മാലിക് ദീനാര്‍ ആസ്പത്രി ആരംഭിക്കുന്നു....

മാലിക് ദീനാര്‍ ആസ്പത്രിയുടെ വരവ്, കെ.എസ്. സഹോദരന്മാര്‍. 'ഇസ്ലാമിയ ടൈല്‍ കമ്പനി'യില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ തീരുമാനിച്ചത് ഞങ്ങള്‍ അറിയുന്നത് ടി. ഉബൈദ് സാഹിബില്‍ നിന്നാണ്. എന്തൊരാഹ്ലാദമായിരുന്നു അദ്ദേഹത്തിന്.... തളങ്കരയിലും പരിസരത്തും എന്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ സംഭവിച്ചാലും ഉബൈദ്ച്ച നിഷ്‌കളങ്കമായി ചിരിക്കും... അടുത്തിരിക്കുന്നത് സമ പ്രായക്കാരന്‍ ആണെങ്കിലും പുറത്തൊരു ആഹ്ലാദം നിറഞ്ഞ അടിയും...നല്ല ചിരിയും.. അന്ന് മുഇസുല്‍ ഇസ്ലാം സ്‌കൂളിന് പഴയ ഓടിട്ട കൊച്ചു കെട്ടിടം മാത്രം. മാലിക് ദീനാര്‍ ആസ്പത്രി വരുന്ന വാര്‍ത്ത പലേ ദിവസങ്ങളിലും ഉബൈദിന്റെ […]

മാലിക് ദീനാര്‍ ആസ്പത്രിയുടെ വരവ്, കെ.എസ്. സഹോദരന്മാര്‍. 'ഇസ്ലാമിയ ടൈല്‍ കമ്പനി'യില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ തീരുമാനിച്ചത് ഞങ്ങള്‍ അറിയുന്നത് ടി. ഉബൈദ് സാഹിബില്‍ നിന്നാണ്. എന്തൊരാഹ്ലാദമായിരുന്നു അദ്ദേഹത്തിന്....
തളങ്കരയിലും പരിസരത്തും എന്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ സംഭവിച്ചാലും ഉബൈദ്ച്ച നിഷ്‌കളങ്കമായി ചിരിക്കും...
അടുത്തിരിക്കുന്നത് സമ പ്രായക്കാരന്‍ ആണെങ്കിലും പുറത്തൊരു ആഹ്ലാദം നിറഞ്ഞ അടിയും...നല്ല ചിരിയും..
അന്ന് മുഇസുല്‍ ഇസ്ലാം സ്‌കൂളിന് പഴയ ഓടിട്ട കൊച്ചു കെട്ടിടം മാത്രം. മാലിക് ദീനാര്‍ ആസ്പത്രി വരുന്ന വാര്‍ത്ത പലേ ദിവസങ്ങളിലും ഉബൈദിന്റെ കളരിയില്‍ ചര്‍ച്ച ആയി. പരമ രസികനായ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തികഞ്ഞ നിഷ്‌കളങ്കതയോടെ ചോദിച്ചു.
'അദ്ദ്‌ലിന്‍ഞ്ഞിയുടെ അല്ലേ... കാസില്ലാതെ ചികിത്സിക്കാം...'
ഉബൈദ് മാസ്റ്റര്‍ പതിവുപോലെ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെ ഘനത്തില്‍ നോക്കി. അതൊരു നേരമ്പോക്കാണ്.
ഒരിക്കല്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉബൈദ് മാഷോട് 'ശബ്ദതാരാവലി' ചോദിച്ചു വാങ്ങി.
'നിനക്കെന്തിനാ ഡിക്ഷണറി?' ഉബൈദ് മാഷ് നിഷ്‌കളങ്കമായി ചോദിച്ചു.
'ഒര് സംശയം...'
മാസങ്ങള്‍ കഴിഞ്ഞു. 'ശബ്ദ താരാവലി' കിട്ടിയില്ല. ഉബൈദ് മാസ്റ്റര്‍ സ്വന്തം എഴുത്തുമുറിയിലെ പുസ്തകങ്ങള്‍ പുറമേക്ക് കൊടുത്തു വിടാറില്ല. ഒരു ദിവസം സ്‌കൂളില്‍ വെച്ച് കര്‍ക്കശമായി അബ്ദുല്‍ ഖാദര്‍ മാഷോട് ചോദിച്ചു.
'എവിടെ ഖാദറേ, ന്റെ ശബ്ദ താരാവലി...'
