നഷ്ടമായത് അതുല്യ കലാപ്രതിഭയെ...
എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ പാക്കം നമ്മെ വിട്ടു പിരിഞ്ഞു. പ്രവീണിന്റെ അകാല വിയോഗം ഉണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ ദയാരഹിതമാണ് എന്ന് ചിന്തിച്ചു പോകുന്ന ചില സമയങ്ങള്‍ ഉണ്ട് ജീവിതത്തില്‍. അതുപോലൊരു സന്ദര്‍ഭമാണിത്. അപകടം നടന്നത് മുതല്‍ അവന്‍ രക്ഷപ്പെട്ടു കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നുകൂടി പാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. അവിശ്വസനീയമായത് തന്നെയാണ് ഒടുവില്‍ സംഭവിച്ചത്. അസാമാന്യ കലാപ്രതിഭ, ഗായകന്‍, സംഗീതജ്ഞന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങി നിന്ന കൂട്ടുകാരനെയാണ് നമുക്ക് […]
എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ പാക്കം നമ്മെ വിട്ടു പിരിഞ്ഞു. പ്രവീണിന്റെ അകാല വിയോഗം ഉണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ ദയാരഹിതമാണ് എന്ന് ചിന്തിച്ചു പോകുന്ന ചില സമയങ്ങള്‍ ഉണ്ട് ജീവിതത്തില്‍. അതുപോലൊരു സന്ദര്‍ഭമാണിത്. അപകടം നടന്നത് മുതല്‍ അവന്‍ രക്ഷപ്പെട്ടു കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നുകൂടി പാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. അവിശ്വസനീയമായത് തന്നെയാണ് ഒടുവില്‍ സംഭവിച്ചത്. അസാമാന്യ കലാപ്രതിഭ, ഗായകന്‍, സംഗീതജ്ഞന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങി നിന്ന കൂട്ടുകാരനെയാണ് നമുക്ക് […]
എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ പാക്കം നമ്മെ വിട്ടു പിരിഞ്ഞു. പ്രവീണിന്റെ അകാല വിയോഗം ഉണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ ദയാരഹിതമാണ് എന്ന് ചിന്തിച്ചു പോകുന്ന ചില സമയങ്ങള്‍ ഉണ്ട് ജീവിതത്തില്‍. അതുപോലൊരു സന്ദര്‍ഭമാണിത്.
അപകടം നടന്നത് മുതല്‍ അവന്‍ രക്ഷപ്പെട്ടു കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഒന്നുകൂടി പാടാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ചിരുന്നു. അവിശ്വസനീയമായത് തന്നെയാണ് ഒടുവില്‍ സംഭവിച്ചത്. അസാമാന്യ കലാപ്രതിഭ, ഗായകന്‍, സംഗീതജ്ഞന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങി നിന്ന കൂട്ടുകാരനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
ദുര്‍ഗ ഹൈസ്‌കൂളിലെ പഠനകാലത്ത് തൊട്ടു തുടങ്ങിയ ആത്മബന്ധം. യുവജനോത്സവങ്ങളില്‍ തലയുയര്‍ത്തി നിന്ന ദുര്‍ഗയിലേക്ക് ഞങ്ങളില്‍ ഒരുവനാവാന്‍ ദൈവം നിയോഗിച്ച് എത്തിയതായിരുന്നു അവന്‍. കലയുടെ കാര്യത്തില്‍ ദൈവാനുഗ്രഹം വേണ്ടുവോളം ലഭിച്ച കുട്ടിയായിരുന്നു. യുവജനോത്സവത്തിന്റെ ഗ്ലാമര്‍ ഇനമായ ഗാനമേള മത്സരത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാഷുടെയും അരവിന്ദാക്ഷന്‍ മാഷുടേയും കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഗാനമേളകള്‍ സ്‌കൂളിനു വേണ്ടി ആലപിച്ച് സമ്മാനം നേടി അഭിമാനമാവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആ ടീമിന്റെ തന്ത്രപ്രധാനമായ സ്ഥാനം പാക്കത്തുനിന്നും വന്ന് ഞങ്ങളുടെ കൂട്ടിലേക്ക് എത്തിയ വെള്ളാരം കണ്ണുള്ളവനു തന്നെയായിരുന്നു; പ്രവീണിന്.
