തിരുവനന്തപുരം: 64-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടിയും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവര്‍. അര്‍ധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. മോഹന്‍ലാലിന് ചുംബനം നല്കുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി മുഹമ്മദ് റിയാസും ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നെല്‍പ്പാടങ്ങള്‍ക്ക് നടുവിലെ ചെമ്മണ് പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്നും കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണന്നും മന്ത്രി പി.എ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.