മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി: വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഇരുപത്തിരണ്ടാണ്ടുകള്‍

ഉത്തര മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ജ്ഞാന വിപ്ലവത്തിന്റെ സുവര്‍ണ്ണാധ്യായങ്ങള്‍ തീര്‍ത്ത മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി അര്‍ത്ഥപൂര്‍ണ്ണമായ ഇരുപത്തിരണ്ടാണ്ടുകള്‍ പിന്നിടുകയാണ്. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ മഹനീയ നേതൃത്വത്തില്‍ 2001 ഏപ്രില്‍ 11നാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിദ്രുതം വികസിക്കുന്ന പുതിയ ലോകത്തിന്റെ മാറ്റങ്ങളുള്‍കൊണ്ട് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനവും ജ്ഞാന പ്രസരണവും നടത്താന്‍ പ്രാപ്തരായ പണ്ഡിതരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ് അബ്ദുല്ല പ്രസിഡണ്ടായുള്ള മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി 2001ല്‍ സ്ഥാപനം […]

ഉത്തര മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ജ്ഞാന വിപ്ലവത്തിന്റെ സുവര്‍ണ്ണാധ്യായങ്ങള്‍ തീര്‍ത്ത മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി അര്‍ത്ഥപൂര്‍ണ്ണമായ ഇരുപത്തിരണ്ടാണ്ടുകള്‍ പിന്നിടുകയാണ്. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ മഹനീയ നേതൃത്വത്തില്‍ 2001 ഏപ്രില്‍ 11നാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിദ്രുതം വികസിക്കുന്ന പുതിയ ലോകത്തിന്റെ മാറ്റങ്ങളുള്‍കൊണ്ട് ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനവും ജ്ഞാന പ്രസരണവും നടത്താന്‍ പ്രാപ്തരായ പണ്ഡിതരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ് അബ്ദുല്ല പ്രസിഡണ്ടായുള്ള മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി 2001ല്‍ സ്ഥാപനം തുടങ്ങുന്നത്.
ആഗോള പ്രശസ്തമായ ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ മത-ഭൗതിക-ഭാഷാ സമന്വിത പാഠ്യപദ്ധതിയാണ് സ്ഥാപനം പിന്തുടരുന്നത്. പാഠ്യ-പാഠ്യേതര മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന അക്കാദമി ദാറുല്‍ ഹുദയുടെ പ്രമുഖ സഹസ്ഥാപനങ്ങളില്‍ ഒന്നാണ്. നിലവില്‍ വിവിധ ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി 350ലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന സ്ഥാപനം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നു.
ആറായിരത്തിലധികം പുസ്തകങ്ങളും മറ്റു ആനുകാലികങ്ങളുമുള്ള വിശാലമായ ഗ്രന്ഥാലയം, ഡിജിറ്റല്‍ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സ്റ്റാഫ് റിസോഴ്‌സ് റൂം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ഡൈനിംഗ് ഹാള്‍ തുടങ്ങി വിദ്യാര്‍ത്ഥികളുടെ നാനോന്മുഖ പുരോഗതിക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സ്ഥാപനം നല്‍കുന്നുണ്ട്.
പാരമ്പര്യ മത ഗ്രന്ഥങ്ങളില്‍ ഗഹനമായ പഠനത്തോടൊപ്പം ഗണിത-ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും മലയാളം, അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും 12 വര്‍ഷം നീണ്ടുനില്‍ക്കുന്ന പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതിനുപുറമെ, പ്രസംഗ-തൂലിക പരിശീലനവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൃത്യമായി നല്‍കിവരുന്നുണ്ട്.
