മാലിക്ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി: ആരോഗ്യ സംരക്ഷണത്തിന്റെ 50 വര്‍ഷങ്ങള്‍....

ഹൃദയത്തില്‍ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി ജീവിച്ച കെ.എസ്. അബ്ദുല്ല വിത്തിട്ട് മുളപ്പിച്ച തളങ്കരയിലെ മാലിക്ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിക്ക് ഇന്ന് അമ്പതാണ്ടിന്റെ ആഹ്‌ളാദ നിറവ്. 1972 ജൂണ്‍ 5ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത ആസ്പത്രിക്ക് അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ വളര്‍ച്ചയുടെ നിരവധി വഴികള്‍ താണ്ടിയതിന്റെ അഭിമാനവും. ആതുര-വിദ്യാഭ്യാസ-വ്യാവസായിക മേഖലകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ കെ.എസ്. അബ്ദുല്ല തളങ്കരയില്‍ ഒരു ചാരിറ്റബിള്‍ ആസ്പത്രിക്ക് തുടക്കം കുറിച്ചതിന് പിന്നില്‍ അദ്ദേഹം തന്നെ പറഞ്ഞ കഥയുണ്ട്. […]

ഹൃദയത്തില്‍ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുമായി ജീവിച്ച കെ.എസ്. അബ്ദുല്ല വിത്തിട്ട് മുളപ്പിച്ച തളങ്കരയിലെ മാലിക്ദീനാര്‍ ചാരിറ്റബിള്‍ ആസ്പത്രിക്ക് ഇന്ന് അമ്പതാണ്ടിന്റെ ആഹ്‌ളാദ നിറവ്. 1972 ജൂണ്‍ 5ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത ആസ്പത്രിക്ക് അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ വളര്‍ച്ചയുടെ നിരവധി വഴികള്‍ താണ്ടിയതിന്റെ അഭിമാനവും.
ആതുര-വിദ്യാഭ്യാസ-വ്യാവസായിക മേഖലകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ കെ.എസ്. അബ്ദുല്ല തളങ്കരയില്‍ ഒരു ചാരിറ്റബിള്‍ ആസ്പത്രിക്ക് തുടക്കം കുറിച്ചതിന് പിന്നില്‍ അദ്ദേഹം തന്നെ പറഞ്ഞ കഥയുണ്ട്. കനിവിന്റെ നനവുള്ള കഥയാണത്. കീഴൂരില്‍ നിന്നാണ് അക്കാലത്തും തളങ്കരയിലേക്ക് മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ എത്തിയിരുന്നത്. മീന്‍കൊട്ടയും ചുമന്ന് റെയില്‍വെ പാളത്തിലൂടെയായിരുന്നു അവരുടെ വരവ്. ഒരിക്കല്‍ ഗര്‍ഭിണിയായ മത്സ്യത്തൊഴിലാളി മീന്‍കൊട്ടയും ചുമന്ന് വരുമ്പോള്‍ പെട്ടെന്ന് പ്രസവവേദന വന്ന് പാളത്തില്‍ വീണുപോയ സംഭവം ഉണ്ടായി. ഇത് കെ.എസിന്റെ മനസില്‍ നോവുണ്ടാക്കി. ജനസാന്ദ്രതയേറിയ തളങ്കരയില്‍ ഒരു ആസ്പത്രി ഇല്ലാത്തതിനാല്‍ രോഗികളായ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് നഗരത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും കെ.എസിനെ ചിന്തിപ്പിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് കീഴില്‍ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലിന് തുടക്കം കുറിക്കുന്നത്. കെ.എസ്. അബ്ദുല്ലയുടെ നിത്യസ്മാരകമായാണ് ആസ്പത്രി ഇപ്പോള്‍ നിലകൊള്ളുന്നത്.


