മലപ്പുറത്തെ ആരാധനാലയങ്ങളില്‍ ഒരുസമയം 5 പേര്‍ മാത്രമെന്ന തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്ത്; വിശദീകരണവുമായി മുഖ്യമന്ത്രി

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന ഉത്തരവ് വിവാദമാകുന്നു. കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിവിധ നേതാക്കളും സംഘടനകളും രംഗത്തെത്തി. ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും മലപ്പുറത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതു ട്രാന്‍സ്പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും […]

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന ഉത്തരവ് വിവാദമാകുന്നു. കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിവിധ നേതാക്കളും സംഘടനകളും രംഗത്തെത്തി. ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും മലപ്പുറത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതു ട്രാന്‍സ്പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.

കോവിഡിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും ജില്ലയിലെ വിവിധ മതസംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മസ്ജിദുകളില്‍ പാലിക്കുന്നുമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്), യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറല്‍ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷന്‍), സലീം എടക്കര (എസ്.വൈ.എസ്), കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, അബ്ദുര്‍ റസാഖ് സഖാഫി, ഹുസൈന്‍ സഖാഫി (കേരള മുസ് ലിം ജമാഅത്ത്), എന്‍.വി അബ്ദുറഹ് മാന്‍ (കെ.എന്‍.എം), പി. മുജീബ് റഹ് മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, എന്‍.കെ സദ്‌റുദ്ദീന്‍ (ജമാഅത്തെ ഇസലാമി), ടി.കെ അശ്‌റഫ് (വിസ്ഡം ഗ്ലോബല്‍ ഇസ് ലാമിക് മിഷന്‍), അബ്ദുല്‍ ലത്വീഫ് കരുമ്പിലാക്കല്‍, ഡോ. ജാബിര്‍ അമാനി (കെ.എന്‍.എം മര്‍കസുദ്ദഅവ), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍ ( ജംഇയ്യതുല്‍ ഉലമാ ഹിന്ദ് ), ഡോ.ഖാസിമുല്‍ ഖാസിമി (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍) എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

അതേസമയം കലക്ടറുടെ തീരുമാനം തങ്ങളുടെ അറിവോടെയല്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പെങ്കടുത്ത ജനപ്രതിനിധികളാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ചത്. കലക്ടര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കണമെന്നാണ് അറിയിച്ചെതന്ന് യോഗത്തില്‍ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി.വി. ഇബ്രാഹിം എം.എല്‍.എ എന്നിവര്‍ അറിയിച്ചു. മതസംഘടനാ നേതാക്കളുമായി ആലോചിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു കലക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്. അഡ്വ. എം. ഉമ്മര്‍, സി. മമ്മൂട്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം പുനഃപരിശോധിക്കേണ്ടതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടു. വേണ്ടത്ര കൂടിയാലോചനയില്ലാതെ ജില്ലയിലെ എല്ലാ ആരാധനാലയങ്ങളും ഒട്ടും തന്നെ പ്രവര്‍ത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണം വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപന പശ്ചാതലത്തില്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ആരാധനാലയങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി വിശ്വാസികള്‍ എത്തുന്നത്. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി ഒമ്പത് മണി സമയത്തേക്ക് ആരാധനാ കര്‍മ്മങ്ങള്‍ വേഗത്തിലാക്കി സമയനിഷ്ഠ പാലിച്ചാണ് കര്‍മ്മങ്ങള്‍ നടത്തുന്നതെന്നും പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമിയും ജനറല്‍ സെക്രട്ടറി പി.എം. മുസ്തഫ കോഡൂരും പ്രസ്താവനയില്‍ പറഞ്ഞു.

ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് കഴിയാവുന്നത്ര ആളുകള്‍ക്കും, ചെറിയ പള്ളികളില്‍ ഇതേ മാനദണ്ഡപ്രകാരം 40 പേര്‍ക്കെങ്കിലും ആരാധനകളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി.

കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ലഭിച്ച അമിതാധികാരമാണ് കലക്ടര്‍ വിനിയോഗിക്കുന്നത്. നിയന്ത്രണങ്ങള്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം ബാധകമാക്കുന്ന രീതി അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ നിബന്ധനകളും അനുസരിച്ചാണ് ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത്. ആരാധനാലയങ്ങളും അതനുസരിച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ റമദാനില്‍ പള്ളികളില്‍ ഭജനമിരിക്കാനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പള്ളികള്‍ പൂര്‍ണമായും അടച്ചിട്ട റമദാന്‍ മാസമായിരുന്നു കഴിഞ്ഞ വര്‍ഷം കടന്നുപോയത്. പുതിയ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടുതന്നെ വിശ്വാസികളെ പള്ളികളില്‍ എത്താന്‍ അനുവദിക്കണം. അഞ്ചുപേര്‍ മാത്രമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പട്ടു. എല്ലാ തലത്തിലുമുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് മുസ്ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വിശുദ്ധ റമദാന്‍ മാസമാണ്. വിശ്വാസികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ പോകാനവസരമുണ്ടാവണം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ച് പേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്.

അതേസമയം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം, മത-രാഷ്ട്രീയ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വന്നതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മതസംഘടനകളുമായും രാഷ്ട്രീയ പ്രതിനിധികളുമായും എംഎല്‍എമാരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം കളക്ടറില്‍ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിശദമായ വിവരം തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലായിരിക്കും കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story
Share it