മാഹിന്‍ വൈദ്യര്‍ എന്ന പ്രതിഭ

ഇദ്ദേഹത്തെ വൈദ്യര്‍ എന്ന് പറയുന്നതിനേക്കാളുപരി ഒരു സര്‍വ്വ കലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കലായിരിക്കും ഉചിതം. കര്‍മ്മനിരതന്‍ എന്ന മലയാള പ്രയോഗത്തിന് പര്യായായമായി ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വ്വ വ്യക്തിയാണ് മായിന്‍ച്ച. വൈദ്യര്‍ മായിന്‍ച്ച എന്നാണ് തളങ്കരക്കാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും പാചക കലയിലും ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക് മേഖലകളിലുമെല്ലാം മികവ് തെളിയിച്ച പ്രതിഭാശാലി. പരന്ന വായനയാണ് അദ്ദേഹത്തിന്റെ മുതല്‍ കൂട്ട്. വായിച്ചത് അങ്ങനെത്തന്നെ ഓര്‍മ്മയില്‍ നിലനില്‍ക്കുകയും ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകളില്‍ നിരന്തരം ഗവേഷണം നടത്തുന്നത് അദ്ദേഹത്തിന്റെ […]

ഇദ്ദേഹത്തെ വൈദ്യര്‍ എന്ന് പറയുന്നതിനേക്കാളുപരി ഒരു സര്‍വ്വ കലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കലായിരിക്കും ഉചിതം. കര്‍മ്മനിരതന്‍ എന്ന മലയാള പ്രയോഗത്തിന് പര്യായായമായി ഉപയോഗിക്കാന്‍ കഴിയുന്ന അപൂര്‍വ്വ വ്യക്തിയാണ് മായിന്‍ച്ച.
വൈദ്യര്‍ മായിന്‍ച്ച എന്നാണ് തളങ്കരക്കാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും പാചക കലയിലും ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക് മേഖലകളിലുമെല്ലാം മികവ് തെളിയിച്ച പ്രതിഭാശാലി. പരന്ന വായനയാണ് അദ്ദേഹത്തിന്റെ മുതല്‍ കൂട്ട്. വായിച്ചത് അങ്ങനെത്തന്നെ ഓര്‍മ്മയില്‍ നിലനില്‍ക്കുകയും ചെയ്യും. പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകളില്‍ നിരന്തരം ഗവേഷണം നടത്തുന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന ഹോബിയായിരുന്നു.
അദ്ദേഹത്തിന്റെ വീട്ടില്‍ എപ്പോള്‍ ചെന്നാലും അല്പം കുടുംബ കാര്യം പറഞ്ഞതിന് ശേഷം പഠനാര്‍ഹമായ വലിയ ചര്‍ച്ചകള്‍ ആരംഭിക്കും. ഖുര്‍ആനും സയന്‍സും വൈദ്യശാസ്ത്രവും ചരിത്രവുമെല്ലാം പ്രസ്തുത ചര്‍ച്ചയില്‍ വരും. മണിക്കൂറുകളോളം അത് നീണ്ട് നില്‍ക്കും.
സാധാരണ ആളുകള്‍ക്ക് മനസ്സിലാവാത്ത കടുകട്ടിയുള്ള പുസ്തകങ്ങള്‍ ഒരു സായാഹ്ന പത്രം വായിക്കുന്ന ലാഘവത്തിലാണ് അദ്ദേഹം വായിച്ചിരുന്നത്. വായന കഴിഞ്ഞ് തന്റെ ചിന്താ മണ്ഡലത്തിന് തിരികൊളുത്തും. വേണ്ടപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നത് മര്‍ഹൂം ഹകീം മൗലവിയോടായിരുന്നു. 1972 മുതല്‍ ആരംഭിച്ച ഇണപിരിയാത്ത സൗഹൃദമായിരുന്നു അവരുടേത്. മരണംവരെ അത് തുടര്‍ന്നു. അവരുടെ ആത്മ ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ഹകീം മൗലവി മരിക്കുന്ന സമയം വൈദ്യര്‍ ട്രെയിനില്‍ തിരുവന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. രാത്രി 2 മണിയായി. പൊടുന്നനെ ഉറക്കില്‍ നിന്നും ഞെട്ടിയുണര്‍ന്നു. പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. വല്ലാത്ത അസ്വസ്ഥത, ഉസ്താദിനെ വല്ലാതെ ഓര്‍മ്മ വരുന്നല്ലോ എന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മൗലവിയുടെ മരണ വാര്‍ത്ത തന്റെ ഫോണിലേക്ക് വരുന്നത്.
