സ്‌നേഹമസൃണനായ ഉണ്ണിയേട്ടന്‍...

സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട് ആരുടേയും മനസ്സില്‍ ഇടം നേടിയെടുക്കുന്ന ഒരു സ്വരൂപമായിരുന്നു ഉണ്ണിയേട്ടന്‍. ഒരിക്കല്‍ അടുത്തവരോട് ഒരിക്കലും അകലാത്ത പ്രകൃതം. ഏവരേയും തുല്ല്യമായി പരിഗണിക്കുന്ന ബഹുമാന്യ വ്യക്തിത്വം. എല്ലാവരും കണ്ടു കൊണ്ടിരിക്കെ അകന്നു പോയതുപോലെയുള്ള മരണമാണ് ഉണ്ണിയേട്ടന്റെ മരണം. അധികം ആരോടും സംസാരിക്കാത്ത മനുഷ്യന്‍. കാമ്പുള്ള സംസാരം. അനാവശ്യമായ ഒരു വാക്കും അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുകയില്ല. ഉത്തരദേശം പത്രത്തിലൂടെ കാസര്‍കോടിന്റെ പത്രപ്രവര്‍ത്തന മേഖലയിലും സാംസ്‌കാരിക മേഖലയിലും സാമൂഹിക മേഖലയിലും കൈവെച്ച അദ്ദേഹം അഹ്മദ് മാഷിന്റെ അങ്കക്കളരിയില്‍ തന്റെ […]

