മനുഷ്യ-മൃഗം

സംസാരശേഷിയില്ലാത്ത നിഹാല്‍ എന്ന പതിനൊന്നുകാരന്‍ തെരുവു നായ്ക്കളുടെ ഏറ്റവും പുതിയ ഇര. അവന്‍ അവസാനത്തേതാകുമോ? ഒരിക്കലുമില്ല. ഇനിയുമെത്രയോ ദേവാനന്ദുമാരും നിഹാലുമാരും ഇവിടെ ഉണ്ടാവും. കാരണം, മനുഷ്യനേക്കാള്‍ വിലയുള്ള ജീവന്റെ ഉടമകളായി ഇന്ത്യാ രാജ്യത്തെ മൃഗങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി കപട മൃഗ-പരിസ്ഥിതി സ്‌നേഹി ചമയുന്നവരുടെ തലതിരിഞ്ഞ രാജ്യം കൂടിയായി ഇന്ത്യ മാറിയിരിക്കുന്നു.നമ്മുടെ കാടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന ജനപഥങ്ങളായി നമ്മുടെ ജനപഥങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടംകൂട്ടമായി ജനവാസ കേന്ദ്രങ്ങളില്‍ വന്ന് […]

സംസാരശേഷിയില്ലാത്ത നിഹാല്‍ എന്ന പതിനൊന്നുകാരന്‍ തെരുവു നായ്ക്കളുടെ ഏറ്റവും പുതിയ ഇര. അവന്‍ അവസാനത്തേതാകുമോ? ഒരിക്കലുമില്ല. ഇനിയുമെത്രയോ ദേവാനന്ദുമാരും നിഹാലുമാരും ഇവിടെ ഉണ്ടാവും. കാരണം, മനുഷ്യനേക്കാള്‍ വിലയുള്ള ജീവന്റെ ഉടമകളായി ഇന്ത്യാ രാജ്യത്തെ മൃഗങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി കപട മൃഗ-പരിസ്ഥിതി സ്‌നേഹി ചമയുന്നവരുടെ തലതിരിഞ്ഞ രാജ്യം കൂടിയായി ഇന്ത്യ മാറിയിരിക്കുന്നു.
നമ്മുടെ കാടുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാട്ടുമൃഗങ്ങള്‍ സൈ്വരവിഹാരം നടത്തുന്ന ജനപഥങ്ങളായി നമ്മുടെ ജനപഥങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടംകൂട്ടമായി ജനവാസ കേന്ദ്രങ്ങളില്‍ വന്ന് അതാതു പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വമ്പിച്ച ഭീഷണിയും കനത്ത നാശനഷ്ടവും വരുത്തുന്നത് നിത്യസംഭവമായതിനാല്‍ ഇന്ന് വലിയ വാര്‍ത്തയാകുന്നില്ല. മനുഷ്യ രോദനങ്ങളെല്ലാം തന്നെ വനരോദനങ്ങളായി മാറുമ്പോള്‍ ഇച്ഛാശക്തിയോ ജനങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്ത കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും ആനയേയും പോത്തിനേയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഉല്ലാസയാത്ര കൊണ്ടു പോകുന്ന അക്ഷന്തവ്യമായ ഹാസ്യനാടകം അരങ്ങേറ്റുകയാണ്.
നഗരപ്രാന്തങ്ങളോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ പോലും ഒരു കര്‍ഷകന് പത്തു മൂട് കപ്പയോ നാല് വാഴയോ വയ്ക്കാന്‍ പറ്റാത്ത വിധം കാട്ടുപന്നികളുടേയും ഉടുമ്പുകളുടേയും ശല്യം മൂലം ചെറുകിട കര്‍ഷകരെല്ലാം തന്നെ കാര്‍ഷികവൃത്തിയോടു തന്നെ സലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കാട്ടുപന്നികളേയും ഉടുമ്പുകളേയും കീരികളേയും മുയലുകളേയും പോകട്ടെ, ഒരു പെരുച്ചാഴിയെപ്പോലും കൊല്ലാന്‍ പറ്റാത്തത്രയും വകതിരിവില്ലാത്തതും മനുഷ്യപ്പറ്റില്ലാത്തതുമായ വന്യ-ക്ഷുദ്രജീവി സൗഹൃദ നിയമങ്ങളാല്‍ ലോകസമക്ഷം പരിഹാസ്യരായിക്കൊണ്ടിരിക്കുകയാണ് നാം. കൊതുകിനെയും ഈച്ചകളേയും കൂടി കൊല്ലാന്‍ പാടില്ല എന്ന നിയമം കൂടി അധികം വൈകാതെ നമുക്കു പ്രതീക്ഷിക്കാം എന്നാണ് കാര്യങ്ങളുടെ പോക്കില്‍ നിന്നും മനസ്സിലാകുന്നത് !
