എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി. യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് എം എ യൂസുഫലിയെ തേടിയെത്തിയത്. യൂസുഫലി ഉള്‍പ്പെടെ 12 പേര്‍ക്കാണ് അബൂദബി അവാര്‍ഡ് നല്‍കിയത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് യൂസുഫലി. അബൂദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ […]

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി. യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് എം എ യൂസുഫലിയെ തേടിയെത്തിയത്. യൂസുഫലി ഉള്‍പ്പെടെ 12 പേര്‍ക്കാണ് അബൂദബി അവാര്‍ഡ് നല്‍കിയത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് യൂസുഫലി.

അബൂദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി സര്‍ക്കാറിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം എം.എ. യൂസുഫലി പറഞ്ഞു. 47 വര്‍ഷമായി അബൂദബിയിലാണ് താമസം. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോട്, പ്രത്യേകിച്ച് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസുഫലി പറഞ്ഞു.

ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് യു.എ.ഇ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും യൂസുഫലി പറഞ്ഞു.

2005ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2008ല്‍ പത്മശ്രീ പുരസ്‌കാരം, 2014ല്‍ ബഹറൈന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, 2017ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം തുടങ്ങിയവയും യൂസുഫലിക്ക് ലഭിച്ചിട്ടുണ്ട്. യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസക്ക് അര്‍ഹനായതും യൂസുഫലിയാണ്.

യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എക്‌സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles
Next Story
Share it