ഒട്ടും സന്ദേഹിക്കാതെ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു. '8 പേജു കൂടി ഉണ്ട് ഉബൈദ്ച്ചാ...'. ഒരു ചിരിയുടെ എല്ലാ വകുപ്പും ഇതിലുണ്ട്. ഉബൈദ് മാഷും ചിരിച്ചു.
മാലിക് ദീനാര്‍ ആസ്പത്രി എന്ന പേര് ചര്‍ച്ച ചെയ്യുമ്പോഴാണ് അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ നിര്‍ദ്ദേശം. 'തളങ്കര ആസ്പത്രി ' എന്നല്ലേ നല്ലത്...
ഉബൈദ് മാഷ് കുട്ടികളെ തലോടുന്ന വടി ചുറ്റാകെ പരതി.
അന്ന് മുഖ്യ ഖാസി ആയിരുന്ന അവറാന്‍ മുസ്ല്യാരാണ് 'മാലിക് ദീനാര്‍' എന്ന പേരില്‍ മതി എന്ന് അന്തിമ വിധി കുറിച്ചത്.
മംഗലാപുരത്തെ ജാക്‌സണ്‍ അസോസിയേറ്റ്‌സാണ് പ്ലാനും സ്‌കെച്ചും തയ്യാറാക്കിയത്. സ്‌കെച്ച് വന്നയുടന്‍ ഞങ്ങള്‍ തളങ്കരയിലെ യുവജന സംഘടനയുടെ പ്രഥമ സുവനീരിലേക്ക് അതുവാങ്ങി. തായലങ്ങാടിയിലെ ആര്‍ട്ടിസ്റ്റ് രാഘവന്‍ അത് മുഖച്ചിത്രം ആക്കാന്‍ പാകത്തില്‍ ഡെവലപ്പ് ചെയ്തു. കെ.എസ്. അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്‌ന സാക്ഷാത്കാരമായിരുന്നു.
ഉമ്മയുടെ രോഗവുമായി മംഗലാപുരം ആസ്പത്രികളെ തേടി അലഞ്ഞപ്പോള്‍ ആ മനസില്‍ നിര്‍ധന കാലത്തും ഇങ്ങനൊരു സ്വപ്‌നം ഉണ്ടായിരുന്നു.
വളരെ വേഗം പ്രഥമ ബ്ലോക്കിന്റെ പണി പുരോഗമിച്ചു. അന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഹെല്‍ത്ത് ഡയറക്ടറായിരുന്ന കെ.പി. അബൂബക്കര്‍ സാഹിബിനെ നേരിട്ട് കണ്ട് ആസ്പത്രി സൂപ്രണ്ടായി നിശ്ചയിച്ചു. അന്ന് ചന്ദ്രികയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന ടി.പി. കുട്ട്യാമു സാഹിബാണ് ഡോ. അബൂബക്കറെ നിര്‍ദ്ദേശിച്ചത്. കെ.എസ്. സുലൈമാന്‍ ഹാജിയെ സംബന്ധിച്ചിടത്തോളം ടി.പി. കുട്ട്യാമു സാഹിബ് അവസാന വാക്കായിരുന്നു.
ഇത് സംബന്ധിച്ച് ഒരു കത്തുമായി കെ.എം. അഹ്‌മദ് എന്നെ ചന്ദ്രികയിലേക്ക് അയച്ചതും ഓര്‍ക്കുന്നു. ഞാന്‍ ടി.പി. കുട്ട്യാമു സാഹിബിനെ നേരിട്ടു കാണുന്നതും ആ യാത്രയിലാണ്.
കെ.എസ്. ഹബീബുല്ല ഹാജിക്ക് ആസ്പത്രി നിര്‍മ്മാണ കാര്യത്തില്‍ മേല്‍നോട്ടമുണ്ടായിരുന്നു. അന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ത്രിമൂര്‍ത്തികള്‍ (സുലൈമാന്‍ ഹാജി, കെ.എസ്. അബ്ദുല്ല, ഹബീബുല്ല ഹാജി) ഇസ്ലാമിയ ടൈല്‍ കമ്പനിയിലാണ് സമ്മേളിക്കുക.
