മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി; പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

മംഗളുരു: മംഗളൂരുവിലെ ഓട്ടോ ബോംബ് സ്ഫോടനക്കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു. എന്‍.ഐ.എയിലെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബണ്ട്വാള്‍ പാനി സ്വദേശി ഇജാജിനെയാണ് കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇജാജിനെ കസ്റ്റഡിയിലെടുത്തത്.അതേസമയം മംഗളൂരു സ്ഫോടനം ആസൂത്രിതമാണെന്ന് കര്‍ണ്ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായും കണ്ടെത്തലുണ്ട്. അന്വേഷണത്തിനായി […]

മംഗളുരു: മംഗളൂരുവിലെ ഓട്ടോ ബോംബ് സ്ഫോടനക്കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചു. എന്‍.ഐ.എയിലെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബണ്ട്വാള്‍ പാനി സ്വദേശി ഇജാജിനെയാണ് കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇജാജിനെ കസ്റ്റഡിയിലെടുത്തത്.അതേസമയം മംഗളൂരു സ്ഫോടനം ആസൂത്രിതമാണെന്ന് കര്‍ണ്ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായും കണ്ടെത്തലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കര്‍ണാടക ഡി.ജി.പി അറിയിച്ചിരുന്നു.
മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശിവമോഗയിലെ മുഹമ്മദ് ഷെരീഖുമായി ബന്ധമുള്ള തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം സ്വദേശി സുരേന്ദ്രനെയാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷെരീഖിനെ അറിയാമെന്ന് സുരേന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചു. സുരേന്ദ്രന്റെ ആധാര്‍ രേഖകള്‍ ഉപയോഗിച്ചാണ് ഷെരീഖ് ഫോണിന്റെ സിം കാര്‍ഡ് വാങ്ങിയത്. ശനിയാഴ്ച വൈകിട്ടാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. ഷെരീഖിനും ഓട്ടോഡ്രൈവര്‍ മംഗളൂരു ഉജ്ജോഡി സ്വദേശി പുരുഷോത്തമയ്ക്കുമാണ് സ്ഫോടനത്തില്‍ പൊള്ളലേറ്റത്. ഇവര്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ഷെരീഖ് സഞ്ചരിച്ച ഓട്ടോറിക്ഷ നാഗൂരിയില്‍ എത്തിയപ്പോള്‍ ബാഗിലെ പ്രഷര്‍ കുക്കറിനുള്ളിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഓട്ടോയിലെ ഗ്യാസ് ടാങ്ക് പൊട്ടിയതാണെന്നാണ് ആദ്യം കരുതിയിരുന്നത്. പ്രഷര്‍ കുക്കറില്‍ ബന്ധിപ്പിച്ച നിലയില്‍ വയറുകളും ഡിറ്റനേറ്ററുകളും കണ്ടെത്തിയതോടെയാണ് ഇത് അപകടമല്ലെന്ന് വ്യക്തമായത്. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ആധാര്‍ കാര്‍ഡ് ഹുബ്ലിയിലെ പ്രേംരാജിന്റേതാണെന്നും ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ബസ് യാത്രക്കിടെ തന്റെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി പ്രേംരാജ് പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആസ്പത്രിയിലുള്ളത് ഷെരീഖാണെന്ന് തിരിച്ചറിഞ്ഞത്.
ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഷെരീഖിനെ സെപ്റ്റംബര്‍ മുതല്‍ കാണാതായിരുന്നു. ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ കുടുംബം മംഗളൂരുവില്‍ എത്തും. ഷെരീഖ് തമിഴ്‌നാട്ടിലെ ചില നമ്പറുകളിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 23ന് ദീപാവലി തലേന്ന് കാറിലുണ്ടായ സ്ഫോടനത്തില്‍ 29 കാരിയായ ജമീഷ മുബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളം എന്‍.ഐ.എ നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു. യു.എ.പി.എ ചുമത്തപ്പെട്ട ആറ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം ഷെരീഖും മുബിനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇപ്പോള്‍ രേഖകളൊന്നും ലഭ്യമല്ലെന്ന് തമിഴ്‌നാട് പോലീസ് ഡയറക്ടര്‍ ജനറല്‍ സി. ശൈലേന്ദ്ര ബാബു മാധ്യമങ്ങളോട് പറഞ്ഞു.

Related Articles
Next Story
Share it