മംഗളൂരുവിലെ കോളേജില്‍ കാസര്‍കോട് സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനവും റാഗിംഗും; ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കോളേജില്‍ കാസര്‍കോട് സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും റാഗിംഗിന് വിധേയരാക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒമ്പത് മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മംഗളൂരു ശ്രീനിവാസ് കോളേജ് വളച്ചില്‍ കാമ്പസിലെ ഒന്നാംവര്‍ഷ ബിഫാം വിദ്യാര്‍ഥി കാസര്‍കോട് സ്വദേശിയായ അഭിരാജിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതേ കോഴ്സിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളും മലയാളികളുമായ ജിഷ്ണു (20), പി.വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത് രാജീവ് (21), പി രാഹുല്‍ (21), […]

മംഗളൂരു: മംഗളൂരു കോളേജില്‍ കാസര്‍കോട് സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും റാഗിംഗിന് വിധേയരാക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒമ്പത് മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മംഗളൂരു ശ്രീനിവാസ് കോളേജ് വളച്ചില്‍ കാമ്പസിലെ ഒന്നാംവര്‍ഷ ബിഫാം വിദ്യാര്‍ഥി കാസര്‍കോട് സ്വദേശിയായ അഭിരാജിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതേ കോഴ്സിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളും മലയാളികളുമായ ജിഷ്ണു (20), പി.വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത് രാജീവ് (21), പി രാഹുല്‍ (21), ജിഷ്ണു (20), മുകതാര്‍ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താടിയും മുടിയും വടിച്ചുകളയണമെന്നാവശ്യപ്പെട്ട് ജനുവരി 10ന് അഭിരാജിനെയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഭീഷണിയുണ്ടാകുകയും രണ്ടുപേരും സീനിയര്‍ വിദ്യാര്‍ഥികളുടെ താമസസ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് അഭിരാജും സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയിരുന്നു. ഇതോടെ സംഘം ഇവരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ക്രൂരമായ റാഗിംഗിന് ഇരയായതിനെ തുടര്‍ന്ന് മാനസികമായും ശാരീരികമായും തളര്‍ന്ന അഭിരാജ് ഈ കോളേജിലെ പഠനം അവസാനിപ്പിച്ച് കാസര്‍കോട്ടേക്ക് മടങ്ങി. ഇനി കോളേജിലേക്ക് പോകുന്നില്ലെന്ന് അഭിരാജ് അറിയിച്ചതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് കോളേജ് മാനേജ്‌മെന്റ് രക്ഷിതാക്കളെ അറിയിച്ചത്. ഇതേ തുടര്‍ന്ന് അഭിരാജ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it