മാലിക് ദീനാര്‍ യതീംഖാന: അനാഥ സംരക്ഷണത്തിന്റെ 50 സുവര്‍ണ്ണ വര്‍ഷങ്ങള്‍

സമൂഹത്തിന് സുഗന്ധം പരത്തി 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് തളങ്കര കേന്ദ്രമായി പിറവികൊണ്ട ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമായ മാലിക് ദീനാര്‍ യതീംഖാന ഇന്ന് അനാഥ സംരക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 1971 ഡിസംബര്‍ ആറിനാണ് അന്നത്തെ കാസര്‍കോട് സംയുക്ത ഖാസി എ.പി അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാര്‍ മാലിക് ദീനാര്‍ യതീംഖാനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിജയകരമായ 50 വര്‍ഷം പിന്നിട്ട സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് ഇന്ന് രാവിലെ തുടക്കം കുറിച്ചിരിക്കുകയാണ്. അനാഥരായ, ആശ്രയമറ്റ ആയിരക്കണക്കിന് […]

സമൂഹത്തിന് സുഗന്ധം പരത്തി 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് തളങ്കര കേന്ദ്രമായി പിറവികൊണ്ട ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനമായ മാലിക് ദീനാര്‍ യതീംഖാന ഇന്ന് അനാഥ സംരക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 1971 ഡിസംബര്‍ ആറിനാണ് അന്നത്തെ കാസര്‍കോട് സംയുക്ത ഖാസി എ.പി അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാര്‍ മാലിക് ദീനാര്‍ യതീംഖാനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിജയകരമായ 50 വര്‍ഷം പിന്നിട്ട സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് ഇന്ന് രാവിലെ തുടക്കം കുറിച്ചിരിക്കുകയാണ്. അനാഥരായ, ആശ്രയമറ്റ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ കാലയളവില്‍ മാലിക് ദീനാര്‍ യതീംഖാന തണലേകിയതും സംരക്ഷണ കുട ചൂടിയതും. ഡോക്ടര്‍മാരും പ്രൊഫഷണല്‍സുകളും പണ്ഡിതന്മാരും ബിസിനസുകാരുമൊക്കെയായി ഈ സ്ഥാപനത്തില്‍ നിന്ന് പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് വലതുകാല്‍വെച്ചിറങ്ങിയ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ തങ്ങളെ വളര്‍ത്തി വലുതാക്കിയ സ്ഥാപനത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷവേളയില്‍ അതിരറ്റ ആഹ്ലാദത്തിലാണ്.
ദഖീറത്ത് എന്ന സംഘടനയുടെ ജൈത്രയാത്രയുടെ കഥ വിസ്മയിപ്പിക്കുന്നതാണ്. ദഖീറത്ത് എന്ന അറബി പദത്തിന് 'പരലോക നിക്ഷേപം' എന്നാണര്‍ത്ഥം. നാളെ മരണാനന്തര ജീവിതത്തില്‍ നറുമണം പരത്തുന്ന പൂക്കളായി വിരിയാന്‍ ഇന്ന് എന്തു ചെയ്തു എന്ന് ചിന്തിക്കുന്നവര്‍ക്ക് ഈ പദം മനസ്സില്‍ പതിഞ്ഞേക്കാം.
1955 കാലം.
തളങ്കരയിലെ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലും പരിസരങ്ങളിലും അക്കാലത്ത് ധാരാളം പട്ടിണി പാവങ്ങള്‍ വന്നെത്താറുണ്ടായിരുന്നു. സമ്പത്ത് ഇത്രത്തോളം സമൃദ്ധമായിട്ടില്ലാത്ത കാലമായിരുന്നു അത്. പട്ടിണി മാത്രമായിരുന്നു അന്ന് അധികംപേര്‍ക്കും കൂട്ട്.
രാത്രി നിസ്‌കാരത്തിനുശേഷം കുറേ പട്ടിണിപ്പാവങ്ങള്‍ മാലിക്ദീനാര്‍ പള്ളിയുടെ സമീപം വരിവരിയായി നിന്ന് വിശപ്പടക്കാന്‍ വല്ലതും തരണേ എന്ന് ആവശ്യപ്പെടുമായിരുന്നു. ചില സമ്പന്നര്‍ ആരെയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോയാലായി. അധികംപേരും നീട്ടിപ്പിടിച്ച കൈയ്യുമായി ആരും ശ്രദ്ധിക്കാനില്ലാതെ അതേ നില്‍പ്പായിരിക്കും, ഏറെനേരം.