ദാറല്‍ ഹുദയുടെ പൊതുപരീക്ഷകളില്‍ നിരവധി റാങ്കുകള്‍, ദേശീയ കലോത്സവമായ സിബാഖില്‍ കഴിഞ്ഞ മാസമുണ്ടായ റണ്ണേഴ്‌സ് അപ്പടക്കമുള്ള വിവിധ നേട്ടങ്ങള്‍, മറ്റിതര ദേശീയ - സംസ്ഥാന കലാ മാമാങ്കങ്ങളിലും മത്സരങ്ങളിലുമുള്ള വിജയങ്ങള്‍, എഴുത്ത്-പ്രസംഗ രംഗത്തുള്ള വിദ്യാര്‍ത്ഥികളുടെ വിവിധ ഇടപെടലുകള്‍... എല്ലാം സ്ഥാപനത്തിന്റെ വിജ്ഞാന യാത്രയിലെ പൊന്‍തൂവലുകളാണ്.
അക്കാദമിയില്‍ നിന്ന് സെക്കന്ററി, സീനിയര്‍ സെക്കന്ററി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ദാറുല്‍ ഹുദയില്‍ പി.ജി ചെയ്ത ഇരുന്നൂറിലധികം മാലികി ഹുദവി പണ്ഡിതര്‍ ഇന്ന് വിവിധ വിദ്യാഭ്യാസ-സാമൂഹ്യ-മതപ്രബോധന മേഖലകളില്‍ സജീവമാണ്. ഇന്ത്യയിലും പുറത്തുമുള്ള ഉന്നത സര്‍വ്വകലാശാലകളില്‍ ഗവേഷണ പഠനമടക്കമുള്ള മേഖലകളില്‍ അധ്യയനം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. മുപ്പത്തഞ്ച് പേര്‍ ദാറുല്‍ ഹുദയിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ പി.ജി ചെയ്തുവരുന്നു.
പഠിച്ച് പുറത്തിറങ്ങിയ മാലികി പണ്ഡിതരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമൂഹ-സമുദായ പുരോഗതിയിലൂന്നിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ ഒരു വ്യാഴവട്ടക്കാലമായി സജീവമായി രംഗത്തുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ പഠന കോഴ്‌സുകള്‍, ട്രൈനിംഗ് ക്ലാസുകള്‍, ക്യാമ്പുകള്‍ ജില്ലയുടെ പല ഭാഗങ്ങളിലായി നടന്നുവരുന്നു. കാസര്‍കോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനാവശ്യമായ പദ്ധതികളും സംഘടനക്ക് കീഴില്‍ ഘട്ടങ്ങളായി നടന്നുവരുന്നു.
എല്ലാത്തിലുമുപരി, ഇന്ത്യാ രാജ്യത്ത് വളരെ പിന്നാക്കം നില്‍ക്കുന്ന കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തി ഗ്രാമങ്ങളിലൊന്നായ കൊണ്ടനഹള്ളിയെ ദത്തെടുത്ത് കേരള മോഡല്‍ വില്ലേജായി ശാക്തീകരിക്കാനുള്ള പദ്ധതിയും മൂന്ന് വര്‍ഷമായി ഇമാമക്ക് കീഴില്‍ നടന്നുവരുന്നു.
മാലിക് ദിനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ മുന്നോട്ട് പോകുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണമടക്കം ഏകദേശം മുപ്പത് ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നുകഴിഞ്ഞു. ഒരു മുഴുസമയ കോര്‍ഡിനേറ്ററുടെ നേതൃത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികള്‍ ഇപ്പോഴും സജീവമായി തുടരുന്നു.
കേരളേതര സംസ്ഥാനങ്ങളില്‍ ദാറുല്‍ ഹുദയുടെയും ഹാദിയയുടെയും നിരവധി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കുന്ന മാലികി പണ്ഡിതരും ജില്ലക്കകത്തും പുറത്തും വിദേശ രാജ്യങ്ങളിലും വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് അക്കാദമി സമൂഹത്തിന് സമര്‍പ്പിച്ച വിലമതിക്കാനാകാത്ത അസ്സറ്റുകളാണ്.
പത്ത് വര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ 85 യുവ പണ്ഡിതര്‍ ബിരുദം സ്വീകരിക്കുന്ന അക്കാദമിയുടെ നാലാം സനദ്ദാന സമ്മേളനം ഇന്ന് വൈകുന്നേരം സയ്യിദുനാ മാലിക് ദീനാര്‍(റ) ഉറൂസ് നഗരിയില്‍ നടക്കുകയാണ്.
സമൂഹ നന്മക്കുതകുന്ന വ്യത്യസ്ത കഴിവുകള്‍ മേളിച്ച നിരവധി പണ്ഡിതര്‍ വരും വര്‍ഷങ്ങളിലും സ്ഥാപനത്തില്‍ നിന്ന് പഠിച്ച് പറത്തിറങ്ങുന്നതോടെ പ്രബോധന ദൗത്യം കൂടുതല്‍ സജീവമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.


-സാദിഖ് ഹുദവി ആലംപാടി

Related Articles
Next Story
Share it