വൈദ്യരുടെകൂടെ ഒന്ന് പുറത്തേക്കിറങ്ങിയാല്‍ മതി ഓരോ ചെടികളുടെയും ഇലകള്‍ നുള്ളി അതിന്റെ പേരും കെമിസ്ട്രിയും അതിന്റെ ഉപയോഗവും പറഞ്ഞു തരും. അത്രയ്ക്ക് വിവരമായിരുന്നു സസ്യങ്ങളെക്കുറിച്ച്. 100 കണക്കിന് ഔഷധ സസ്യങ്ങള്‍ വീട്ട് മുറ്റത്ത് തന്നെ നട്ട് വളര്‍ത്തി. ചികിത്സക്കുള്ള മിക്ക മരുന്നുകളും വീട്ടില്‍ തന്നെ നിര്‍മ്മിക്കുമായിരുന്നു. മോഡേണ്‍ മെഡിസിനെ കുറിച്ചുള്ള വിവരവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.
വീട്ടിലെ സ്‌പെഷ്യല്‍ പലഹാരങ്ങള്‍ താല്പര്യത്തോടെ അദ്ദേഹം സ്വയം ഉണ്ടാക്കും. ഒരിക്കല്‍ തന്റെ ബന്ധുവീട്ടില്‍ ഒരു പരിപാടിക്ക് ബിരിയാണിയുണ്ടാക്കാന്‍ പാചകക്കാര്‍ വന്നപ്പോള്‍ പേനയും കടലാസുമായി കസേരയിട്ട് അവിടെ ഇരിപ്പായി. ബിരിയാണിയുടെ ശര്‍ത്തും ഫര്‍ളും ആദാബുകളും പഠിക്കാന്‍ വേണ്ടിയാണ് ഈ ഇരുത്തം. വിജ്ഞാനം എന്തുമാവട്ടെ വാര്‍ധക്യ സമയത്ത് പോലും ഒരു കൊച്ചു വിദ്യാര്‍ത്ഥിയെ പോലെ പഠിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എപ്പോഴും ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നത്. എന്തിനാണ് പാചകക്കാരുടെ അടുത്തിരുന്നത് എന്ന് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, 'കാമിലായ ബിരിയാണിക്ക് 72 ചേരുവകള്‍ ചേരണം. അത് ചേര്‍ക്കേണ്ട സമയത്ത് തന്നെ ചേര്‍ത്തില്ലെങ്കില്‍ ബിരിയാണി ബാത്വിലായിപ്പോകും.'
വീട്ടിലെ കൊച്ചു കുട്ടികള്‍ക്ക് വളരെ ആവേശത്തോടെ അദ്ദേഹം തന്നെയാണ് ട്യൂഷന്‍ എടുത്തിരുന്നത്. ഹസനത്തുല്‍ ജാരിയ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച മിമ്പറിന് താഴേ ഒരേ സ്ഥലത്താണ് അദ്ദേഹം ഇരിക്കുക. വന്നയുടനെ മിമ്പറിന്റെ താഴെ 30 പൈസ പോക്കറ്റില്‍ നിന്നെടുത്ത് പെറുക്കി വെച്ചിട്ടുണ്ടാവും. തിരിച്ച് തളങ്കരക്കുള്ള ബസ് ടിക്കറ്റിന്റെ കാശാണത്. അത്രയ്ക്കും ഓരോ കാര്യത്തിലും കണിശത പുലര്‍ത്തിയിരുന്ന വ്യക്തിയാണ്.
വാര്‍ദ്ധക്യത്തിന്റെ അവശതകളെ വകഞ്ഞ് മാറ്റി അദ്ദേഹം എഴുതിയ 'ഉപബോധ മനസ്സിന്റെ ശാക്തീകരണം', 'വികസിക്കുന്ന തളങ്കര' എന്നീ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അസ്വസ്തതകള്‍ക്ക് പോലും അദ്ദേഹത്തിന്റെ ചിന്തയെയും എഴുത്തിനെയും തളര്‍ത്താന്‍ കഴിഞ്ഞില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രസിദ്ധീകരങ്ങള്‍.
