ഉള്ളാള്‍ ബോട്ട് ദുരന്തം: 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; കാണാതായ അവസാനത്തെ ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. കാണാതായ അവസാനത്തെ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍, തീരദേശ പോലീസ്, തീരസംരക്ഷണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മറിഞ്ഞ ബോട്ട് വെള്ളത്തില്‍ നിന്ന് ഉയര്‍ത്താന്‍ സോമേശ്വറില്‍ നിന്നുള്ള തൊഴിലാളികളെ എത്തിക്കാനായി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും 15 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ മാത്രമെ അവിടുത്തെ ബാര്‍ജിന് ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ […]

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. കാണാതായ അവസാനത്തെ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധര്‍, തീരദേശ പോലീസ്, തീരസംരക്ഷണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മറിഞ്ഞ ബോട്ട് വെള്ളത്തില്‍ നിന്ന് ഉയര്‍ത്താന്‍ സോമേശ്വറില്‍ നിന്നുള്ള തൊഴിലാളികളെ എത്തിക്കാനായി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടെങ്കിലും 15 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ മാത്രമെ അവിടുത്തെ ബാര്‍ജിന് ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. കാണാതായ മത്സ്യത്തൊഴിലാളിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ നഗരത്തിലെ തീരദേശ സുരക്ഷാ പോലീസിനെയോ പോലീസ് കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ ഗംഗി റെഡ്ഡി അഭ്യര്‍ത്ഥിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ട് തീരത്തുനിന്നും ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടത്തില്‍പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് രാത്രിയോടെ തിരിക്കാനിരിക്കെയാണ് മറിഞ്ഞതെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചത്. പിന്നീട് മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കരുതുന്നു. 19 പേരെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ആറ് പേരെ കാണാതാവുകയായിരുന്നു. ശ്രീ രക്ഷ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്.

തിങ്കളാഴ്ച മത്സ്യബന്ധനം നടത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ തീരത്തെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയിട്ടും എത്താത്തതോടെ ബോട്ടുടമ വയര്‍ലെസ് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകളുമായി ബന്ധപ്പെടുകയും ബോട്ടിനായി തിരയാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരച്ചില്‍ നടത്തുന്നതിനിടെ ശൂന്യമായ വല കണ്ടെത്തി. അവിടെ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ 19 പേര്‍ ഡിംഗീസില്‍ അഭയം തേടിയതായി ശ്രദ്ധയില്‍ പെടുകയും ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉടന്‍ അവിടെ ചെന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

ദുരന്തത്തില്‍ മരിച്ച അഞ്ച് മത്സ്യത്തൊഴിലാളികളുടെയും കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ആറ് ലക്ഷം രൂപയുടെ സഹായധനം ജില്ലാ ചുമതലയുള്ള മത്സ്യബന്ധന മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി കഴിഞ്ഞ ദിവസം കൈമാറി.

Mangaluru: Boat tragedy - Search for missing fisherman on

Related Articles
Next Story
Share it