സ്‌നേഹമസൃണമായ പെരുമാറ്റം കൊണ്ട് ആരുടേയും മനസ്സില്‍ ഇടം നേടിയെടുക്കുന്ന ഒരു സ്വരൂപമായിരുന്നു ഉണ്ണിയേട്ടന്‍. ഒരിക്കല്‍ അടുത്തവരോട് ഒരിക്കലും അകലാത്ത പ്രകൃതം. ഏവരേയും തുല്ല്യമായി പരിഗണിക്കുന്ന ബഹുമാന്യ വ്യക്തിത്വം. എല്ലാവരും കണ്ടു കൊണ്ടിരിക്കെ അകന്നു പോയതുപോലെയുള്ള മരണമാണ് ഉണ്ണിയേട്ടന്റെ മരണം. അധികം ആരോടും സംസാരിക്കാത്ത മനുഷ്യന്‍. കാമ്പുള്ള സംസാരം. അനാവശ്യമായ ഒരു വാക്കും അദ്ദേഹത്തില്‍ നിന്നും ഉണ്ടാവുകയില്ല. ഉത്തരദേശം പത്രത്തിലൂടെ കാസര്‍കോടിന്റെ പത്രപ്രവര്‍ത്തന മേഖലയിലും സാംസ്‌കാരിക മേഖലയിലും സാമൂഹിക മേഖലയിലും കൈവെച്ച അദ്ദേഹം അഹ്മദ് മാഷിന്റെ അങ്കക്കളരിയില്‍ തന്റെ തൂലികക്കുള്ള മൂര്‍ച്ഛ കൂട്ടിക്കൊണ്ടേയിരുന്നു. അതുകൊണ്ടാണ് ഉത്തരദേശത്തിന്റെ മുഖപ്രസംഗങ്ങള്‍ കാസര്‍കോടിന്റെ ശബ്ദമായി അധികാരികളുടെ കര്‍ണ്ണങ്ങളില്‍, കണ്ണുകളില്‍ പതിഞ്ഞു കൊണ്ടേയിരുന്നത്. കാസര്‍കോട് ജില്ലാ രൂപീകരണം തൊട്ടിങ്ങോട്ടുള്ള ഓരോ പ്രശ്‌നങ്ങളില്‍ വിശിഷ്യ ജീവല്‍ പ്രശ്‌നങ്ങളില്‍ ഉത്തരദേശത്തിന്റെ ശ്രദ്ധ നിരന്തരം പതിഞ്ഞതും അവ കാസര്‍കോടിന്റെ നാവായി മാറിയതും. അതിന്റെയൊക്കെ പിന്നില്‍ വിയര്‍പ്പൊഴുക്കിയത് ഉണ്ണിയേട്ടനായിരുന്നു.
എന്നെ പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെ നിരന്തരം സ്ഫുടം ചെയ്‌തെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉണ്ണിയേട്ടനുള്ള പങ്ക് നിര്‍ണ്ണായകമായിരുന്നു. മാഷിന്റെ മേല്‍നോട്ടത്തില്‍ ഉണ്ണിയേട്ടനായിരുന്നു ഉത്തരദേശത്തിന്റെ വാരാന്ത്യപ്പതിപ്പുകള്‍ക്ക് മിഴിവേകിയത്. പത്രത്തിലും വാരാന്ത്യപ്പതിപ്പിലും പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളായാലും കവിതകളായാലും ഫീച്ചറുകളായാലും അവയുടെ ഓരോ കോപ്പികള്‍ അയച്ചു തരുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. മാത്രവുമല്ല, ഓരോ എഴുത്തിനെ കുറിച്ചും കൃത്യമായ അഭിപ്രായവും അദ്ദേഹം പറയുമായിരുന്നു. അത്തരം അഭിപ്രായങ്ങളാണ് ഓരോ എഴുത്തുകാരന്റേയും എഴുത്തിനെ പിന്നേയും പിന്നേയും പാകപ്പെടുത്തിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് പല എഴുത്തുകളും വെളിച്ചം കണ്ടത്. എഴുതിത്തെളിഞ്ഞവരെ പരിഗണിക്കുന്നതോടൊപ്പം വേണ്ടത്ര എഴുത്തില്‍ ലബ്ധപ്രതിഷ്ഠരല്ലാത്തവരെ പരിഗണിക്കുന്നതിലും ഉത്തരദേശം കാണിച്ച ശുഷ്‌കാന്തിയാണ് എന്നെപ്പോലുള്ള ചെറിയ എഴുത്തുകാരെ രൂപപ്പെടുത്തിയെടുത്തത്.
തന്നോട് അടുപ്പമുള്ള വ്യക്തികളുടെ വീട്ടു കാര്യങ്ങള്‍, കുടുംബ വിശേഷങ്ങള്‍ ഒക്കെ പരിഗണിക്കുന്നതില്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. തന്റെ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശേഷങ്ങള്‍ ആരായുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തിയത്. മാത്രവുമല്ല ഓരോ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളിലും അദ്ദേഹത്തിന് തന്റേതായ കാഴ്ച്ചപ്പാടും വീക്ഷണവും ഉണ്ടായിരുന്നു. അത് പറയുന്നതിലും പങ്കു വെക്കുന്നതിലും അദ്ദേഹത്തിന് യാതൊരു വൈമനസ്യവും ഇല്ലായിരുന്നു. സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒരു യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകന്റെ കണ്ണ് എങ്ങനെ പതിക്കണമെന്നും അവ എങ്ങനെ മുഖ്യധാരാ ജനങ്ങളിലേക്കെത്തിക്കണമെന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആ അവധാനതയാണ് അദ്ദേഹത്തെ മറ്റു പത്ര പ്രവര്‍ത്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തിയതും.
ഓരോ വിശേഷ ദിവസങ്ങളില്‍ വിളിച്ചോ ആശംസകളറിയിച്ചോ അദ്ദേഹം മറ്റുള്ളവരെ പരിഗണിച്ചിരുന്നു. അങ്ങനെ നിഷ്‌കളങ്കമായ ഒരു ആള്‍രൂപത്തെയാണ് പൊടുന്നനെ മരണം ഇല്ലാതാക്കിയത്. അതിന്റെ വേദനയും ദു:ഖവും വാക്കുകള്‍ക്കതീതമാണ്. അദ്ദേഹവുമായി അടുപ്പമുള്ള എല്ലാവര്‍ക്കും ഈ തരത്തില്‍ തന്നെയായിരിക്കും അനുഭവം. എല്ലാ മനുഷ്യര്‍ക്കും വേണ്ടത് സ്‌നേഹവും പരിഗണനയുമാണെന്ന് നമുക്കറിയാം. അവ അക്ഷരാര്‍ത്ഥത്തില്‍ ഓരോരുത്തര്‍ക്കും അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞതാണ് ഉണ്ണിയേട്ടന്റെ ജീവിത വിജയവും. ഇത്രയും പെട്ടെന്ന് ഇത്രയും നല്ല മനുഷ്യന്‍ മരണമെന്ന കോമാളിക്ക് അടിപ്പെടുമെന്ന് വിചാരിക്കാനേ പറ്റുന്നില്ല. ഇപ്പോഴും സ്‌നേഹാര്‍ദ്രമായ ആ മനുഷ്യന്‍ നമ്മുടെ മുമ്പില്‍ നേര്‍ത്ത പുഞ്ചിരിയിലൂടെ ഹൃദയം കവര്‍ന്നുകൊണ്ട് നില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രമേ നമുക്കാവൂ. മറിച്ചൊന്നു ചിന്തിക്കാന്‍ മനസ്സനുവദിക്കുന്നില്ല. അത്രമാത്രം ആ സ്‌നേഹം നമ്മുടെ മനസ്സിലേക്ക് ആഞ്ഞു പതിച്ചെത്തിയിരിക്കുന്നു.
പ്രണാമം ഉണ്ണിയേട്ടാ…പ്രണാമം..അന്ത്യപ്രണാമം...

-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it