ഇലക്ട്രോണിക്‌സിനോടുള്ള തന്റെ ആര്‍ത്തി പുതിയ പല ഉപകരണ നിര്‍മ്മാണത്തിലേക്കും വഴി തെളിയിച്ചു. വളരെ പണ്ട് കാലത്ത് തന്നെ അഡ്വാന്‍സ്ഡ് സ്റ്റെപ് അപ്പും ഇന്‍വെര്‍ട്ടരും നിര്‍മ്മിച്ച് എം.വി.എം എന്ന നിര്‍മ്മാണ യൂണിറ്റ് തുടങ്ങി ആ മേഖലയിലുള്ള തന്റെ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ മെക്കാനിക്കുകള്‍ വഴിമുട്ടുമ്പോള്‍ സമീപിച്ചിരുന്നത് വൈദ്യരെയാണ്. ഇലക്ട്രിക് ആന്റ് ഇലക്ട്രോണിക് മേഖലയില്‍ ആ രംഗത്തെ എഞ്ചിനീയര്‍മാരെപോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇലക്ട്രോണിക് സാങ്കേതിക വിജ്ഞാനം ഒരുപാട് ആളുകള്‍ക്ക് പകര്‍ന്ന് നല്‍കി.
1970കളില്‍ തളങ്കരക്ക് ഒരു എഫ്.എം സ്റ്റേഷന്‍ നിര്‍മ്മിച്ച് തളങ്കരയിലെ പരിപാടികള്‍ അതിലൂടെ സംപ്രേഷണം ചെയ്തിരുന്നു. അതൊരു ചരിത്ര സംഭവം തന്നെയായിരുന്നു. പക്ഷെ നിയമപരമായ തടസ്സങ്ങള്‍ ഉള്ളത് കൊണ്ട് പൊലീസ് ഇടപെട്ട് അത് നിര്‍ത്തിവെപ്പിക്കുകയാണുണ്ടായത്.
ഗോളശാസ്ത്രത്തില്‍ അനിതരസാധാരമായ വിജ്ഞാനമുണ്ടായിരുന്നു. ആസ്‌ട്രോണമിയുമായി ബന്ധപ്പെട്ട പല സംശയ നിവാരണത്തിനും ഞാന്‍ വൈദ്യരെ സമീപിച്ചിരുന്നു. ഗോളശാസ്ത്ര പണ്ഡിതനായ അലി മണിക്ക് ഫാന്‍ ഒരിക്കല്‍ ചന്ദ്രമാസ നിര്‍ണ്ണയ ചര്‍ച്ചക്കായി എന്റെ വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാനുള്ള പ്രേരണയും ഊര്‍ജ്ജവും നല്‍കിയത് വൈദ്യരാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയില്‍ മര്‍ഹൂം മമ്മു ഹാജിയുടെ പാര്‍ട്ണറായി ഒരു റെഡിമേഡ് ഷോപ്പ് നടത്തിയിരുന്നു. അവിടെ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് പിന്നീട് നാട്ടിലേക്ക് വണ്ടി കയറി.
എന്റെ വല്ല്യപ്പ ശൈഖ് അബ്ദുല്‍ ഖാദിര്‍ നസഫിയുടേയും എന്റെ പിതാവ് അബ്ദുല്‍ ഹകീം മൗലവിയുടെയും എന്റെയും ഇങ്ങനെ മൂന്ന് പരമ്പരയുടെ ഉറ്റ സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഷാഫി നേരത്തെ അസുഖത്തെതുടര്‍ന്ന് മരണപ്പെട്ടിരുന്നു. മകന്‍ ഡോ. ജലാലുദ്ദീന്‍ മംഗലാപുരത്ത് അസ്ഥിരോഗ വിദഗ്ദനായി സേവനം ചെയ്യുന്നു. തളങ്കരക്കാര്‍ക്ക് മാത്രമല്ല നാടിനും സമുദായത്തിനും അഭിമാനമായ വൈദ്യര്‍ ഇന്നലെ പരിശുദ്ധ റമദാന്‍ 27ന് നമ്മോട് വിടപറഞ്ഞു. ഇന്നാലില്ലാഹ്..
അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി മാറ്റട്ടെ.

Related Articles
Next Story
Share it