ഈ കാഴ്ച കുറേപേരുടെയെങ്കിലും ഉള്ളില്‍ നോവ് വിതറി.
പട്ടിണിപ്പാവങ്ങള്‍ക്ക് എങ്ങനെ ഒരു നേരത്തെ ഭക്ഷണമെങ്കിലും തരപ്പെടുത്തിക്കൊടുക്കാന്‍ കഴിയും എന്നു ചിന്തിച്ച അവര്‍ ഒരു കൂട്ടായ്മയുണ്ടാക്കാന്‍ തീരുമാനിച്ചു. അതായിരുന്നു ദഖീറത്തുല്‍ ഉഖ്‌റാ എന്ന സംഘത്തിന്റെ തുടക്കം.
ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാ വെള്ളിയാഴ്ചയും ഓരോ അണ വീതം സ്വരൂപിച്ച് പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുകയായി ആറണ വീതം നല്‍കിത്തുടങ്ങി.
മാലിക്ദീനാര്‍ പള്ളിയുടെ ഏതെങ്കിലും പരിസരത്ത് കൂട്ടായ്മയിലെ അംഗങ്ങള്‍ ഇടയ്ക്കിടെ ഒത്തുകൂടും. എല്ലാ വെള്ളിയാഴ്ചയും അവര്‍ ഓരോ അണ പൈസ എടുത്ത് ഒരാളെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കും. ഇവ പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കും.
1955 നവംബര്‍ 25ന് വെള്ളിയാഴ്ച അവര്‍ ഒത്തുചേര്‍ന്ന് കൂട്ടായ്മക്ക് ഒരു പേരിട്ടു; ദഖീറത്തുല്‍ ഉഖ്‌റാ സംഘം എന്ന്. മുഹമ്മദ്കുട്ടി മുസ്ല്യാര്‍ എന്നൊരാളാണ് പേര് നിര്‍ദ്ദേശിച്ചത്.
പരലോക നിക്ഷേപം എന്നര്‍ത്ഥം വരുന്ന പേര് എല്ലാ അര്‍ത്ഥത്തിലും കൂട്ടായ്മയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇഷ്ടമായി.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ കൂട്ടായ്മക്ക് ഒരു കമ്മിറ്റി വേണമെന്ന് തോന്നിത്തുടങ്ങി. മാലിക്ദീനാര്‍ പള്ളിയില്‍ ഒത്തുകൂടി ഒരു കമ്മിറ്റിയുണ്ടാക്കി. എന്‍. അബ്ദുല്‍ ഖാദറിനെയാണ് പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. പി.കെ. മുഹമ്മദ് ജനറല്‍ സെക്രട്ടറിയും കെ. അബ്ദുല്‍ റഹ്‌മാന്‍ ജോയിന്റ് സെക്രട്ടറിയും എന്‍. അഹമ്മദ് സഈദ് ഖജാഞ്ചിയും കെ. മുഹമ്മദ്കുഞ്ഞി റിസീവറുമായി.
ഊരും പേരുമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന അനാഥ മയ്യത്തുകള്‍ ഏറ്റെടുത്ത് പരിപാലിച്ച് ഖബറടക്കുന്നതിലായി സംഘത്തിന്റെ അടുത്ത ശ്രദ്ധ. അനാഥ മയ്യത്തുകളെ അക്കാലത്ത് ആരും തിരിഞ്ഞുനോക്കാറില്ലായിരുന്നു. ഏതെങ്കിലും മോര്‍ച്ചറികളില്‍ ദിവസങ്ങളോളം കിടന്ന ശേഷം പൊലീസ് എവിടെയെങ്കിലും സംസ്‌കരിക്കും. ഈ സ്ഥിതി സംഘം പ്രവര്‍ത്തകരില്‍ സങ്കടം പകര്‍ന്നു. അനാഥ മയ്യത്ത് പരിപാലനം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയത് അതോടെയാണ്.
