70ന്റെ നിറവില്‍ അഭിനയ സൂര്യന്‍

പണ്ടൊരു കാലം... പണ്ടെന്ന് പറഞ്ഞാല്‍ ഒരു മുപ്പത് വര്‍ഷം മുമ്പ്. പഴമക്കാര്‍ക്ക് അതൊരു പഴയകാലമല്ലെങ്കിലും ഞങ്ങള്‍ക്കത് പഴയ കാലമാണ്. എന്തൊരു അഴകായിരുന്നു അക്കാലം. മഴയത്ത് കുടയില്ലാതെ സ്‌കൂളില്‍ പോയൊരുകാലം.. പത്താം ക്ലാസില്‍ എത്തുന്നതിന് മുമ്പേ ക്ലാസ് കട്ട് ചെയ്ത് മിലന്‍ തിയറ്ററിലും കൃഷ്ണ, ഗീത തീയറ്ററുകളിലും വാടകയ്ക്ക് സൈക്കിള്‍ വാങ്ങി ചവിട്ടി പോയൊരുക്കാലം. വെള്ളിത്തിരയില്‍ ഞങ്ങളെ വിസ്മയിപ്പിച്ചത് നടന്‍ പ്രേം നസീറും ജയനുമായിരുന്നു. ജയന്‍ തിളങ്ങി നിന്ന സമയത്തായിരുന്നു കാലയവനകള്‍ക്കുള്ളില്‍ മറഞ്ഞത്. ഞങ്ങളുടെ സിനിമയുടെ നായകന്‍ ഇനി, […]

പണ്ടൊരു കാലം... പണ്ടെന്ന് പറഞ്ഞാല്‍ ഒരു മുപ്പത് വര്‍ഷം മുമ്പ്. പഴമക്കാര്‍ക്ക് അതൊരു പഴയകാലമല്ലെങ്കിലും ഞങ്ങള്‍ക്കത് പഴയ കാലമാണ്. എന്തൊരു അഴകായിരുന്നു അക്കാലം. മഴയത്ത് കുടയില്ലാതെ സ്‌കൂളില്‍ പോയൊരുകാലം.. പത്താം ക്ലാസില്‍ എത്തുന്നതിന് മുമ്പേ ക്ലാസ് കട്ട് ചെയ്ത് മിലന്‍ തിയറ്ററിലും കൃഷ്ണ, ഗീത തീയറ്ററുകളിലും വാടകയ്ക്ക് സൈക്കിള്‍ വാങ്ങി ചവിട്ടി പോയൊരുക്കാലം. വെള്ളിത്തിരയില്‍ ഞങ്ങളെ വിസ്മയിപ്പിച്ചത് നടന്‍ പ്രേം നസീറും ജയനുമായിരുന്നു. ജയന്‍ തിളങ്ങി നിന്ന സമയത്തായിരുന്നു കാലയവനകള്‍ക്കുള്ളില്‍ മറഞ്ഞത്. ഞങ്ങളുടെ സിനിമയുടെ നായകന്‍ ഇനി, ആരാണ്? പിന്നെ വന്നു; രതീഷ്, ഭീമന്‍ രഘു, പിന്നൊരു നടന്‍ മമ്മൂട്ടി, ഞങ്ങള്‍ ജയനെ അവരില്‍ കണ്ടു.
ഫ്‌ലാഷ് ബാക്ക്...
മമ്മൂട്ടി എന്ന നടന്‍ പതുക്കെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അത് മലയാളത്തില്‍ കത്തി പടരുകയായിരുന്നു. മലയാളത്തിന്റെ താര രാജാവാന്‍ സമയം വൈകിയില്ല. മമ്മൂട്ടിയെ ഒന്നു കാണാന്‍ ഞങ്ങളൊക്കെ കൊതിച്ചിരുന്നൊരുകാലം. എപ്പോള്‍? എങ്ങനെ? അതാ ഒരു ദിവസം മമ്മൂട്ടി കാസര്‍കോട് എത്തുന്നുവെന്ന വിവരം.
