മലയാളം; മലയാളിയുടെ സ്വകാര്യ അഭിമാനം...

മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങള്‍ക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്. മലയാളികള്‍ സംസാരിക്കുമ്പോള്‍ മലയാളം അവരുടെ മാതൃഭാഷയാവുന്നു. തമിഴ്‌നാട്ടിലെ പൊതു സമൂഹം സാംസാരിക്കുന്നത് തമിഴ് ഭാഷയാവുകയാല്‍ തമിഴ് അവരുടെ മാതൃഭാഷയാണ്. അങ്ങനെ ഓരോ രാജ്യത്തും പൊതുവില്‍ എല്ലാവരും സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷ. ഇംഗ്ലിഷും മറ്റും എല്ലാവരും സംസാരിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ഇത് മാതൃഭാഷയാവുന്നില്ല. ഓരോ […]

മനുഷ്യര്‍ തമ്മില്‍ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങള്‍ക്കാണ് ഭാഷ എന്നുപറയുന്നത്. അഥവാ ആശയ വിനിമയത്തിനുള്ള സൂചകങ്ങളുടെ ഒരു കൂട്ടത്തിനെ ഭാഷ എന്നു പറയുന്നു. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്. മലയാളികള്‍ സംസാരിക്കുമ്പോള്‍ മലയാളം അവരുടെ മാതൃഭാഷയാവുന്നു. തമിഴ്‌നാട്ടിലെ പൊതു സമൂഹം സാംസാരിക്കുന്നത് തമിഴ് ഭാഷയാവുകയാല്‍ തമിഴ് അവരുടെ മാതൃഭാഷയാണ്. അങ്ങനെ ഓരോ രാജ്യത്തും പൊതുവില്‍ എല്ലാവരും സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷ. ഇംഗ്ലിഷും മറ്റും എല്ലാവരും സംസാരിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും ഇത് മാതൃഭാഷയാവുന്നില്ല. ഓരോ നാട്ടിലെയും സാംസ്‌കാരിക പൈതൃകമാണ് മാതൃഭാഷയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നത്.
വൈവിധ്യ ഭാഷകള്‍ നിത്യേന ഉപയോഗിക്കുന്ന നാം അധികവും ഊന്നല്‍ കൊടുക്കുന്നത് മാതൃഭാഷക്കാണ്. പുതുതായി ജന്മമെടുക്കുന്ന ഏതൊരു കുട്ടിയും വശമാക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. മാതാവാണ് ആദ്യമായി കുട്ടിയോട് സംവദിക്കുന്നത്. അത് കൊണ്ട് തന്നെ ആ പ്രദേശത്തെ ഭാഷ തന്നെയായിരിക്കും മാതാവും സംസാരിക്കുക. മാതാവിനൊപ്പം കുട്ടി സ്വായത്തമാക്കുന്ന മഹത്തായ സമ്പത്താണ് മാതൃഭാഷ. മാതാവ് കുഞ്ഞിനോട് സംഭാഷണം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ നവജാത ശിശുവിന് അത് പ്രാണവായുവും ആഹാരവും പോലെയാണ്. മാതൃഭാഷ കുട്ടിക്ക് ലഭിക്കുന്ന സഹഭാഷയാണ്. ജന്മസിദ്ധമായി കുട്ടിക്ക് ലഭിക്കുന്ന മൂലധനവുമാണ്. മാതൃഭാഷക്ക് ലഭിക്കുന്ന പ്രാധാന്യം മറ്റു ഭാഷകള്‍ക്ക് ലഭിക്കുന്നില്ല. കാരണം വിവേകപൂര്‍വ്വം എല്ലാം തിരിച്ചറിയാന്‍ പ്രായമായി പള്ളിക്കൂടത്തില്‍ പോയി തുടങ്ങുമ്പോഴാണ് അന്യഭാഷകളുമായി ഇടപഴകുന്നത്. ഈ ഇടപഴക്കം മാതൃഭാഷയുടെ ഇണക്കം പോലെ ഇണങ്ങല്‍ അസാധ്യമാണ്.