ഹിംസ്ര ജന്തുക്കള്‍ക്കും കാടുകള്‍ക്കു പകരം എന്തു കൊണ്ടാണ് നമ്മുടെ നാടുകള്‍ പ്രിയതരമായിത്തീരുന്നത് എന്നത് പഠന വിധേയമാക്കേണ്ടതാണ്. കാടുകളിലെ ഭക്ഷ്യ-ജല ദൗര്‍ലഭ്യത മാത്രമായിരിക്കുമോ മൃഗങ്ങളെ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രധാന ഘടകം ? മനുഷ്യന്റെ കൈയ്യേറ്റങ്ങള്‍ കൊണ്ട് കാടുകളുടെ വിസ്തൃതി കുറഞ്ഞ് മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ന്നിട്ടുണ്ടെങ്കില്‍ അതില്‍ നാം മനുഷ്യരും നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടങ്ങളും തന്നെയാണ് തെറ്റുകാര്‍. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവകാശപ്പെട്ട കാടുകളെ കൂടുതല്‍ക്കൂടുതല്‍ വെട്ടിത്തെളിച്ച് മുന്നേറുന്നതിനു പകരം നമുക്കായി തയ്യാറാക്കപ്പെട്ട ഇടങ്ങളില്‍ മാത്രം നില്‍ക്കുകയാണ് വേണ്ടത്. വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കൃത്യമായ ബൗണ്ടറി നിശ്ചയിക്കണം. വേലിയെങ്കില്‍ വേലി, മതിലെങ്കില്‍ മതില്‍. കാടിറങ്ങുന്ന വന്യ മൃഗങ്ങളേയും കാടുകയറുന്ന മനുഷ്യരേയും വെടിവെച്ചിടണം. ആ ഫയറിംഗിനു ശേഷവും അവശേഷിക്കുന്ന മൃഗങ്ങളും മനുഷ്യരും മതിയിവിടെ. ഇതു വായിക്കുമ്പോള്‍ ക്രൂരമായി തോന്നാം. പക്ഷേ, മനുഷ്യനും വന്യ മൃഗങ്ങളും തമ്മിലുള്ള നിതാന്ത ഏറ്റുമുട്ടലിനും വൈരത്തിനും വേറെ മരുന്നുണ്ടെന്നു തോന്നുന്നില്ല. ലഘുവും മാനുഷിക മുഖമുള്ളതുമായ നിയമങ്ങള്‍ കൊണ്ടും നടപടികള്‍ കൊണ്ടും ശാശ്വതമായ പരിഹാരം ഉണ്ടാകാന്‍ പോകുന്നില്ല. പുലികള്‍ക്കും കടുവകള്‍ക്കും നാട്ടില്‍ കൂടു വയ്ക്കുകയല്ല മറിച്ച്, അവ നാട്ടിലിറങ്ങാതെ നോക്കുകയാണ് വേണ്ടത്. കാടുകയറി കാട്ടിലെ മൃഗങ്ങളെ വേട്ടയാടുന്നവര്‍ക്കല്ല, തങ്ങളുടെ സ്വവസതികളില്‍ കിടന്നുറങ്ങുകയും ജീവിക്കാനായി കൃഷിയിടങ്ങളില്‍ ഇറങ്ങുകയും ചെയ്യുന്നവരെ പുലിയും കടുവയും കാട്ടുപന്നിയും മറ്റും ആക്രമിച്ചു കൊലപ്പെടുത്തുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയാത്തതാണ്. നാട്ടിലെ പൗരന്മാര്‍ക്കും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഓരോ ഫെഡറല്‍-സ്റ്റേറ്റ് ഗവണ്‍മെന്റുകളുടേയും കടമയും ബാധ്യതയുമാണ്. അതിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിന് തന്നെയാണ് ആദ്യ നിയമ നിര്‍മ്മാണങ്ങള്‍ നടത്തേണ്ടത്. പക്ഷി-മൃഗാദികളുടെയും സസ്യലതാദികളുടേയും സംരക്ഷണച്ചുമതല കൂടി തീര്‍ച്ചയായും ഗവണ്‍മെന്റുകള്‍ക്കുണ്ട്. അതിനുതകുന്ന, വിവേകപൂര്‍വ്വകവും വിവേചനപരവുമായ നിയമങ്ങളാണ് കൊണ്ടുവരേണ്ടത്. ഖേദകരവും നിരാശാജനകവുമെന്നു പറയട്ടെ, നമ്മുടെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും വിവേകപൂര്‍വ്വകമായ നടപടികളല്ല ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മനുഷ്യനു മീതേ മൃഗങ്ങളേയും ഉരഗങ്ങളേയും പക്ഷികളേയും മറ്റും പ്രതിഷ്ഠിക്കുക എന്നത് അത്യന്തം ദയനീയമാണ്. മിത്തുകളും മനുഷ്യന്റെ വിശ്വാസങ്ങളും നരവംശത്തിനു തന്നെ ഹാനികരമാം വിധം ഉയര്‍ന്നു നില്‍ക്കുക എന്നത് ഒരു നാടിന്റെ വളര്‍ച്ചയായല്ല മറിച്ച്, വീഴ്ചയായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.