മൂന്നു നാലു വര്‍ഷം കടന്നുപോയി. മുടങ്ങിക്കിടന്ന ഹസ്രത്ത് മാലിക്ദീനാര്‍ (റ) ഉറൂസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായ കാലമായിരുന്നു അത്. ഏതാണ്ട് 30 കൊല്ലത്തോളം മാലിക്ദീനാര്‍ ഉറൂസ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഉറൂസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതോടെ, അതിനു വേണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തേടുകയായി സംഘം പ്രവര്‍ത്തകര്‍. മാലിക്ദീനാറിനെക്കുറിച്ചുള്ള മദ്ഹ് ഗാനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. കവി മര്‍ഹൂം പി. സീതിക്കുഞ്ഞി രചിച്ച മാണിക്യമാല എന്ന പാട്ടുപുസ്തകത്തിന്റെ പകര്‍പ്പവകാശം സംഘം ഏറ്റുവാങ്ങി പ്രസിദ്ധീകരിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുനരാരംഭിക്കപ്പെട്ട ഉറൂസിന് നല്ല പ്രചാരണം നേടിക്കൊടുക്കാന്‍ വ്യാപകമായി വിതരണം ചെയ്ത ഈ മദ്ഹ് പാട്ടുകൊണ്ട് കഴിഞ്ഞു. അപ്പോഴും റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ പോലും സ്വന്തമായി ഒരു അലമാര ഇല്ലാത്ത സ്ഥിതിയിലായിരുന്നു സംഘം.
1960കളുടെ മധ്യകാലം.
സ്‌കൂളുകള്‍ നന്നേ കുറവ്. മദ്രസകള്‍പോലും വിരളമായിരുന്നു അക്കാലത്ത്. സംഘത്തിനുകീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്ത മുളച്ചുതുടങ്ങി. ആദ്യപടിയെന്നോണം മദ്രസ തുടങ്ങാനായി തീരുമാനം. ഒരു യോഗം വിളിച്ചുചേര്‍ത്ത് അംഗങ്ങളില്‍ നിന്നുതന്നെ തുക സ്വരൂപിച്ചു. അതായിരുന്നു അക്കാലത്ത് സംഘത്തിന്റെ രീതി. ആദ്യം അംഗങ്ങളില്‍ നിന്നുതന്നെ തുക സ്വരൂപിക്കും. തികഞ്ഞില്ലെങ്കില്‍ മാത്രമേ പുറമെ നിന്ന് പിരിവെടുക്കാറുണ്ടായിരുന്നുള്ളൂ.
മാലിക്ദീനാര്‍ പള്ളി വളപ്പില്‍ മദ്രസക്ക് സ്ഥലം അനുവദിച്ചുകിട്ടി. ഒരു വര്‍ഷത്തിനകം തന്നെ കെട്ടിടം പൂര്‍ത്തിയാവുകയും ചെയ്തു. 1967 ജൂണ്‍ 30ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനുശേഷം അന്നത്തെ ഖാസി എ.പി. അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാരാണ് മദ്രസാ കെട്ടിടം ഉല്‍ഘാടനം ചെയ്തത്.
ആലസ്യത്തിലാണ്ടു പോയ യുവാക്കളെ ഉണര്‍ത്താനും പൊതുധാരയിലേക്ക് അവരെ കൊണ്ടുവരാനുമായി സംഘത്തിന്റെ അടുത്ത ശ്രദ്ധ. 1970 ഏപ്രില്‍ 19 മുതല്‍ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ട ബദര്‍ വ്യാഖ്യാന പരമ്പര ആ ലക്ഷ്യത്തോടെയായിരുന്നു. കവി ടി. ഉബൈദാണ് ചടങ്ങ് ഉല്‍ഘാടനം ചെയ്തത്. ജനപങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. പ്രസ്തുത പരിപാടിയില്‍വെച്ച് കെ.എസ്. സുലൈമാന്‍ ഹാജി ഒരു പ്രസ്താവന നടത്തി. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിനുകീഴില്‍ ഒരു യതീംഖാന ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്ന്.
ഇത് കേള്‍ക്കേണ്ട താമസം. വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം നാട് ഒന്നടങ്കം ഏറ്റെടുത്തത്. മാലിക്ദീനാര്‍ പള്ളിയുടെ വടക്കുഭാഗത്ത് 40 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി. കുന്ന് നിറഞ്ഞ സ്ഥലം വെട്ടിനിരപ്പാക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം കച്ചകെട്ടിയിറങ്ങി.
കെ.എസ്. സുലൈമാന്‍ ഹാജി കണ്‍വീനറും എന്‍.ഇ. കുഞ്ഞഹമ്മദ്, എന്‍.എം. കറമുല്ല ഹാജി, എന്‍.കെ. ശംസുദ്ദീന്‍, പി. അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളുമായി കെട്ടിട നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു. ധനശേഖരണം കണ്ടെത്താന്‍ ഒരു മതപ്രഭാഷണ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. 1971 ഏപ്രില്‍ 4ന് കുമ്പോല്‍ പാപംകോയ തങ്ങളാണ് മതപ്രഭാഷണ പരിപാടി ഉല്‍ഘാടനം ചെയ്തത്. തളങ്കരയില്‍ ഒരു അനാഥാലയം തുടങ്ങാനുള്ള ശ്രമത്തിന് നല്ല പ്രതികരണം കണ്ടുതുടങ്ങി. പലരും ആഭരണങ്ങള്‍ ഊരി നല്‍കി. സിമന്റ് ചാക്കുകളും തെങ്ങുകളും പ്രവഹിച്ചു. അന്‍വര്‍ ഖാസിം എന്നൊരാള്‍ കിണര്‍ കുഴിച്ച് പമ്പുസെറ്റ് സ്ഥാപിച്ചുനല്‍കി.
