മാഹിന്‍ വൈദ്യരും കെ.എം. ഹസനും തളങ്കരയുടെ ഹൃദയത്തിലൂടെ ഒഴുകിയ രണ്ട് പുഴകള്‍...
തളങ്കരയിലെ സവിശേഷ വ്യക്തിത്വങ്ങളിലൊരാളായ മാഹിന്‍ വൈദ്യരും വിടവാങ്ങി. മാഹിന്‍ വൈദ്യരെ കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഷുഹൈബിന്റെയും വാട്സ്ആപ്പില്‍ ഷിഹാബിന്റെയും ആ പോസ്റ്റ് കണ്ടത്. കെ.എം. ഹസന് വിടവാങ്ങിയിട്ട് എട്ട് വര്‍ഷമാകുന്നു. മാഹിന്‍ വൈദ്യരുടെ വിയോഗം മിനിഞ്ഞാന്ന് മെയ് 9 നായിരുന്നുവെങ്കില്‍ കെ.എം. ഹസന്റേത് 2013 മെയ് പത്തിനായിരുന്നു. സമാനതകളുടെ കൂട്ടുകാരാണ് രണ്ടുപേരും. തളങ്കരയുടെ ഹൃദയത്തിലൂടെ ഒഴുകിയ രണ്ട് പുഴകള്‍. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. തളങ്കരയുടെ പൊതു ചിത്രത്തിനുമേല്‍ അപൂര്‍വ്വ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയവരാണ് കെ.എം. ഹസനും മാഹിന്‍ വൈദ്യരും. […]
തളങ്കരയിലെ സവിശേഷ വ്യക്തിത്വങ്ങളിലൊരാളായ മാഹിന്‍ വൈദ്യരും വിടവാങ്ങി. മാഹിന്‍ വൈദ്യരെ കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഷുഹൈബിന്റെയും വാട്സ്ആപ്പില്‍ ഷിഹാബിന്റെയും ആ പോസ്റ്റ് കണ്ടത്. കെ.എം. ഹസന് വിടവാങ്ങിയിട്ട് എട്ട് വര്‍ഷമാകുന്നു. മാഹിന്‍ വൈദ്യരുടെ വിയോഗം മിനിഞ്ഞാന്ന് മെയ് 9 നായിരുന്നുവെങ്കില്‍ കെ.എം. ഹസന്റേത് 2013 മെയ് പത്തിനായിരുന്നു. സമാനതകളുടെ കൂട്ടുകാരാണ് രണ്ടുപേരും. തളങ്കരയുടെ ഹൃദയത്തിലൂടെ ഒഴുകിയ രണ്ട് പുഴകള്‍. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. തളങ്കരയുടെ പൊതു ചിത്രത്തിനുമേല്‍ അപൂര്‍വ്വ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയവരാണ് കെ.എം. ഹസനും മാഹിന്‍ വൈദ്യരും. […]
തളങ്കരയിലെ സവിശേഷ വ്യക്തിത്വങ്ങളിലൊരാളായ മാഹിന്‍ വൈദ്യരും വിടവാങ്ങി. മാഹിന്‍ വൈദ്യരെ കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഷുഹൈബിന്റെയും വാട്സ്ആപ്പില്‍ ഷിഹാബിന്റെയും ആ പോസ്റ്റ് കണ്ടത്. കെ.എം. ഹസന് വിടവാങ്ങിയിട്ട് എട്ട് വര്‍ഷമാകുന്നു. മാഹിന്‍ വൈദ്യരുടെ വിയോഗം മിനിഞ്ഞാന്ന് മെയ് 9 നായിരുന്നുവെങ്കില്‍ കെ.എം. ഹസന്റേത് 2013 മെയ് പത്തിനായിരുന്നു. സമാനതകളുടെ കൂട്ടുകാരാണ് രണ്ടുപേരും. തളങ്കരയുടെ ഹൃദയത്തിലൂടെ ഒഴുകിയ രണ്ട് പുഴകള്‍. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. തളങ്കരയുടെ പൊതു ചിത്രത്തിനുമേല്‍ അപൂര്‍വ്വ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയവരാണ് കെ.എം. ഹസനും മാഹിന്‍ വൈദ്യരും. വൈദ്യര്‍ക്ക് ആറ് വര്‍ഷത്തെ മൂപ്പുണ്ടെങ്കിലും ആദ്യം വിട പറഞ്ഞത് കെ.എം. ഹസന് എന്ന അസൂച്ചയാണ്. രണ്ടുപേരും ആത്മസുഹൃത്തുക്കളായിരുന്നു. നാട് ചിന്തിക്കാത്ത വഴികളില്‍ നിന്ന് മാറി നിന്ന് വ്യത്യസ്തമായ വഴികള്‍ വെട്ടിയവര്‍. കണ്ടുപിടിത്തങ്ങളുടെ അമരക്കാരായിരുന്നു രണ്ടുപേരും. കാര്‍ഷിക വൃത്തിയെയും ജന്തുജാലകങ്ങളെയും അതിരറ്റ് സ്നേഹിച്ചവര്‍. ഭൂ ഉടമകളുടെ മക്കളായി പിറന്നിട്ടും കന്നുകാലികളോടും സസ്യജാലകങ്ങളോടും കിന്നാരം പറഞ്ഞ് നടന്നവര്‍.