ഒരു മതം മറ്റൊരു മതത്തോട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ നിര്‍മ്മിച്ചെടുക്കുന്ന അനാവശ്യ വൈരത്തിന്റെ പേരില്‍ പോലും ഇവിടെ മനുഷ്യനും മൃഗവും തമ്മില്‍ വലിച്ചിഴയ്ക്കപ്പെടുന്നു എന്നതും നമ്മുടെ മാത്രം ദുര്യോഗമാണ് എന്നും പറയാതിരിക്കാനാവുന്നില്ല. ഏവര്‍ക്കും ഊഹിക്കാനാവും എന്നതിനാലും സമീപകാലത്തെ ചില നടപടികളില്‍ എല്ലാം മുഴച്ചു നില്‍ക്കുന്നതിനാലും വിശദീകരണത്തിലേക്കു പോകുന്നില്ല.
ഇനി തെരുവുനായ്ക്കള്‍ എന്ന ഒരിക്കലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വിഷയത്തിലേക്കു വരാം. അനുദിനം നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം ഭീതിദമാം വണ്ണം പെരുകിക്കൊണ്ടേയിരിക്കുകയാണ്. വന്ധ്യംകരണം എന്ന വാക്ക് നാട്ടില്‍ ഓരോ ആളുകള്‍ അവയുടെ ആക്രമണത്തിന് ഇരയാകുന്ന അവസരങ്ങളില്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കാം. പട്ടിപിടിക്കല്‍, വാക്‌സിനേഷന്‍, ടി.വി. ചര്‍ച്ചകള്‍, പത്ര വാര്‍ത്തകള്‍...ഠിശും..ഠിശും. പട്ടിപിടിക്കല്‍, വാക്്‌സിനേഷന്‍, ടി.വി. ചര്‍ച്ചകള്‍, പത്രവാര്‍ത്തകള്‍..ഠിശും..ഠിശും.. തീര്‍ന്നു. പിന്നെ, അടുത്ത ഒരു രക്തസാക്ഷി ഉണ്ടാവുന്നതു വരെ കാത്തിരിപ്പ്.
വല്ലാത്ത ദുര്യോഗമാണിത്. പല സ്ഥലത്തും ആളുകള്‍ക്ക് നിര്‍ഭയരായി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നിലയില്‍ പട്ടികള്‍ പെരുകിയിരിക്കുന്നു. രാവിലെ മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന കുട്ടികള്‍ക്ക് വലിയ ഭീഷണിയാണ് അവ. അതുപോലെ സൈക്കിളിലും ബൈക്കിലും സ്‌കൂട്ടറിലും സഞ്ചരിക്കുന്നവരെ പിന്തുടര്‍ന്ന് കടിച്ചു കീറുന്ന നായ്ക്കള്‍ പലപ്പോഴും ഓടുന്ന കാറുകളേയും ബസ്സുകളേയും പോലും കൂട്ടമായി പിന്തുടരുന്നു! ഭയാനകമാണ് പലപ്പോഴും കാഴ്ചകള്‍. സംഘടിച്ചു കഴിഞ്ഞാല്‍ ഏറ്റവും അപകടകാരികളാണ് നായ്ക്കളും ചെന്നായ്ക്കളും കുറുക്കന്മാരും. പുലിയേയും കടുവയേയും പോലും അവ കടിച്ചു കീറി കൊന്നു കളയും! പിന്നെയല്ലേ നിരായുധനും നിസ്സഹായനുമായ മനുഷ്യന്‍ ?