അത്ര മധുരമായിരുന്നു ആ ശബ്ദം. 'സാമവേദത്തില്‍ സാധക ശ്രുതി മീട്ടും' എന്ന ലളിതഗാനം അവനെ പഠിപ്പിക്കുന്നത് നോക്കി നിന്നത് ഇന്നലെ കഴിഞ്ഞ പോലെ. അതുപോലെ 'ശോഭില്ലു സപ്തസ്വര' എന്ന കീര്‍ത്തനം പാടിയതും ഇന്ന് കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മയാവുകയാണ്. ഒ.എന്‍.വി കുറുപ്പിന്റെ 'ശാര്‍ങ്ഗകപ്പക്ഷികള്‍' എന്ന കവിത പാടി നീ സംസ്ഥാനത്ത് ഒന്നാമത് എത്തിയത് നാടിന് ആഹ്ലാദ നിമിഷം തന്നെയായിരുന്നു. റേഡിയോയില്‍ കലോത്സവത്തിലെ സമ്മാനാര്‍ഹമായ ഇനങ്ങള്‍ പ്രക്ഷേപണം ചെയ്തതില്‍ പ്രവീണിന്റെ 'ശാര്‍ങ്ഗകപ്പക്ഷികള്‍' ഇന്നും എന്റെ വീട്ടിലെ കാസറ്റില്‍ ഓര്‍മ്മയായി സൂക്ഷിച്ചിട്ടുണ്ട്.
ഞങ്ങളുടെ കലാജീവിതത്തിലെ നിറക്കൂട്ടുകള്‍ തന്നെയായിരുന്നു ദുര്‍ഗയിലെ സംഗീതജീവിതം. വൈകീട്ട് അവസാന പീരീഡില്‍ അവസാന നിമിഷങ്ങളില്‍ ക്ലാസ്സില്‍ നിന്നിറങ്ങി ഞങ്ങള്‍ 'ജനഗണമന'പാടി ലോങ്ങ് ബെല്ലടിപ്പിച്ച നിരവധി വര്‍ഷങ്ങള്‍.
കൂടെ ചില ദിവസങ്ങളില്‍ ഓഫീസ് മുറിയില്‍ ഹെഡ്മിസ്ട്രസ്സ് നളിനി ടീച്ചറുടെ സ്‌നേഹം നിറഞ്ഞ തമാശകള്‍, രാമേന്ദ്രേട്ടന്‍ പറഞ്ഞു തന്ന തമാശക്കഥകള്‍... എല്ലാം ഓര്‍മ്മയാകുന്നു. അതിലെ എന്റെ പ്രിയ കഥാപാത്രം അകാലത്തില്‍ മറയുകയാണ്. ദുര്‍ഗയിലെ പഠനത്തിനുശേഷം നെഹ്‌റു കോളേജില്‍ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ വിജയിച്ച ടീമിന്റെ നെടുംതൂണുകളും ഞങ്ങള്‍ തന്നെയായിരുന്നു. അതു ജീവിതത്തില്‍ ലഭിച്ച സൗഭാഗ്യങ്ങളില്‍ ഒന്നാണ്. അക്കാലത്ത് ഞങ്ങളുടെ ടീമിനെ വെല്ലാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ദുര്‍ഗയില്‍ അക്കാലത്ത് മികവു തെളിയിച്ച നിരവധി താരങ്ങളില്‍, സംഗീത ലോകത്ത് തന്നെ തുടര്‍ന്നത് ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. അതിനുശേഷം ദുര്‍ഗയിലെ പുതിയ ബ്ലോക്കിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനത്തിന് ഞങ്ങളൊന്നിച്ച് പാടി. ഞാന്‍ 'മഞ്ഞക്കിളിയുടെ മൂളി പാട്ടും...' പ്രവീണ്‍ 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ' എന്ന ഗാനവുമാണ് ആലപിച്ചത്. കാലചക്രം പിന്നെയും തിരിഞ്ഞുകൊണ്ടേയിരുന്നു. യുവജനോത്സവ നൃത്ത ഇനങ്ങളില്‍ കാസറ്റ് വെച്ച് മത്സരം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് നൃത്ത ഗീതങ്ങള്‍ പാടാന്‍ സ്റ്റുഡിയോയില്‍ വീണ്ടും ഞങ്ങള്‍ സംഗമിച്ചു. അങ്ങനെയങ്ങനെ നിരവധി വര്‍ഷങ്ങള്‍.... 2019-20 വര്‍ഷത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന സ്‌കൂള്‍ കലോത്സവത്തിനെ വരവേല്‍ക്കാന്‍ ടീം ദുര്‍ഗ ഗാനം ഒരുക്കിയപ്പോള്‍ ഞങ്ങളെല്ലാവരും വീണ്ടും സംഗമിച്ചു. സന്തോഷത്തിന്റെ നിരവധി ദിനങ്ങള്‍ റിഹേഴ്‌സലും ഷൂട്ടിങ്ങും ഒക്കെയായി ഞങ്ങള്‍ പഴയ യുവജനോത്സവ ടീമായി എല്ലാ അര്‍ത്ഥത്തിലും മാറുകയായിരുന്നു. ആ ഒരു കൂടിച്ചേരല്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവീണുമായി ഞങ്ങളുടെ അവസാനത്തെതായിരിക്കുമെന്ന് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചില്ല. കൊറോണ സമയത്തൊന്നും നേരിട്ട് കണ്ടില്ല. ഇടക്ക് വിളിക്കും. പുതുതായി ഇറക്കിയ ആല്‍ബം എല്ലാവരിലും എത്തിക്കണം എന്ന് അവന്‍ എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ അത് ഏറ്റെടുത്തു. അങ്ങനെ എഴുതിയാല്‍ തീരാത്ത ഒരുപാട് ഓര്‍മ്മകള്‍.