ആയുര്‍വ്വേദ വൈദ്യനായി നാടിന്റെ നോവിന് മേല്‍ ഔഷധം പുരട്ടുമ്പോഴും മാഹിന്‍ വൈദ്യര് നിരവധി കണ്ടുപിടിത്തങ്ങളുടെ പിറകിലായിരുന്നു. ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല ഉണരുന്നതിന് മുമ്പേ അഡ്വാന്‍സ്ഡ് സ്റ്റെപ് അപ്പും ഇന്‍വെര്‍ട്ടറും നിര്‍മ്മിച്ച് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. വൈദ്യര്‍ക്ക് എം.വി.എം. എന്ന ഒരു നിര്‍മ്മാണ യൂണിറ്റ് തന്നെ ഉണ്ടായിരുന്നു. കണ്ടുപിടിത്തങ്ങളും പുതിയ സാങ്കേതിക വിദ്യകളും സമൂഹത്തിന് പരിചയപ്പെടുത്തുന്നതും വൈദ്യര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. 1970 കളുടെ തുടക്കത്തില്‍ ഒരു എഫ്.എം. സ്റ്റേഷന് നിര്‍മ്മിച്ച് തളങ്കരക്ക് പുത്തനറിവിന്റെ ശബ്ദം കേള്‍പ്പിച്ചത് ഒരു ചരിത്രം തന്നെയായിരുന്നു. വ്യത്യസ്തമായ കണ്ടുപിടിത്തങ്ങളിലൂടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ട് സമാനമായ വഴികളില്‍ തന്നെയായിരുന്നു കെ.എം.ഹസനും. മുട്ടവിരിയിക്കാന്‍ ചൊട്ടുവിദ്യ എന്ന പേരില്‍ അദ്ദേഹം കണ്ടുപിടിച്ച പൗള്‍ട്രി ഇന്‍ക്വിബേറ്റര്‍ ആ കാലത്ത് വലിയൊരു സംഭവവും വാര്‍ത്തയുമായിരുന്നു. മുട്ടവിരിയിക്കാനുള്ള സാങ്കേതിക വിദ്യക്ക് വന്‍ തുക ചെലവഴിക്കേണ്ടി വന്നിരുന്ന കാലത്ത് വെറും രണ്ട് അനുമിനിയം പാത്രങ്ങളുടെ സഹായത്തോടെ കെ.എം. ഹസന് പൗള്‍ട്രി ഇന്‍ക്വിബേറ്റര്‍ വികസിപ്പിച്ചെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. 1977ല്‍ അദ്ദേഹം മറ്റൊരു കണ്ടുപിടിത്തവുമായി രംഗത്തെത്തി. വീടിനകത്തും തേനീച്ച വളര്‍ത്താനുള്ള ക്രിസ്റ്റല്‍ കെയ്ജ് എന്ന വിദ്യ കണ്ടുപിടിച്ചുകൊണ്ടാണ് ഹസന് വീണ്ടും മലബാറിന്റെ താരമായി ഉദിച്ചത്. ഇതോടെ രണ്ടുപേരെയും ശാസ്ത്രജ്ഞന്മാരെപോലെയാണ് ജന്മനാട് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും.
ആകാശവാണിയിലെ കേരളത്തിലെ ഏതാണ്ട് എല്ലാ നിലയങ്ങളിലും കെ.എം. ഹസന് തന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ചും കാര്‍ഷിക വൃത്തിയെകുറിച്ചും നിരന്തരം പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ടി. ഉബൈദ് മാഷുമായുള്ള ആത്മബന്ധമാണ് കെ.എം. ഹസനെ ആകാശവാണിയിലേക്ക് അടുപ്പിച്ചതെങ്കിലും പിന്നീട് ആകാശവാണിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമായി അദ്ദേഹം മാറി. പിന്നീട് ജനപ്രതിനിധിയായി തിളങ്ങിയതും വികസനത്തിന്റെ പുതുവെളിച്ചങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ പ്രിയ നേതാവായി മാറിയതുമൊക്കെ മറ്റൊരു ചരിത്രം.