മമ്മൂട്ടിയെ കൊണ്ടുവരുന്നത് നമ്മുടെ നാട്ടുകാരാണ്. തരംഗിണി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഉദ്ഘാടന ചടങ്ങിന് 1983 ജനുവരി 11 നാണ് മമ്മൂട്ടിയെ കൊണ്ടുവന്നത്. മമ്മുട്ടി വരുന്ന കാര്യം ഒരു മാസക്കാലം പണ്ടത്തെ കാളവണ്ടിയില്‍ പ്രചരണം നടത്തി. കലാ -സാംസ്‌ക്കാരിക മേഖലയില്‍ നിറസാന്നിധ്യമായ എരിയാല്‍ ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു മമ്മുട്ടിയെ കാസര്‍കോട്ടെത്തിച്ചത്. നെല്ലിക്കുന്ന് ലളിതാകലാസദനത്തിലായിരുന്നു ചടങ്ങ്. മമ്മൂട്ടിയെ കൊണ്ടുവന്നത് കണ്ണൂരിലെ ഐ.വി.ശശിയുടെ അതിരാത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നിന്നായിരുന്നു. ഏകദേശം വൈകീട്ട് ആറ് മണിയോടെ വെള്ള പൈജാമ ധരിച്ച് ജീപ്പില്‍ മമ്മൂട്ടി എത്തി. ദൂരേ നിന്നും കണ്ട് സായൂജ്യമടഞ്ഞു. കാലം സഞ്ചരിച്ചു.
മലയാള സിനിമയില്‍ തന്നെ ഞാന്‍ യാദൃശ്ചികമായി എത്തി. നിരവധി ലോക്കേഷനുകളില്‍ അദ്ദേഹത്തെ കണ്ടു.
പിന്നെയുമൊരു ഫ്‌ലാഷ്ബാക്ക്...
എഴുപത് വയസില്‍ ഒരു യുവാവിന്റെ പ്രസരിപ്പോടെ വെള്ളിത്തിരയില്‍ നിറഞ്ഞാടുകയാണ് മലയാളത്തിന്റെ മഹാനടന്‍. 50 വര്‍ഷത്തെ അഭിനയ ജീവിതം.
സിനിമാ മോഹവുമായി ലോക്കേഷനുകളിലേക്ക് സഞ്ചരിക്കുകയായിരുന്നു മുഹമ്മദ് കുട്ടി. എന്ന മമ്മൂട്ടി. സംവിധായകന്‍ സേതുമാധവന്റെ മുന്നിലെത്തിയ യുവാവ്. സിനിമയില്‍ ഭാഗ്യാനേഷി. ചാന്‍സ് ചോദിച്ച്..
എവിടെ സര്‍ ഷൂട്ടിങ്ങ്..?
ആലപ്പുഴ ചേര്‍ത്തലയില്‍. അവിടെ എത്തിയാല്‍ ചാന്‍സ്? അവിടെ വരു എന്നായി. സംവിധായകന്‍ അനുഭവങ്ങള്‍ പാളിച്ചകളുടെ സെറ്റിലെത്തി. ശരീരം പോര, നിരാശനായില്ല. നിരവധി സെറ്റുകളില്‍ കയറിയിറങ്ങിയ യുവാവ്. കഠിനാധ്വാനമായിരുന്നു കൈമുതല്‍. കയ്‌പേറിയ നിരവധി അനുഭവങ്ങള്‍. പതുക്കെ പതുക്കെ സിനിമയുടെ ഭാഗമാവുകയായിരുന്നു. കരുത്തുറ്റ ശബ്ദത്തിന്റെ ഉടമായ മമ്മൂട്ടി 1982 മുതല്‍ 1986 വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് 150 സിനിമകളില്‍ നായകനായി. 1986ല്‍ മമ്മൂട്ടി 35 സിനിമകളിലാണ് നായകനായത്. ഈ റെക്കോഡ് മമ്മൂട്ടിക്ക് മാത്രാണ് ഇന്നും സ്വന്തം. സിനിമയില്‍ കാലത്തിനനുസരിച്ച് സ്വയം മാറാനുള്ള കഴിവാണ് ഈ നടനെ വ്യത്യസ്തനാക്കുന്നത്. തൊണ്ണൂറുകളില്‍ ഇതിഹാസ-കുടുംബകഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സമാന്തരസിനിമകളിലും നിറഞ്ഞുനിന്നു. 1995 ല്‍ റിലീസ് ചെയ്ത ദി കിങ്ങ് വലിയ വിജയ ചിത്രമായിരുന്നു. തമിഴിലും അരങ്ങേറ്റം കുറിച്ചു. സ്‌റ്റെല്‍ മന്നന്‍ രജനിക്കൊപ്പം ദളപതിയില്‍ നിറഞ്ഞാടിയപ്പോള്‍ തമിഴ് പ്രേക്ഷകരും മമ്മൂട്ടിയെ നെഞ്ചിലേറ്റി. മലയാള സിനിമയെക്കാളും മമ്മൂട്ടി വളര്‍ന്നുവെന്ന് പറയാം. മതിലുകള്‍, പൊന്തന്‍മാട, വിധേയന്‍, മൃഗയ, പാലേരി മാണിക്യം.., ഡോ.ബാബാ സാഹേബ് അംബേദ്കര്‍....