തെരുവുനായ്ക്കളുടെ വംശവര്‍ധന തടയുന്നതിന് വന്ധ്യംകരണം എന്നതൊരു പരിഹാരമേ അല്ല. അത് കോടതികളുടെ കണ്ണില്‍ പൊടിയിടുന്നതിനും ജനരോഷം തല്‍ക്കാലത്തേക്ക് ശമിപ്പിക്കാനുമുള്ള ഒരു നാടകം മാത്രമാണ്. വന്ധ്യംകരിച്ചവയേയും അല്ലാത്തവയേയും തിരിച്ചറിയാനുള്ള സംവിധാനമൊന്നും ഇവിടെ ഉണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല, ശാസ്ത്രീയമായി എത്ര വലിയ വളര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും. പട്ടികള്‍ക്ക് കുത്തിവയ്ക്കുന്ന വാക്‌സിനേഷനെപ്പറ്റിയും മുറയ്ക്ക് കേള്‍ക്കാം. അതുകൊണ്ട് എന്താണ് ഗണ്യമായ ഗുണം? പേപ്പട്ടികള്‍ കടിച്ച് പേയിളകിയിട്ടല്ല മറിച്ച്, പേയൊന്നുമില്ലാത്ത നായ്ക്കൂട്ടം കടിച്ചുകീറിയാണ് ഇവിടെ മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളെയും കൊന്നു കൊണ്ടിരിക്കുന്നത്.
മനുഷ്യനും അവന്റെ ജീവനും ഭീഷണിയായി തെരുവുകളില്‍ പെരുകിക്കൊണ്ടിരിക്കുന്ന നായ്ക്കളെ കൂട്ടത്തോടെ വെടിവെച്ചു കൊല്ലാനുള്ള വഴി തേടുകയാണ് വേണ്ടത്. പക്ഷേ, പട്ടികള്‍ക്കു പോയിട്ട് ഒരു ക്ഷുദ്ര ജീവിയായിരുന്ന എലികള്‍ക്കെതിരേ പോലും സോഷ്യല്‍ മീഡിയകളില്‍ ഒരു കമന്റിട്ടാല്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നാട്ടില്‍, ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രി തന്നെ മനുഷ്യ ജീവനേക്കാള്‍ വലിയ വില പട്ടികള്‍ക്കു നല്‍കുന്ന ഒരു നാട്ടില്‍, നീതിപീഠങ്ങളില്‍ നിന്നു പോലും മനുഷ്യവിരുദ്ധങ്ങളായ ഉത്തരവുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഒന്നും എളുപ്പമല്ല. പക്ഷേ, ഏതു നിയമവും കൊണ്ടുവരാനും ഉള്ള നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താനും രാജ്യം എല്ലാ അധികാരങ്ങളും നല്‍കിയിട്ടുള്ള രാജ്യത്തെ നിയമ നിര്‍മ്മാണ സഭകള്‍ക്ക് ആര്‍ജ്ജവവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഒന്നും അസംഭവ്യമല്ല.
ഒരു ജനാധിപത്യ രാജ്യത്ത് അന്നാട്ടിലെ ജനങ്ങള്‍ക്കായിരിക്കണം ആധിപത്യവും ആജ്ഞാശക്തിയും. അതിനു മുന്നില്‍ മുട്ടുമടക്കാതിരിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല; കഴിഞ്ഞുകൂടാ. ജനവിരുദ്ധമായ പിന്തിരിപ്പന്‍ നിയമങ്ങള്‍ക്കെതിരേ ജനം തെരുവിലിറങ്ങേണ്ട കാലം എന്നേ അതിക്രമിച്ചതാണ്. തലച്ചോറില്ലാത്ത നേതൃത്വങ്ങളെ തിരുത്തുന്നതോടൊപ്പം ആന പ്രേമി, പട്ടി പ്രേമി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുകയും വാര്‍ത്താ മാധ്യമങ്ങളില്‍ മനുഷ്യ വിരുദ്ധമായി സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കപടന്മാരായ കമ്മീഷന്‍ ഏജന്റുമാരേയും തുടലിട്ടു പൂട്ടേണ്ടതുണ്ട്.
വാല്‍ക്കഷ്ണം:
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഫണ്ടിന്റെ കുറവ് നേരിടുന്നതായും കേള്‍ക്കാറുണ്ട്. അതിനു വേണ്ട ഫണ്ട് അനുവദിച്ചിട്ടു മതി സര്‍, മറ്റെല്ലാ വികസന പ്രവര്‍ത്തനങ്ങളും.


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it