പൊതു സമൂഹത്തിലേക്ക് നാം ഇറങ്ങി ചെല്ലുമ്പോള്‍ മാതൃഭാഷ നമുക്ക് വളരെ പ്രയോജനകരമാണ്. നമ്മുടെ നാട്ടിലെ ഭാഷ മലയാളമാണെന്നിരിക്കെ നമ്മുടെ കേരളത്തില്‍ നാം ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം നമ്മുടെ ഭാഷയില്‍ സംവദിച്ചാല്‍ മാത്രമേ നമ്മുടെ മുന്‍പിലിരിക്കുന്ന ജനങ്ങള്‍ക്ക് പറയുന്നകാര്യം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ എന്തിനും ന്യൂ ജനറേഷന്‍ എന്ന് നാമകരണം ചെയ്ത ഈ ആധുനിക യുഗത്തിലും സ്വന്തം വ്യവഹരിക്കേണ്ട ഭാഷ ദ്വിതീയമോ ത്രിതീയമോ ആവുന്ന കാഴ്ച്ചയാണ് നമ്മുടെ മുന്‍പിലുള്ളത്. കേരളത്തിലാണെങ്കില്‍ പോലും പലര്‍ക്കും മലയാളം പൂര്‍ണ്ണമായി എഴുതാനോ വായിക്കാനോ സാധിക്കുന്നില്ല. ആദ്യമായി ആര്‍ജ്ജിക്കേണ്ട സംസാര ഭാഷയുടെ അവസ്ഥയാണിത്. ഇത് കാണുമ്പോള്‍ മലയാള ഭാഷ നമുക്ക് അന്യമാവുകയാണ് എന്ന തോന്നലാണ് വരുന്നത്. മാതൃഭാഷയാണെങ്കിലും അതിനെ സ്നേഹിക്കാതെ മറ്റു ഭാഷകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന തലമുറയാണ് വളര്‍ന്നു വരുന്നത്. മലയാളം വായിക്കാനറിയാതെ ആശങ്കപ്പെടുന്ന കുട്ടികളാണ് ഇന്ന് കേരളത്തിലേറെയും. ഇംഗ്ലീഷോ മറ്റു ഭാഷകളോ പഠിക്കേണ്ട എന്നല്ല, മലയാളത്തെ സ്നേഹിക്കണം, വായിക്കാനും എഴുതാനും അറിയണം എന്നതാണ് പ്രധാനം.
ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്. നിരവധി അന്യഭാഷകളുമായി മലയാള ഭാഷക്ക് സ്വാധീനമുണ്ടായിട്ടുണ്ട് അതില്‍ പ്രധാനം തമിഴും സംസ്‌കൃതവും ആണ്. ദ്രാവിഡ പൈതൃകവും ബ്രാഹ്‌മണ മേധാവിത്വവും ആണ് അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകള്‍ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങള്‍ മലയാളത്തില്‍ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങള്‍ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും അറബിയും ഉര്‍ദുവും യൂറോപ്യന്‍ ഭാഷകളും ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നല്‍കിയിട്ടുണ്ട് അതിനാല്‍ തന്നെ ഈ ഭാഷയുടെ തനിമ നഷ്ട്ടപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ഏതൊരു കേരളീയന്റെയും ബാധ്യതയാണ്.
മാതൃഭാഷാ രംഗത്ത് ഇന്ന് അനുഭവപ്പെടുന്ന ശോഷണത്തിന് കാരണം ഭാഷയെ വേണ്ടരൂപേണ വിനിയോഗിക്കുന്നില്ല എന്നത് തന്നെയാണ്. സോഷ്യല്‍ മീഡിയകളില്‍ തളച്ചിടുന്ന നമ്മുടെ ജീവിതം പലതിനെയും ഇല്ലാതാക്കുന്നു. മാതൃഭാഷയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയായിരിക്കണം ഈ ലോക മാതൃഭാഷാദിനത്തില്‍ നമുക്ക് ഉണ്ടാവേണ്ടത്.

Related Articles
Next Story
Share it