എം.എ. റഹ്‌മാന്‍ കാര്‍ട്ടൂണിസ്റ്റ് കെ.എ.ഗഫൂറിന് സമര്‍പ്പിച്ചത് നോവലെറ്റുകളുടെ സമാഹാരം

ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും റിട്ടയേര്‍ഡ് ചിത്രകലാധ്യാപകനുമായ കെ.എ.ഗഫൂറിന് 80 വയസു പൂര്‍ത്തിയാകുന്നതും അദ്ദേഹത്തിന്റെ ശിഷ്യനായ മുന്‍ കോളേജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ എം.എ. റഹ്‌മാന്റെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതും ഒരുമിച്ചാകുന്നത് യാദൃശ്ചികമോ നിമിത്തമോ ആവാം. അതൊരു ഗുരു ശിഷ്യ ബന്ധ ഒത്തുചേരലിന്റെ ഊഷ്മളമായ ഒരനുഭവമാക്കാന്‍ നാല് നോവലെറ്റുകളുടെ സമാഹാര പുസ്തത്തിന്റെ പ്രകാശനം തന്റെ ഗുരുവിനുള്ള സമര്‍പ്പണം കൂടിയാവട്ടെ എന്ന് പ്രൊഫ. റഹ്‌മാന്‍ തീരുമാനിക്കുകയായിരുന്നു. 'വിദ്യുച്ഛക്തി എന്റെ രചന' എന്ന തന്റെ നാല് നോവലെറ്റുകളുടെ സമാഹാര […]

ഉദുമ: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും റിട്ടയേര്‍ഡ് ചിത്രകലാധ്യാപകനുമായ കെ.എ.ഗഫൂറിന് 80 വയസു പൂര്‍ത്തിയാകുന്നതും അദ്ദേഹത്തിന്റെ ശിഷ്യനായ മുന്‍ കോളേജ് അധ്യാപകനും അറിയപ്പെടുന്ന എഴുത്തുകാരനുമായ എം.എ. റഹ്‌മാന്റെ പുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറാവുന്നതും ഒരുമിച്ചാകുന്നത് യാദൃശ്ചികമോ നിമിത്തമോ ആവാം.
അതൊരു ഗുരു ശിഷ്യ ബന്ധ ഒത്തുചേരലിന്റെ ഊഷ്മളമായ ഒരനുഭവമാക്കാന്‍ നാല് നോവലെറ്റുകളുടെ സമാഹാര പുസ്തത്തിന്റെ പ്രകാശനം തന്റെ ഗുരുവിനുള്ള സമര്‍പ്പണം കൂടിയാവട്ടെ എന്ന് പ്രൊഫ. റഹ്‌മാന്‍ തീരുമാനിക്കുകയായിരുന്നു. 'വിദ്യുച്ഛക്തി എന്റെ രചന' എന്ന തന്റെ നാല് നോവലെറ്റുകളുടെ സമാഹാര പുസ്തകത്തിന്റെ പ്രകാശനവും ഗഫൂര്‍ മാസ്റ്ററുടെ വസതിയില്‍ പോയി ഒരു ചടങ്ങായി മാറ്റിയത് ഗഫൂര്‍ മാസ്റ്റര്‍ രക്ഷാധികാരി കൂടിയായ സുപ്രിയ സ്റ്റഡിസര്‍ക്കിള്‍ പ്രവര്‍ത്തകരായിരുന്നു. പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി. കുമാരന് കോപ്പി നല്‍കി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു. പ്രൊഫ.സി.കണ്ണന്‍ അധ്യക്ഷതവഹിച്ചു. കഥാകൃത്തും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും ഡോക്യുമെന്ററി സംവിധായകനും കൂടിയാണ് ഉദുമ സ്വദേശിയായ പ്രൊഫ.എം.എ.റഹ്‌മാന്‍. ലൈബ്രറി ഇല്ലാത്ത 1970 കളില്‍ കെ.എ.ഗഫൂര്‍ ഉദുമയില്‍ സ്ഥാപിച്ച സുപ്രിയാ സ്റ്റഡി സര്‍ക്കിളിന്റെ പുസ്തകവായനാ സംരംഭത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടാണ് താന്‍ എഴുത്തിന്റെയും ചിത്രകലയുടെയും ഡോക്യുമെന്ററിയുടെയും ലോകത്തെത്തിയതെന്ന് എം.എ. റഹ്‌മാന്‍ ഓര്‍മിച്ചു. കെ.അബ്ബാസ്, രാഘവന്‍ ഉദുമ, പി.കെ. മുകുന്ദന്‍, സാഹിറ റഹ്‌മാന്‍, ഫറൂഖ് കാസ്മി, സുരേന്ദ്രന്‍ ഉദുമ, മുജീബ് മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it