ഫോര്‍ട്ട് റോഡ് തിരിയുന്നിടത്ത് റോഡ്‌റിഗ്രസിന്റെ മിസിസ് അന്ന് മംഗലാപുരത്ത് നഴ്‌സിംഗ് സ്റ്റാഫാണ്. അവരെ മാലിക് ദീനാറില്‍ നേഴ്‌സസ് ഇന്റര്‍വ്യൂവിന് നിയമിച്ചു.
ഡോ. ബി.എസ്. റാവു, തലശ്ശേരിയില്‍ നിന്നുള്ള ഡോ. ഉസ്മാന്‍, ഡോ. സുബ്രഹ്‌മണ്യം, അദ്ദേഹത്തിന്റെ പത്‌നി ഡോ. പത്മാവതി ഒക്കെ പെട്ടെന്ന് ഓര്‍മ്മ വരുന്നു.
ഒരു തിങ്കളാഴ്ചയിലാണ് ആസ്പത്രി ഉദ്ഘാടനം നിശ്ചയിച്ചത്. എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു. ഞായറാഴ്ച മുഴുദിന മൈക്ക് അനൗണ്‍സ്‌മെന്റ്. കാറില്‍ എനിക്കൊപ്പം മഹ്‌മൂദുമുണ്ടായിരുന്നു. മാലിക്ദീനാര്‍ പരിസരത്തുള്ള പ്രസ്തുത മഹ്‌മൂദ് ഇപ്പോള്‍ എവിടെയെന്ന് യാതൊരു തിട്ടവുമില്ല. കടുത്ത മുസ്ലിം ലീഗുകാരനായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് പള്ളിക്കാലില്‍ ടി. ഉബൈദ് അനൗണ്‍സ്‌മെന്റ് വാഹനത്തിന് കൈ കാണിച്ചു. സി.എച്ച്. മുഹമ്മദ് കോയയെ വാനോളം വാഴ്ത്തിയ എന്റെ അനൗണ്‍സ്‌മെന്റ് ഉബൈദ് മാഷ് തിരുത്തി.
'മോനേ മുസ്ലിം ലീഗ് സമ്മേളനമല്ല... ആസ്പത്രി ഉദ്ഘാടനമാണ്... ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്ന് മാത്രം മതി...' തിരുത്ത് മാത്രമല്ല; ആപ് അദ്‌ലിഞ്ഞിച്ചാന്റെ പാല്‍ച്ചായയും ബണ്ണും വാങ്ങിത്തന്നു.
റവന്യൂമന്ത്രി ബേബിജോണ്‍, സഹകരണ വകുപ്പ്മന്ത്രി എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സി.എച്ച്. മുഹമ്മദ് കോയക്ക് പുറമെ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു. ടി. ഉബൈദും ആശംസാ പ്രസംഗകന്‍ ആയിരുന്നു.
സ്വാഗത പ്രഭാഷണ വേളയില്‍ പൂമാലയുമായി വന്ന കെ.എസ്. അബ്ദുല്ലയുടെ കൊച്ചുമകളെ റവന്യൂമന്ത്രി ബേബിജോണ്‍ എടുത്തുയര്‍ത്തി തന്റെ ശിരസു കുനിച്ചു കൊടുത്തത് സദസില്‍ ചിരി പടര്‍ത്തി. കാരണം; ബേബി ജോണ്‍ വലിയ ഉയരമുള്ള മനുഷ്യന്‍... പെണ്‍കുട്ടി മേശമേല്‍ നിന്നിട്ടും ബഹുമാനപ്പെട്ട റവന്യൂമന്ത്രിയുടെ കഴുത്തിലേക്ക് ഹാരം എത്തുന്നില്ല. അത്തരം ഹൃദ്യമായ ഒരു ചടങ്ങ് തളങ്കരയുടെ ചരിത്രത്തില്‍ ആദ്യം ആയിരുന്നു. പ്രധാന ഖാസിയുടെ ഖിറാഅത്തും സദസിനെ പുളകിതമാക്കി.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂപ്രണ്ട് ഡോ. അബൂബക്കര്‍ സാഹിബും 'ഈ ആസ്പത്രി തളങ്കരക്ക് മാത്രം ഉള്ളതല്ല, കാസര്‍കോട് പ്രദേശത്തെ മുഴുവന്‍ നാനാ ജാതി മതസ്ഥര്‍ക്കുമുള്ളതാണെന്ന്' വിളംബരം ചെയ്തു. ഇന്നും ആ ചടങ്ങിന്റെ പവിത്രതയില്‍ ആസ്പത്രി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു.

Related Articles
Next Story
Share it