രണ്ട് നാള് മുമ്പ് ഞാന്‍ വൈദ്യരുടെ ഭാര്യാ സഹോദരന് ഷരീഫ് ചുങ്കത്തിലിനൊപ്പം തളങ്കര കടവത്തെ വൈദ്യരുടെ വീട്ടില്‍ ചെന്നിരുന്നു. വൈദ്യര് അസുഖം കാരണം മംഗലാപുരത്തെ ആസ്പത്രിയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും എന്റെ ബന്ധുവുമായ സുഹ്റ ചുങ്കത്തിലിനോട് വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. വൈദ്യര് അസുഖം ഭേദപ്പെട്ട് എത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പ്രായം 87 പിന്നിട്ടിരുന്നെങ്കിലും മരണം മാഹിന്വൈദ്യരെ ഇത്ര പെട്ടന്ന് കവര്‍ന്നെടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രായത്തിന്റെ ആധിക്യത്തിലും വൈദ്യരുടെ ചുറുചുറുക്ക് നഷ്ടപ്പെട്ടിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 3നാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകം 'വികസിക്കുന്ന തളങ്കര' പ്രകാശിതമായത്. വൈദ്യരുടെ വീട്ടുമുറ്റത്ത് യഹ്യ തളങ്കരയും പി. മാഹിന്‍ മാസ്റ്ററും ഖമറുദ്ദീന് തളങ്കരയും അമീര്‍ പള്ളിയാനും സിദ്ദിഖ് ഒമാനും ഹസനുമൊക്കെ ചേര്‍ന്നാണ് ലളിതമെങ്കിലും പ്രൗഢമായ ആ പ്രകാശനച്ചടങ്ങ് ഒരുക്കിയത്. നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീറും മുന്‍ ചെയര്മാന് ടി.ഇ. അബ്ദുല്ലയും ബഷീര്‍ വോളിബോളും അടക്കമുള്ളവര്‍ ചടങ്ങിനുണ്ടായിരുന്നു. വൈദ്യരുടെ മകന് ഡോ. എം.വി. ജലാലുദ്ദീന്‍ സ്വാഗതപ്രസംഗത്തില്‍ വാപ്പയുടെ ജീവചരിത്രത്തിലേക്കാണ് സദസ്സിനെ കൈപിടിച്ച് കൊണ്ടുപോയത്. അന്ന് വൈദ്യരെ ആദരിക്കുകയും ചെയ്തിരുന്നു. അന്നാണ് വൈദ്യരെ അവസാനമായി കാണുന്നത്. പ്രഗത്ഭനായ ഒരു വൈദ്യര് തന്റെ അവസാന നാളുകളില്‍ ഗ്രന്ഥരചനയില്‍ ആഴത്തില്‍ മുഴുകുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. തളങ്കരയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
തളങ്കരയുടെ സമഗ്ര ചരിത്രത്തെ കുറിച്ച് അധികമാരും എഴുതിയിട്ടില്ല. കെ.എം. അഹ്മദ് മാഷ് ഒന്നര പതിറ്റാണ്ട് മുമ്പ് ഉത്തരദേശത്തില്‍ 'എന്റെ തളങ്കര' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ തളങ്കരയുടെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. പിന്നീട് മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദിലെ ഉറൂസുമായി ബന്ധപ്പെട്ട് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പുറത്തിറക്കിയ സുവനീറില്‍ തളങ്കരയുടെ ചരിത്രം അന്വേഷിക്കുന്നുണ്ട്. മതമൈത്രിയുടെ പൂ നിലാവ് ഉദിച്ച മണ്ണാണ് തളങ്കര. പുറം ലോകം തെറ്റിദ്ധരിച്ച് പോയത് പോലെ കളങ്കത്തിന്റെ കറുത്ത പാടുകള്‍ തളങ്കരയുടെ ഹൃദയത്തിലില്ല. തളങ്കരയുടെ സംസ്കാരവും നൈര്‍മല്യവും പെരുമ കേട്ടതാണ്. തളങ്കരക്ക് പറയാന്‍ അനവധി ചരിത്രങ്ങളുമുണ്ട്. തളങ്കരയുടെ മതമൈത്രിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭാഷാ സംബന്ധമായ വൈവിധ്യങ്ങളും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, വ്യാവസായിക ചരിത്രങ്ങളുമൊക്കെ എടുത്ത് പറയേണ്ട വിഷയങ്ങള്‍ തന്നെയാണ്. പ്രായം എഴുത്തിന് തടസമായി നിന്നപ്പോള്‍ ബന്ധുവായ സുഹ്റാബി ഷരീഫാണ് വൈദ്യര് പറഞ്ഞുകൊടുത്ത കഥകള്‍ പകര്‍ത്തിയെഴുതിയത്.
