എം.എ. റഹ്‌മാന്‍ മാഷ്: അറിഞ്ഞതൊരു കയ്യോളം, അറിയാനുള്ളതോ കടലോളം
അറിഞ്ഞതൊന്നും ഒരറിവേ അല്ല. എം.എ. റഹ്‌മാന്‍ മാഷെക്കുറിച്ച് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്നും മാഷ് പറഞ്ഞു തരാറുള്ള ഒരു പാഠമാണ് മറ്റുള്ളവരുടെ പാത്രത്തില്‍ അധികമുള്ളത് നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല എന്ന്. അവര്‍ക്കു പട്ടിണി കിടക്കാനാണ് വിധി എന്ന്. ക്രിയാത്മക സംതൃപ്തിയുള്ളവര്‍ എന്തിനെയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന്. കയ്യിലുള്ളവയുടെ മറ്റൊരു പതിപ്പു പുറത്തിറക്കുമെന്ന്. അപ്രധാനമെന്ന് കരുതുന്നവയില്‍ നിന്ന് ആരെയും മോഹിപ്പിക്കുന്ന സൃഷ്ടി കര്‍മം നടത്തുമെന്ന്. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചപ്പോഴും മാഷ് ഞങ്ങളോട് പറഞ്ഞത് അത് തന്നെ. മറ്റൊന്ന് […]
അറിഞ്ഞതൊന്നും ഒരറിവേ അല്ല. എം.എ. റഹ്‌മാന്‍ മാഷെക്കുറിച്ച് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്നും മാഷ് പറഞ്ഞു തരാറുള്ള ഒരു പാഠമാണ് മറ്റുള്ളവരുടെ പാത്രത്തില്‍ അധികമുള്ളത് നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല എന്ന്. അവര്‍ക്കു പട്ടിണി കിടക്കാനാണ് വിധി എന്ന്. ക്രിയാത്മക സംതൃപ്തിയുള്ളവര്‍ എന്തിനെയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന്. കയ്യിലുള്ളവയുടെ മറ്റൊരു പതിപ്പു പുറത്തിറക്കുമെന്ന്. അപ്രധാനമെന്ന് കരുതുന്നവയില്‍ നിന്ന് ആരെയും മോഹിപ്പിക്കുന്ന സൃഷ്ടി കര്‍മം നടത്തുമെന്ന്. കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചപ്പോഴും മാഷ് ഞങ്ങളോട് പറഞ്ഞത് അത് തന്നെ. മറ്റൊന്ന് […]
അറിഞ്ഞതൊന്നും ഒരറിവേ അല്ല. എം.എ. റഹ്‌മാന്‍ മാഷെക്കുറിച്ച് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്നും മാഷ് പറഞ്ഞു തരാറുള്ള ഒരു പാഠമാണ് മറ്റുള്ളവരുടെ പാത്രത്തില്‍ അധികമുള്ളത് നോക്കിയിരിക്കുന്ന ഒരാളും സ്വന്തം പാത്രത്തിലെ സദ്യ ആസ്വദിക്കില്ല എന്ന്. അവര്‍ക്കു പട്ടിണി കിടക്കാനാണ് വിധി എന്ന്. ക്രിയാത്മക സംതൃപ്തിയുള്ളവര്‍ എന്തിനെയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന്. കയ്യിലുള്ളവയുടെ മറ്റൊരു പതിപ്പു പുറത്തിറക്കുമെന്ന്. അപ്രധാനമെന്ന് കരുതുന്നവയില്‍ നിന്ന് ആരെയും മോഹിപ്പിക്കുന്ന സൃഷ്ടി കര്‍മം നടത്തുമെന്ന്.
കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചപ്പോഴും മാഷ് ഞങ്ങളോട് പറഞ്ഞത് അത് തന്നെ. മറ്റൊന്ന് കൂടി മാഷ് പറഞ്ഞു: ഉള്ളിലുള്ള കഴിവുകളെ കഴിയാവുന്നത്ര പുറത്തെടുക്കണമെന്ന്. രാകിരാകി അവയ്ക്ക് ദിനംപ്രതി മൂര്‍ച്ഛ കൂട്ടണമെന്ന്. കര്‍മഫലം ദൈവരൂപത്തില്‍ നമ്മെ തേടി വരുമെന്ന്. ഇക്കാലമത്രയും മാഷ് കുറിച്ചിട്ട ഓരോ വരികളും പാത്തും പതുങ്ങിയുമാണെങ്കിലും സമൂഹം വീക്ഷിച്ചിരുന്നു. അതിന്റെ തെളിവായിരുന്നല്ലോ സമഗ്ര സംഭാവനയ്ക്കുളള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര വിധി നിര്‍ണയത്തില്‍ റഹ്‌മാന്‍ മാഷിന്റെ പേര് പറഞ്ഞപ്പോള്‍ കമ്മിറ്റിയിലുണ്ടായിരുന്ന ഒരാളും മറ്റൊരാളുടെ പേര് നിര്‍ദേശിക്കാതിരുന്നത്. എം.എ റഹ്‌മാനെ തേടി ഇനിയും പല പുരസ്‌കാരങ്ങളും വരാനിരിക്കുന്നതേയുള്ളൂ. അത് ഒരു 'എന്‍ഡോസള്‍ഫാനി'ലും 'എന്‍വിസാജി' ലും 'ഒപ്പുമര' ത്തിലും 'ചാലിയാറിന്റെ വിലാപ' ത്തിലും 'പ്രവാസിയുടെ യുദ്ധങ്ങളിലും' മാത്രമല്ല, 'ദലാല്‍ സ്ട്രീറ്റി' ലും ആടിലും ആടുജീവിതം നയിക്കുന്ന മനുഷ്യരിലും വരെ ചെന്നു നില്‍ക്കുന്നു. ചിതറിയ ഏടുകളില്‍ നിന്നും കുത്തഴിഞ്ഞു പോയ ജീവിതങ്ങളെ പെറുക്കി എടുത്ത് നമുക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമാക്കി മാറ്റി നിര്‍ത്തുക മാത്രമല്ല മാഷ് ചെയ്യുന്നത്. ഇനി എന്ത് എന്നുളള ആ ചോദ്യത്തിന്റെ ഉത്തരം കൂടി അടുത്ത പടി മാഷ് കണ്ടെത്തി അവക്ക് പരിഹാരം തേടുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹത്തിന്റെ 'ഓരോ ജീവനും വിലപ്പെട്ടതാണ് ' എന്ന പുസ്തകത്തിന്റെ റോയല്‍റ്റി തുക ബോവിക്കാനത്തെ രണ്ട് കുട്ടികള്‍ക്ക് നല്‍കി മാതൃക കാട്ടിയത്. രണ്ട് എഡിഷനുകളായാണ് കൈരളി ആ പുസ്തകമിറക്കിയത്. ഇരുപത്തായ്യായിരം രൂപ വീതമാണ് ഓരോ എഡിഷനും പ്രതിഫലം. അവര്‍ തന്ന അയ്യായിരം രൂപയുടെ പത്ത് ചെക്കുകള്‍ നിസ്വരായ ആ രണ്ട് കുട്ടികളുടെ അമ്മമാരെ ഏല്‍പിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ കണ്ട കൃതജ്ഞത, അതിനു പകരം വെക്കാന്‍ പറ്റുന്ന ഒരു സമ്പാദ്യവും ആരുടെയും നിലവറകളില്‍ ഉണ്ടാകില്ലെന്ന് മാഷ് കണ്ടറിഞ്ഞിരിക്കണം. സ്വയം രചിക്കുന്ന വീരകൃത്യങ്ങളിലെ നായകനാകുന്നതിനേക്കാള്‍ മറ്റുള്ളവര്‍ കൃതജ്ഞതയോടെ എഴുതുന്ന സ്മരണികയില്‍ സ്ഥാനം പിടിക്കാന്‍ കഴിയുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥവും സംതൃപ്തിയും കൈവരുന്നതെന്നാണല്ലൊ മാഷിന്റെ പണ്ടേയുള്ള വിശ്വാസം. ഇനി ലഭിക്കാനിടയുള്ള റോയല്‍റ്റി തുകകളും അശരണരുടെ കണ്ണീരൊപ്പാനുളളതാണ്. കൂടെ ഭാര്യ സഹീറ റഹ്‌മാനും എന്തിനുമേതിനും ഒരു നിഴലായി എപ്പഴും മാഷിന്റെ കൂടെയുണ്ട്.
