പ്രണയപ്പകയും തകരുന്ന കുടുംബങ്ങളും

കോവിഡ് കാലത്ത് മനുഷ്യവര്‍ഗം അതിജീവനത്തിനുള്ള നെട്ടോട്ടത്തിലാണ്. വൈറസില്‍ നിന്നും ജീവന്‍ രക്ഷിക്കാനും പട്ടിണിയില്ലാതെ കഴിഞ്ഞുപോകാനും സാധ്യമായ മാര്‍ഗങ്ങളൊക്കെ നമ്മള്‍ അന്വേഷിക്കുന്നു. കോവിഡ്മൂലം ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും അനേകം പേര്‍ മരിച്ചുവീണിരിക്കുന്നു. മരണം കാത്ത് ഇനിയുമുണ്ട് ഏറെ പേര്‍. ഉറ്റവരുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ മനംനൊന്തു കഴിയുന്നവരില്‍ പലരും അവിചാരിതമായി വന്നുചേര്‍ന്ന ദുരന്തപൂര്‍ണമായ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ പാടുപെടുകയാണ്. മഹാമാരി വരുത്തിയ കെടുതികളില്‍പെട്ട് തൊഴില്‍ നഷ്ടമായവരും കടബാധ്യതകളില്‍ വലയുന്നവരും ആത്മഹത്യ മാത്രമാണ് പരിഹാരം എന്ന് ചിന്തിച്ചുകഴിയുന്ന അതിസങ്കീര്‍ണമായ ജീവിതാവസ്ഥകളില്‍ എത്തിപ്പെട്ടിരിക്കുന്നു. […]

കോവിഡ് കാലത്ത് മനുഷ്യവര്‍ഗം അതിജീവനത്തിനുള്ള നെട്ടോട്ടത്തിലാണ്. വൈറസില്‍ നിന്നും ജീവന്‍ രക്ഷിക്കാനും പട്ടിണിയില്ലാതെ കഴിഞ്ഞുപോകാനും സാധ്യമായ മാര്‍ഗങ്ങളൊക്കെ നമ്മള്‍ അന്വേഷിക്കുന്നു. കോവിഡ്മൂലം ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും അനേകം പേര്‍ മരിച്ചുവീണിരിക്കുന്നു. മരണം കാത്ത് ഇനിയുമുണ്ട് ഏറെ പേര്‍. ഉറ്റവരുടെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ മനംനൊന്തു കഴിയുന്നവരില്‍ പലരും അവിചാരിതമായി വന്നുചേര്‍ന്ന ദുരന്തപൂര്‍ണമായ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ പാടുപെടുകയാണ്. മഹാമാരി വരുത്തിയ കെടുതികളില്‍പെട്ട് തൊഴില്‍ നഷ്ടമായവരും കടബാധ്യതകളില്‍ വലയുന്നവരും ആത്മഹത്യ മാത്രമാണ് പരിഹാരം എന്ന് ചിന്തിച്ചുകഴിയുന്ന അതിസങ്കീര്‍ണമായ ജീവിതാവസ്ഥകളില്‍ എത്തിപ്പെട്ടിരിക്കുന്നു. മരണം വിതച്ചുകൊണ്ടിരിക്കുന്ന മഹാവിപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന വഴികളെക്കുറിച്ചാണ് ഭൂരിഭാഗം പേരും ആലോചിക്കുന്നത്. ഇതിനിടയില്‍ നാടും സമൂഹവും നേരിടുന്ന പൊതുവായ വെല്ലുവിളിയെക്കുറിച്ചുള്ള യാതൊരു ആകുലതയുമില്ലാതെ സ്വന്തം വൈകാരിക ചാപല്യങ്ങളെ തൃപ്തപ്പെടുത്തുന്നതിന് വകതിരിവില്ലാത്ത ചെയ്തികളിലേര്‍പ്പെട്ട് ജീവനും ജീവിതവും ഹനിക്കുന്നവരെക്കുറിച്ചോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പ്രണയപ്പകയുടെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളമനസാക്ഷിയെ വീണ്ടും ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ്. പ്രണയനൈരാശ്യത്തിന്റെ പേരില്‍ കേരളത്തില്‍ എത്രയോ യുവതീയുവാക്കളും കൗമാരക്കാരും ആത്മഹത്യ ചെയ്തിട്ടുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ടു. പ്രണയത്തിന്റെ പേരില്‍ തകര്‍ന്ന ദാമ്പത്യജീവിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഭാര്യക്കുപുറമെ കാമുകിയുള്ള ഭര്‍ത്താവും ഭര്‍ത്താവിനുപുറമെ ഒന്നും അതിലധികവും കാമുകന്‍മാരുള്ള ഭാര്യയുമൊക്കെ കുടുംബജീവിതത്തില്‍ അസ്വസ്ഥതയും അരാജകത്വവും വിതയ്ക്കുമ്പോള്‍ വ്രണപ്പെടുന്ന മനസും വികാരവും അത്തരം കുടുംബങ്ങളില്‍ കൊലപാതകങ്ങളെ ക്ഷണിച്ചുവരുത്തുന്നു. വ്യത്യസ്ത സാഹചര്യങ്ങളിലെ പ്രതികരണങ്ങള്‍ തീവ്രമാകുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും അവിഹിതബന്ധങ്ങളിലെ വില്ലന്‍മാരും വില്ലത്തികളുമെല്ലാം കൊലചെയ്യപ്പെട്ടുവെന്നുവരാം. അങ്ങനെ ഒരു