പ്രിയ പ്രവീ....., നിന്റെ നഷ്ടം കാഞ്ഞങ്ങാട്ടെ സംഗീതലോകത്തിന് നികത്താന്‍ പറ്റില്ല ഒരിക്കലും. നിന്നിലെ ശുദ്ധ സംഗീതം പൂര്‍ണ്ണമായി ആരും കേട്ടിട്ടില്ല. നീ ട്യൂണ്‍ ചെയ്ത നിരവധി ഗാനങ്ങള്‍ നിന്റെതാണെന്ന് ആരും അറിഞ്ഞില്ല. അത് അറിയിക്കാന്‍ നീ ഒട്ടും തുനിഞ്ഞതുമില്ല. 'ആത്മാവില്‍ ഒരു മയില്‍പീലിയാല്‍' എന്ന പത്മനാഭന്‍ കാവുമ്പായി എഴുതി നീ ട്യൂണ്‍ ചെയ്ത ആ ലളിതഗാനം ഒന്നു മതി നിന്റെ കമ്പോസിങ്ങ് എന്തായിരുന്നുവെന്ന് ലോകം അറിയാന്‍. ബാലമുരളീകൃഷ്ണയുടെതിനു തുല്യമായ സാധകമായിരുന്നു നിനക്ക്. കഴിഞ്ഞവര്‍ഷം ത്യാഗരാജ ആരാധനയില്‍ നീ പാടിയത് കേട്ട് മതിയായില്ല ആര്‍ക്കും. വലിയ വലിയ സംഗീതജ്ഞരുടെ ഒരു ശൈലി അത് നിനക്ക് കൈമുതലായിരുന്നു. പല്ലവ നാരായണേട്ടന്‍ എഴുതിയപോലെ പോലെ ഒരു ടി.എന്‍. ശേഷഗോപാലന്റെയൊക്കെ ഒരു ശൈലി. അത് നമ്മുടെ നാട്ടില്‍ ആര്‍ക്കും ദൈവം കൊടുക്കാതിരുന്ന ഒരു ശൈലിയായിരുന്നു.
പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ എന്നോടും എല്ലാവരോടും സ്‌നേഹപൂര്‍വ്വം മാത്രമേ നീ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവരുടെ വളര്‍ച്ചയില്‍ സന്തോഷമേ നിനക്ക് ഉണ്ടായിരുന്നുള്ളൂ. നിന്നെ അവസാന നോക്കു കാണാന്‍ നിന്റെ വീട്ടില്‍ വന്നിരുന്നു ഞാന്‍. ഞാന്‍ ദൂരെ നിന്ന് നോക്കി കണ്ടു. അത്രേ എനിക്ക് പറ്റൂ. നിന്റെ ചിരിക്കുന്ന മുഖം മാത്രം മതി എനിക്ക് ഓര്‍മ്മയില്‍. ഇന്നത്തെ മുഖം കാണാന്‍ വയ്യടാ... അന്ന് നീ ഞങ്ങള്‍ക്കായ് പാടിയ വരികള്‍ തന്നെയായിരുന്നു മനസ്സില്‍ 'ഇനി ഞാനുണര്‍ന്നിരിക്കാം ... നീ ഉറങ്ങുക'.
കണ്ണീരോടെ വിട... പ്രിയ ഗന്ധര്‍വ്വ ഗായകാ...