87കാലഘട്ടത്തില്‍ സിനിമയുടെയും ടെലിഫിലിമുകളുടെയും ഡോക്യുമെന്ററിയുടേയും വെളളിവെളിച്ചത്തിലേക്ക് ഒരു ഈയാംപാറ്റയെപ്പോലെ പറന്നു പോകുന്നതിനിടയില്‍ ചിറകു കരിഞ്ഞ കഥ മാഷ് വിവരിക്കുകയുണ്ടായി. 'ബഷീര്‍ ദ മാന്‍' ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും അതുണ്ടാക്കി വെച്ച കടം വീട്ടാന്‍ മാഷിനും ഭാര്യയ്ക്കും പ്രവാസ ജീവിതം നയിക്കേണ്ടി വന്നു.
ഖത്തറിലെത്തിയിട്ടും മാഷിന്റെ ഉള്ളിലെ അറിവിന്റെ അന്വേഷകന്‍ ഉണര്‍ന്നു തന്നെ ഇരുന്നു. കേസരി ബാലകൃഷ്ണപിള്ളയും എം.എന്‍. വിജയന്‍ മാഷും ബഹ്‌റൈനും ദില്‍മൂന്‍ ഗോത്രവും മനുഷ്യവംശത്തിന്റെ ഉറവിടവും മാഷിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. താന്‍ കണ്ട മനുഷ്യരുടെ നീറുന്ന യാതനകളും പച്ചയായ ഹൃദയ വൃണങ്ങളും വിട്ടു വീഴ്ചയില്ലാത്ത അവരുടെ സങ്കടങ്ങളും ദയനീയമായ ആ അവബോധങ്ങളുമാണ് അതീവ കയ്യടക്കത്തോടെ മാഷ് അക്ഷരങ്ങളാക്കി കുറിച്ചത്.
കാസര്‍കോട് ആര്‍ട്ട് ഫോറം ആദരിച്ച ചടങ്ങില്‍ മാഷ് ഉള്ളു തുറന്ന് തന്നെ കുറേ കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. ടി. ഉബൈദ് മാഷിന്റെ മഹനീയ ജീവിത മാതൃക തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ ഉണര്‍വ്വിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. നല്ലൊരു ആദരച്ചടങ്ങാണ് ബുധനാഴ്ച വൈകിട്ട് മാഷിന്റെ വീട്ടില്‍ നടന്നത്. ടി.ഇ. അബ്ദുല്ലയും ടി.എ. ഷാഫിയും സി.എല്‍ ഹമീദും ഷാഫി എ നെല്ലിക്കുന്നും എ.കെ ശ്യാംപ്രസാദും കെ.സി ഇര്‍ഷാദും സിദ്ധീഖ് ഒമാനും ഗഫൂര്‍ തളങ്കരയുമൊക്കെ ഉണ്ടായിരുന്നു. ഷാഫി നെല്ലിക്കുന്ന് വരച്ച മാഷിന്റെ പോര്‍ട്രയിറ്റ് അതിമനോഹരമായിരുന്നു. ടി.ഇ അബ്ദുല്ലയില്‍ നിന്ന് പോട്രൈറ്റ് സ്വീകരിച്ച് മാഷും ഭാര്യയും അത് ഏറെ നേരം നോക്കി നിന്നു. മാഷെക്കുറിച്ച് നാമറിഞ്ഞത് ഒരു കയ്യോളം മാത്രമാണ്. അറിയാനുള്ളതോ ഒരു കടലോളവും.