കുമ്പള: കര്‍ണാടകയില്‍ സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് കോടിരൂപയും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ ഷിറിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയയിലെ കബീറിനെ(35)യാണ് കര്‍ണാടക കാര്‍വാര്‍ ജില്ലയിലെ കോലാപൂര്‍ യെല്ലാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യെല്ലാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വര്‍ണ്ണവ്യാപാരിയായ നികേഷ് പാണ്ഡുരംഗനായകിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കബീര്‍ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. നാല് കാറുകളാണ് നികേഷിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ചത്. ഇതില്‍ ഒരു കാര്‍ കുമ്പള അംഗഡിമുഗറില്‍ നിന്ന് വാടകക്കെടുത്തതാണ്. ഈ കാര്‍ യെല്ലാപൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബീറിനെ കൂടാതെ ഉപ്പള സ്വദേശികളായ മൂന്ന് പ്രതികളും ഇനി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവില്‍ കഴിയുകയാണ്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാരാണ് മറ്റ് പ്രതികള്‍. ഇവര്‍ വേറെ പല കേസുകളിലും പ്രതികളാണ്. നികേഷ് പാണ്ഡുരംഗനായക് ജ്വല്ലറികളില്‍ സ്വര്‍ണ്ണം എത്തിച്ചുകൊടുക്കുന്ന ആളാണ്. ഒരു ജ്വല്ലറിയില്‍ സ്വര്‍ണ്ണം എത്തിച്ച് കാറില്‍ മടങ്ങുകയായിരുന്ന നികേഷിനെ യെല്ലാപൂരിലെ വിജനമായ സ്ഥലത്ത് നാല് കാറുകളിലായി എത്തിയ സംഘം വളയുകയും സ്വര്‍ണ്ണവ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ നിന്ന് വലിച്ച് പുറത്തിറക്കിയ ശേഷം രണ്ട് കോടി രൂപയും സ്വര്‍ണ്ണവും തട്ടിയെടുക്കുകയുമായിരുന്നു. കബീറിന്റെ വീട്ടി്ല്‍ നിന്ന് പണവും സ്വര്‍ണ്ണവും പൊലീസ് കണ്ടെടുത്തു.