കെ.എസ്. അബ്ദുല്ല മുന്നില്‍ നിന്ന് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകി. സി.കെ.പി. ചെറിയ മമ്മുക്കേയിയും നിര്‍ലോഭം സഹായിച്ചു.
1971 ഡിസംബര്‍ ആറിന് ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമായി. ഒരു വര്‍ഷം കൊണ്ട് തന്നെ യതീംഖാനക്ക് കെട്ടിടം റെഡി. ദക്ഷിണ കാനറ ജില്ലയില്‍ നിന്നടക്കമുള്ള അനാഥ കുട്ടികള്‍ക്ക് യതീംഖാന തണലായി. യതീംഖാന കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പരിശീലനം നല്‍കാന്‍ പിന്നീട് ഒരു തയ്യല്‍ പരിശീലന കേന്ദ്രം സ്ഥാപിച്ചു. ഒരു ഹോമിയോ ഡിസ്‌പെന്‍സറിയും തുറന്നു.
സംഘത്തിനുകീഴില്‍ മികച്ച നിലവാരത്തിലുള്ള ഒരു സ്‌കൂളും വേണമെന്ന ആഗ്രഹ സാഫല്യത്തിനുള്ള ശ്രമമായി പിന്നീട്. 1981ലാണ് സംഘത്തിനു കീഴില്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. നഴ്‌സറി സ്‌കൂളോടെയായിരുന്നു തുടക്കം. 1984ല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിന് തുടക്കംകുറിച്ചു. സ്‌കൂളില്‍ എസ്.എസ്.എല്‍.സി. ബാച്ച് ആരംഭിച്ചതുമുതല്‍ ഒരിക്കല്‍പോലും കൈവിടാതെ നീണ്ട 25 വര്‍ഷം നൂറുമേനിയുടെ വിജയപതാക പറത്തിക്കൊണ്ടാണ് ദഖീറത്ത് സ്‌കൂളിന്റെ മുന്നേറ്റം. ഇന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്‌കൂളിന്റെ രജത ജൂബിലി ആഘോഷവേളയില്‍ ഒരു പ്രഖ്യാപനം നടത്തി. സംഘത്തിനുകീഴില്‍ ഒരു വനിതാ കോളേജും സ്ഥാപിതമാകാന്‍ പോവുകയാണെന്ന്. മാസങ്ങള്‍ക്കകം ആ സ്വപ്‌നവും പൂവണിഞ്ഞു. 2011 ജൂണ്‍ 11ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് വനിതാ കോളേജ് ഉല്‍ഘാടനം ചെയ്തു.
യതീംഖാനയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ കൊണ്ടാടാനാണ് ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ തീരുമാനം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, മുതിര്‍ന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങ്, സ്ഥാപന സഹകാരികള്‍ക്കുള്ള സ്വീകരണം, വനിതകള്‍ക്കായി നിര്‍മ്മിക്കുന്ന പ്രാര്‍ത്ഥനാ-ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം, ഇസ്ലാമിക് എക്‌സിബിഷന്‍ തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷഭാഗമായി നടത്തപ്പെടും.
ഭരണ-സംഘടനാ രംഗത്ത് മികവ് തെളിയിച്ച ഒരുപറ്റം നേതാക്കളുടെ കരങ്ങളില്‍ ഭദ്രമാണ് ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രവര്‍ത്തനം. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയാണ് പ്രസിഡണ്ട്. എ. അബ്ദുല്‍റഹ്‌മാന്‍, അഡ്വ. വി.എം മുനീര്‍, എം.കെ അമാനുല്ല, മീത്തല്‍ അബ്ദുല്ല, റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, ഹസൈനാര്‍ ഹാജി തളങ്കര, എം.എ ലത്തീഫ് അടക്കമുള്ള സാരഥികള്‍ ദഖീറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നു.
(ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി കൂടിയാണ് ലേഖകന്‍)

Related Articles
Next Story
Share it