പ്രണയത്തിന്റെ പേരില്‍ പല കുടുംബങ്ങള്‍ തകരുന്ന ദുരന്തം സംഭവിക്കുന്നു. ഒറ്റതിരിഞ്ഞുള്ള കൊലപാതകങ്ങള്‍ മുതല്‍ കൂട്ടക്കൊലപാതകങ്ങള്‍ വരെ സൃഷ്ടിക്കുന്ന സാമൂഹികവിപത്തായി പ്രണയപ്പക മാറുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യ എന്ന പെണ്‍കുട്ടിയെ വിനീഷ് എന്ന യുവാവ് കൊലപ്പെടുത്തിയ സംഭവം കോവിഡ് ഭീതിക്കിടയിലും കേരളത്തില്‍ അതീവ ആശങ്കയോടെയാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അനുജത്തിക്കും കുത്തേറ്റിരുന്നു. ഈ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബത്തിന് ഈ സംഭവം താങ്ങാനാകാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിനീഷ് പിറകെ നടന്ന് ശല്യപ്പെടുത്തുന്നതിനെതിരെ ദൃശ്യ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. താക്കീത് നല്‍കി വിടുക മാത്രമാണ് ചെയ്തത്. പ്രണയവുമായി ബന്ധപ്പെട്ട പരാതികളെ പൊലീസ് ലാഘവത്തോടെ കാണുന്നതും അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതും കാരണം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പ്രണയം നിരസിച്ചതിന് സമീപകാലത്താണ് ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് തീവെച്ച് കൊന്നത്. കൊല്ലത്താണ് ഈ ദാരുണസംഭവമുണ്ടായത്. കൊല്ലത്തുതന്നെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ചേര്‍ത്തുപിടിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവവും നടന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചപ്പോള്‍ യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 2018 മെയ് 28ന് ദളിത് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയിലെ കെവിന്‍ ജോസഫ് എന്ന യുവാവിനെ മറ്റൊരു സമുദായത്തില്‍പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ സംഭവം കേരളത്തിന്റെ സാമൂഹിക-സാമുദായിക-രാഷ്ട്രീയ-നിയമമേഖലകളെയും അധികാര കേന്ദ്രങ്ങളെയും പിടിച്ചുലച്ചിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ഭാര്യാപിതാവും സഹോദരന്‍മാരും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലപാതകമെന്നായിരുന്നു കെവിന്‍ വധം അറിയപ്പെട്ടത്. കെവിനെ ഭാര്യാവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ അന്വേഷണം നടത്താതെ പണത്തിന്റെ സ്വാധീനത്തിന് വഴങ്ങി ആ യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട പൊലീസുദ്യോഗസ്ഥരും ഒഴിവാക്കാമായിരുന്ന ഈ ദാരുണമരണത്തിന് ഉത്തരവാദികളാണ്. ദൃശ്യയുടെ കാര്യത്തിലും പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിനീഷിനെതിരെ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ നിപരാധിയായ യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു. പ്രണയം ഭ്രാന്തായി കൊണ്ടുനടക്കുന്നവരെ നമ്മുടെ നിയമവും സമൂഹവും അപകടകാരികളായി കാണാതിരിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ പരിണിതഫലമാണ് ദൃശ്യയുടെ കൊലപാതകം. ഇങ്ങനെയുള്ള പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാണ്. 2016 മുതല്‍ കേരളത്തില്‍ എട്ട് യുവതികള്‍ക്ക് പ്രണയപ്പകയുടെ പേരില്‍ ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. പ്രണയാഭ്യര്‍ഥന നിരസിക്കപ്പെടുന്നതിന്റെ പേരില്‍ മാനസികനില തന്നെ തെറ്റുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്യുന്ന വിനീഷുമാര്‍ സമൂഹത്തില്‍ നിരവധിയാണ്.

