നത് പന്തലിടുന്ന നേരത്താണ്. അയല്‍പക്കത്തെ ആണുങ്ങളെക്കാള്‍ പെണ്ണുങ്ങളാണ് കല്ല്യാണ വീടുകളെ ഉണര്‍ത്തുന്നത്. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. അരി ചേറുന്ന സമയത്ത് നേരമ്പോക്കിന് ആരാന്റെ കുറവുകള്‍ നന്നായി വിളമ്പും. അതിന് ഒത്ത് കൂടാന്‍ പറ്റിയ നല്ലൊരു വേദിയാണ് കല്ല്യാണവീട്. പന്തലുയര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ മൂന്ന് ദിവസം വരെ കല്ല്യാണം നീളും. ആദ്യം മൈലാഞ്ചി. മൈലാഞ്ചി ദിവസം രാത്രിയില്‍ പണക്കാരുടെ വീട്ടില്‍ പഞ്ചനക്ഷത്ര വിരുന്നൊരുക്കും. ഭക്ഷണമാണല്ലോ എല്ലാ സംസ്‌കാരങ്ങളുടെയും ആട്ടു തൊട്ടില്‍. മൈലാഞ്ചി കഴിഞ്ഞ് പിറ്റേന്ന് നിക്കാഹ്. പെണ്ണിന്റെ ഉപ്പ മകളെ ഖതീബിന്റെ അല്ലെങ്കില്‍ ഖാസിയുടെ കാര്‍മ്മികത്വത്തില്‍ പുതിയാപ്ലക്ക് ഏല്‍പിച്ച് കൊടുക്കുന്ന ചടങ്ങാണ് അത്. ഈ ചടങ്ങ് കഴിഞ്ഞുള്ള തീറ്റക്കാണ് ഏറ്റവും പ്രധാനം. തീന്‍ മേശകളില്‍ പലതരത്തിലും പല രുചികളിലുമുള്ള മുന്തിയ തരം വിഭവങ്ങള്‍ വിളമ്പി നിരത്തുന്നത് നിക്കാഹ് വേളയിലാണ്. ആട് ബിരിയാണി, കോഴി ബിരിയാണി, മീന്‍ ബിരിയാണി, കോഴി പൊരിച്ചത്, കോഴിചുട്ടത്, കാട പൊരിച്ചത്, ആട്ചുട്ടത്, പൊറോട്ട, വെള്ളപ്പം, നൂലപ്പം, കല്‍ത്തപ്പം, നെയ്പത്തിരി, ചപ്പാത്തി തന്തൂര്‍ റൊട്ടി, ബീഫ് കറി, ബീഫ് ഫ്രൈ ചിക്കന്‍കറി, മട്ടന്‍ കറി, കാടമുട്ട ഫ്രൈ, അയക്കൂറ പൊരിച്ചത് ചെമ്മീന്‍ പൊരിച്ചത്, നൂഡില്‍സ്, പെപ്‌സി, സെവനപ്പ്, കൊക്ക കോള…എണ്ണമറ്റ വിഭവങ്ങളുടെ വന്‍ ശേഖരം തീന്‍ മേശയില്‍ നിരന്നിട്ടുണ്ടാവും.. പോരാത്തതിന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മുഴുവന്‍ പഴവര്‍ഗ്ഗങ്ങളും. മൈലാഞ്ചിരാത്രിയില്‍ തുടങ്ങിയ തീറ്റ മൂന്നോ നാലോ ദിവസം നീണ്ട് നില്‍ക്കും. കല്ല്യാണ സല്‍ക്കാരം ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും അവസരങ്ങളായി മാറുകയാണ്. ഞാനായിട്ട് ഇതെങ്ങനെ ഇല്ലാതാക്കും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചടങ്ങുകള്‍ക്കും മുമ്പില്‍ നില്‍ക്കുന്നത് ഇത്തരം തീറ്റ തന്നെയാണ്. കല്ല്യാണം കഴിഞ്ഞ് തിന്നാനാളില്ലാതെ ഭക്ഷണം ബാക്കിയായാല്‍ കുഴിച്ചു മൂടാന്‍ ഒരു ദാക്ഷിണ്യവും കാട്ടാറില്ല. എന്ത് മാത്രം സങ്കടകരമാണിത്. ഭക്ഷണം കുഴിച്ചു മൂടുന്നത് അഭിമാനമായി കരുതുന്ന ചില സമ്പന്നരെങ്കിലും നമുക്കിടെയിലുണ്ട്. അമ്മഞ്ഞി ഹാജി മൂന്ന് ചെമ്പ് ബിരിയാണി കുഴിച്ചു മൂടിയാല്‍ മമ്മിഞ്ഞി ഹാജിക്ക് നാല് ചെമ്പ് കുഴിച്ച് മൂടണം.ഭക്ഷണം ബാക്കിയില്ലെങ്കിലും നാല് ചെമ്പ് ബിരിയാണി പെട്ടെന്ന് പാകം ചെയ്ത്ചൂടോടെ ആള്‍ക്കൂട്ടങ്ങള്‍ കാണ്‍കെ കുഴിച്ചു മൂടി തന്റെ പേരും പെരുമയും വിളിച്ചറിയിക്കും. അമ്മഞ്ഞി ഹാജിയേക്കാളും ഉഷാര്‍ മമ്മിഞ്ഞിയാജിയാണെന്ന് നാട്ടുകാര്‍ കൊട്ടിഘോഷിക്കണം. കല്ല്യാണധൂര്‍ത്തിനെതിരെ ശക്തമായ ശബ്ദമുയരണം.
ലാളിത്യത്തിലൂടെയുള്ള കല്ല്യാണ ആഘോഷങ്ങളാണ് കൊട്ടിഘോഷിക്കപ്പെടേണ്ടത്.

-കെ.കെ അബ്ദു കാവുഗോളി

Related Articles
Next Story
Share it