1972 ജൂണ്‍ 5ന് നടന്ന മാലിക് ദീനാര്‍ ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങ് തളങ്കരയുടെ മാത്രമല്ല, കാസര്‍കോടിന്റെ തന്നെ ആഘോഷമായാണ് നാട് കൊണ്ടാടിയത്. മൂന്ന് മന്ത്രിമാര്‍ ആസ്പത്രിയുടെ ഉദ്ഘാടന ചടങ്ങിന് എത്തി എന്നത് അക്കാലത്തെ അതിശയകരമായ ഒരു വാര്‍ത്ത തന്നെയായിരുന്നു. സി.എച്ച്. മുഹമ്മദ് കോയക്ക് പുറമെ മന്ത്രിമാരായ ബേബി ജോണും എന്‍.കെ. ബാലകൃഷ്ണനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കെ.എസ്. അബ്ദുല്ലയുടെ പ്രതാപകാലമായിരുന്നു അത്. ബഹുനില ആസ്പത്രി കെട്ടിടം കാണാനും ഉദ്ഘാടന ചടങ്ങിന് സാക്ഷികളാവാനും ആയിരങ്ങളാണ് ആ ദിവസം തളങ്കരയില്‍ എത്തിയത്. നിരവധി ബെഡ്ഡുകളും ആധുനിക സൗകര്യങ്ങളുമായാണ് ആസ്പത്രി തുറന്നത്. അന്ന് കാസര്‍കോട് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. മുള്ളേരിയ, ആദൂര്‍, ബന്തടുക്ക, ഉപ്പള, പള്ളിക്കര, കാഞ്ഞങ്ങാട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പോലും അന്ന് മികച്ച ചികിത്സക്ക് ആശ്രയിച്ചിരുന്നത് മാലിക് ദീനാര്‍ ആസ്പത്രിയെയായിരുന്നു. താലൂക്ക് ആസ്പത്രി ഉണ്ടായിരുന്നുവെങ്കിലും കിടത്തിചികിത്സയോടു കൂടിയ സ്വകാര്യ ആസ്പത്രികള്‍ വിരളമായിരുന്നു. മാലിക് ദീനാര്‍ ആസ്പത്രിക്ക് കീഴില്‍ പിന്നീട് നഴ്‌സിംഗ് കോളേജും ഫാര്‍മസി കോളേജുകളും ഡി.എം.എല്‍.ടി.കോഴ്‌സും ഡയാലിസിസ് ടെക്‌നീഷ്യന്‍സ് കോഴ്‌സും നിലവില്‍ വന്നു. കെ.എസ്. അബ്ദുല്ലയുടേതായി പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിതമായി. ഈ സ്ഥാപനങ്ങള്‍ക്ക് കെ.എസ്. അബ്ദുല്ലയുടെ മക്കളായ കെ.എസ്. ഹബീബ്, കെ.എസ്. അബ്ദുല്‍ റഹ്‌മാന്‍ അര്‍ഷദ്, കെ.എസ്. അന്‍വര്‍ സാദത്ത് എന്നിവരാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. മാലിക് ദീനാര്‍ ആസ്പത്രി 150 ബെഡ്ഡുള്ള ജില്ലയിലെ മികച്ച ആസ്പത്രികളില്‍ ഒന്നായി വളര്‍ന്നിട്ടുണ്ട്. ജനറല്‍ ഫെസിലിറ്റീസിന് പുറമെ 15 ബെഡ്ഡുള്ള ഡയാലിസിസ് യൂണിറ്റ്, അള്‍ട്രാ സ്‌കാനിംഗ്, യു.എസ്.ഡി, ഡിജിറ്റല്‍ എക്‌സ്‌റേ തുടങ്ങിയ സൗകര്യങ്ങളും വിദഗ്ധരായ നിരവധി ഡോക്ടര്‍മാരുടെ സേവനവും മാലിക് ദീനാര്‍ ആസ്പത്രിയില്‍ ലഭ്യമാണ്. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി സൗജന്യ സേവനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും രോഗികള്‍ക്ക് ഏറെ ഗുണകരമാവുന്ന കൂടുതല്‍ സേവനങ്ങള്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളിലൂടെ ലഭ്യമാക്കുമെന്നും കെ.എസ്. അന്‍വര്‍ സാദത്ത് പറഞ്ഞു.

Related Articles
Next Story
Share it