സമൂഹവും ഇത്തരക്കാരുടെ കുടുംബങ്ങളും ഇതൊക്കെ വെറും ചാപല്യങ്ങളായി കണ്ട് അവഗണിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ പ്രണയാഭ്യര്‍ഥനകള്‍ നിരന്തരമായി തിരസ്‌കരിക്കപ്പെടുമ്പോള്‍ ഇവര്‍ ഏതുനിമിഷവും പ്രതികാരദാഹികളായി മാറിയേക്കാം. പ്രണയം സ്വീകരിക്കാത്തതിന്റെ പേരില്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ കയറി ഒരു പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്ന സംഭവമുണ്ടായതും കേരളത്തിലാണ്. ശല്യപ്പെടുത്തലിന്റെ തുടക്കത്തില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് ജീവനോടെ കത്തിയെരിയേണ്ട ദുര്‍വിധിയില്‍ ആ വിദ്യാര്‍ഥിനി എത്തിപ്പെട്ടത്. കൊല്ലം ചാത്തന്നൂരില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവവും ഗൗരവമര്‍ഹിക്കുന്നു. പ്രണയം സാക്ഷാത്കരിക്കപ്പെടാത്തതിന്റെ പേരില്‍ പകയുമായി നടക്കുന്നവരെ വെറുതെ വിരട്ടിയതുകൊണ്ട് പ്രയോജനമില്ല. വൈകാരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരുടെ മുന്നില്‍ ബലപ്രയോഗം വിലപ്പോവുകയില്ല. തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഇത്തരം വ്യക്തികള്‍ ഏത് അധമമാര്‍ഗവും സ്വീകരിച്ചെന്നുവരും.നിയമസംവിധാനങ്ങളുടെ ഉരുക്കുമുഷ്ടികള്‍കൊണ്ട് താത്ക്കാലികമായി ഇത്തരക്കാരെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞെക്കാം. എന്നാല്‍ അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പോടെയായിരിക്കും ഇവരുടെ ഓരോ നീക്കങ്ങളും. ഒന്നിനും കൊള്ളാത്ത വ്യക്തിയായതുകൊണ്ടാണ് തന്നെ ആരും പ്രണയിക്കാത്തതെന്ന് സ്വയം ചിന്തിച്ചുകൂട്ടുന്ന ആള്‍ അനുഭവിക്കുന്നത് ആത്മനിന്ദയിലൂന്നിയ മാനസികസംഘര്‍ഷമാണ്. തന്റെ പ്രണയം അംഗീകരിക്കാത്ത പെണ്‍കുട്ടി ആരുടെയും സ്വന്തമാകരുതെന്ന ദൃഡനിശ്ചയത്തോടെയായിരിക്കും പിന്നീടുള്ള അയാളുടെ ഓരോ പ്രവൃത്തികളും. അടങ്ങാത്ത പ്രതികാരവാഞ്ജയോടെ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കരിനിഴലായി പ്രണയം നിഷേധിക്കപ്പെട്ട വ്യക്തിയുണ്ടാകും. ഇവിടെ പ്രശ്‌നങ്ങളെ നിയമപരമായി മാത്രം അഭിമുഖീകരിച്ചതുകൊണ്ട് പ്രയോജനമില്ല. മനശാസ്ത്രപരമായ ഇടപെടല്‍ കൂടി അനിവാര്യമാണ്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്ക് തോന്നുന്ന പ്രണയം തിരിച്ച് തോന്നണമെന്നില്ലെന്നും ഓരോ വ്യക്തിയുടെയും മാനസിക വൈകാരികഘടനകള്‍ വ്യത്യസ്തമായിരിക്കുമെന്നും ബോധ്യപ്പെടുത്തുന്ന കൗണ്‍സിലിംഗ് കൂടി ഇവിടെ ആവശ്യമായി വരുന്നുണ്ട്. പ്രണയത്തിനായി തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങള്‍ ബാലിശവും അപ്രായോഗികവുമാണെന്ന യാഥാര്‍ഥ്യം മനസിനെക്കൊണ്ട് അംഗീകരിപ്പിക്കുന്ന വിധത്തില്‍ പ്രശ്‌നക്കാരായ വ്യക്തികളില്‍ ആരോഗ്യകരമായ പരിവര്‍ത്തനം വരുത്താന്‍ കൂടി നിയമവ്യവസ്ഥക്ക് സാധിക്കണം. അതുപോലെ പ്രണയവിഭ്രാന്തികളുമായി സമീപിക്കുന്നവരോട് എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ പരിശീലനം ലഭ്യമാകണം. ഇഷ്ടമല്ലെന്ന് അറുത്തുമറിച്ച് പറയുന്നതിന് പകരം പ്രണയാഭ്യര്‍ഥന നടത്തുന്ന വ്യക്തിയോട് നയപരമായി പ്രതികരിക്കുന്നതാകും ഉചിതം. വ്യക്തമായ ഒരുത്തരം നല്‍കാതെയും നിരാശ പകരാതെയും തന്ത്രപരമായി ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചാല്‍ ആ വ്യക്തിയില്‍ വളരുന്ന പ്രണയപ്പകയുടെ വീര്യം കുറക്കാനാകും. നിരന്തരം ശല്യം തുടര്‍ന്നാല്‍ പോലും രോഷത്തോടെ പ്രതികരിക്കാതെ കഴിയുന്നതും അകന്നുനില്‍ക്കാന്‍ ശ്രമിക്കുക. ശല്യവും സമ്മര്‍ദവും അതിരുവിടുന്നെങ്കില്‍ മാത്രം നിയമത്തിന്റെ സഹായം തേടാവുന്നതാണ്. പെണ്‍കുട്ടികളുടെ സുരക്ഷയും ഇതോടൊപ്പം ഉറപ്പുവരുത്താന്‍ കഴിയണം.

Related Articles
Next Story
Share it