തുടങ്ങി മമ്മൂട്ടി എന്ന നടനെ മറ്റ് എത്ര സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടു വിവിധ ഭാഷകളില്‍ പരന്നു കിടക്കുന്ന മമ്മൂട്ടിയുടെ നാന്നൂറിലധികം ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മതി. എത്രത്തോളം അദ്ദേഹം വേഷപകര്‍ച്ചകളിലൂടെ സഞ്ചരിച്ചുവെന്നത്. നിരവധി കഥാപാത്രങ്ങള്‍ക്കായി അദ്ദേഹം മണിക്കൂറുകളോളം മേക്കപ്പിട്ടുണ്ട്. സംവിധായകന്റെ മനസ്സുലുദിച്ചത് കടലാസില്‍ പകര്‍ത്തി പറഞ്ഞു കൊടുക്കുന്നതിന് മുമ്പേ ആ കഥാപാത്രത്തിന്റെ ഭാഗമായിരിത്തീരുന്നു മമ്മൂട്ടി.
ചില കഥാപാത്രങ്ങളില്‍ മമ്മൂട്ടി വിമര്‍ശനം നേരിട്ടു. സോഷ്യല്‍ മീഡിയകളില്‍ വൈറലായപ്പോള്‍ ഒരു കഥാപാത്രത്തെ പോലെ അദ്ദേഹം അതിനെ നേരിട്ടു. ജീവിതമല്ല. ഇതൊരു കഥാപാത്രമാണ്, സിനിമയാണ്.അത് ഉള്‍ക്കൊള്ളുക.
മോഹന്‍ലാല്‍ അടക്കമുള്ള നടന്‍മാര്‍, സംവിധായകര്‍, എഴുത്തുകാര്‍, വ്യവസായികള്‍, ആരാധകര്‍ അങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ളവര്‍ മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍ ആശംസിച്ചു. സോഷ്യല്‍ മീഡിയ ജനിക്കിന്നതിന് മുമ്പ് തന്നെ മമ്മൂട്ടി മലയാളത്തില്‍ എത്തി. നമുക്കിടയില്‍ ചിലര്‍ ഇപ്പോഴും മമ്മൂട്ടിയായി ജീവിക്കുമ്പോള്‍ നാമറയിയാതെ പറഞ്ഞു പോവുകയാണ് നീയൊരു മമ്മൂട്ടി തന്നെയാണെന്ന്. വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തു പറയുന്ന ഒരു ഡയലോഗുണ്ട് 'ചന്തുവിന് ഇനിയും ഒരംഗത്തിനുള്ള ബാല്യമുണ്ട്, ചന്തുവിനെ തോല്‍പിക്കാനാവില്ല മക്കളെ..' എന്ന്. അതേ മലയാളത്തിലെ മഹാനടന്‍ തോല്‍ക്കില്ല. മമ്മൂട്ടിക്ക് ഇനിയും നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ബാല്യമുണ്ട്.

Related Articles
Next Story
Share it