ആയുര്‍വ്വേദ ചികിത്സകന് കൂടിയായ മാഹിന്‍ വൈദ്യര് ഏറെ നാളത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് തളങ്കരയുടെ സമഗ്രമായ ചരിത്രം കണ്ടെത്തുകയും അത് പുതുതലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തത്. അവതാരിക എഴുതാനുള്ള ഭാഗ്യമുണ്ടായത് എനിക്കാണ്. 'വികസിക്കുന്ന തളങ്കര' ആധികാരികമായ, മഹത്തായ ഒരു ഗ്രന്ഥമാണെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ തളങ്കരയുമായി ബന്ധപ്പെട്ട കാതലായ ഒരുപാട് വിവരങ്ങള്‍ അതിലില്ലാതില്ല.
നൂറ്റാണ്ടുകളിലൂടെ ഇഴുകിച്ചേര്‍ന്ന തളങ്കരയുടെ മൈത്രീ ഭാവങ്ങളെയും ഹൈന്ദവ ക്ഷേത്രങ്ങളെയും മാലിക് ദീനാര്‍ (റ) തങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ ആദ്യത്തെ പള്ളി നിര്‍മ്മിച്ചതിന്റെയും പിന്നീട് ഉണ്ടായ ഇസ്ലാം മതത്തിന്റെ വളര്‍ച്ചയെയും തൊപ്പി വ്യവസായം, ഉരു വ്യവസായം, ഓട് വ്യവസായം തുടങ്ങിയവയെയുമൊക്കെ മാഹിന്‍ വൈദ്യര് പറഞ്ഞുതരികയും ഒരു കാലഘട്ടത്തിലേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. തളങ്കരയുടെ വിദ്യാഭ്യാസ ചരിത്രവും കവി ടി. ഉബൈദിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റ പ്രവര്‍ത്തനങ്ങളുമൊക്കെ വിശദമായി വിവരിക്കുന്നുണ്ട്.
അക്ഷരങ്ങളോടും എഴുത്തിനോടും ഏറെ താല്‍പ്പര്യമുള്ള മാഹിന്വൈദ്യരുടെ രണ്ടാമത്തെ പുസ്തകമായിരുന്നു 'വികസിക്കുന്ന തളങ്കര'. 'ഉപബോധ മനസിന്റെ ശാക്തീകരണം' എന്ന പുസ്തകം നേരത്തെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 114 പേജുള്ള ഈ പുസ്തകത്തില്‍ 12 അധ്യായങ്ങളിലായി ഉപബോധ മനസിന്റെയും മസ്തിഷ്കത്തിന്റെയും അടക്കം മനുഷ്യനുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പതിനേഴാമത്തെ വയസില്‍ ചന്ദ്രികാ മാസികയില്‍ മാഹിന്‍ വൈദ്യര് കഥകള്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ചില രചനകള്‍ മാതൃഭൂമിയിലും അച്ചടിച്ചുവന്നിട്ടുണ്ടത്രെ.
എഴുത്തിന്റെ വഴിയിലേക്ക് കടന്നുവന്നുവെങ്കിലും കൈപുണ്യമുള്ള ഒരു വൈദ്യന് എന്ന നിലയിലാണ് തളങ്കരക്ക് മാഹിന്വൈദ്യര് ഏറെ സുപരിചിതന്‍. അദ്ദേഹം ഉണ്ടാക്കുന്ന വായുഗുളികയായ 'മഹാധന്വന്തരം' ഏറെ പ്രശസ്തമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തായലങ്ങാടിയില്‍ ഹിമാലയ ഫാര്‍മസിയും കണ്ണാടിപ്പള്ളിക്ക് എതിര്‍വശം കേരള മെഡിക്കല്‍സ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ഇടക്ക് കുറച്ചുകാലം കൊല്‍ക്കത്തയില്‍ ഗാര്‍മെന്റ്സ് വ്യാപാരവും നടത്തി. മാഹിന്വൈദ്യരുടെ കണ്ടുപിടിത്തങ്ങള്‍ ഏറെയാണ്. ചൂടുവെള്ളത്തില്‍ ഉരുകിപ്പോകാത്ത പ്ലാസ്റ്റിക് പൈപ്പുകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
'മുത്തശ്ശി പറയാത്ത കഥ' എന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു മാഹിന്‍ വൈദ്യര്. രചനകള്‍ പ്രിന്റിംഗിന് പ്രസില്‍ ഏല്‍പ്പിച്ചിരിക്കയാണ്. അതിനിടയിലാണ് മാഹിന്‍ വൈദ്യരെ മരണം കൈപിടിച്ചു കൊണ്ടുപോയത്.
കെ.എം. ഹസന് വിടപറഞ്ഞ് എട്ട് വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം തന്നെ മാഹിന്‍ വൈദ്യരും യാത്രയാവുമ്പോള്‍ തളങ്കരക്ക് അക്ഷരാര്‍ത്ഥത്തില്‍ നഷ്ടമാവുന്നത് നിറഞ്ഞൊഴുകിയ രണ്ട് പുഴകളാണ്.