കാസര്‍കോട്: രണ്ടാംഘട്ട ലോക്ഡൗണില്‍ ഒന്നരമാസത്തെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി തുടങ്ങുമ്പോള്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനതോത് കുറച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കയ്യടി. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്) അടിസ്ഥാനമാക്കി നാല് മേഖലയായി തിരിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 8 ശതമാനത്തില്‍ താഴെ ടി.പി.ആര് നിരക്കുള്ള പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ചും നാമമാത്ര നിയന്ത്രണങ്ങളോടെയും സാധാരണ പ്രവര്‍ത്തനം അനുവദിക്കും.
ജില്ലാ ആസ്ഥാനമെന്ന നിലയില്‍ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന കാസര്‍കോട് നഗരസഭാ പരിധിയില്‍ ടി.പി.ആര് 3.9 ശതമാനത്തിലെത്തിയത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതനുസരിച്ച് 50 ശതമാനം ജീവനക്കാരെ വെച്ച് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ നാല് മേഖലകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും. തദ്ദേശഭരണ മേഖലയിലെ 7 ദിവസത്തെ ശരാശരി സ്ഥിരീകരണ നിരക്കെടുത്ത് 8 ശതമാനം വരെ കുറഞ്ഞ വ്യാപനവും 8 മുതല്‍ 20 ശതമാനം വരെ മിത വ്യാപനവും 20 മുതല്‍ 30 ശതമാനം വരെ അതി വ്യാപനവും 30 ശതമാനത്തിന് മുകളില്‍ തീവ്രവ്യാപന മേഖലകളാക്കി തിരിക്കും.
ബെള്ളൂര്‍, എണ്‍മകജെ, കയ്യൂര്‍-ചീമേനി എന്നിവിടങ്ങളില്‍ പൂജ്യം സ്ഥിരീകരണ നിരക്കിലെത്തിച്ചതും പ്രശംസ നേടിയിട്ടുണ്ട്. ബെള്ളൂര്‍, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കോടോംബേളൂര്‍, മഞ്ചേശ്വരം, മൊഗ്രാല്‍പുത്തൂര്‍, പടന്ന, വലിയപറമ്പ, വെസ്റ്റ് എളേരി പഞ്ചായത്തുകളില്‍ ടി.പി.ആര് 8 ശതമാനത്തിന് താഴെയായതിനാല്‍ സാധാരണ പ്രവര്‍ത്തനം അനുവദിക്കും. എന്നാല്‍ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളില്‍ ടി.പി.ആര് യഥാക്രമം 18, 13.8 ആയതിനാല്‍ അവശ്യവസ്തുക്കളുടെ കടകള്‍ക്ക് മാത്രമേ എല്ലാ ദിവസവും തുറക്കാന്‍ അനുമതിയുണ്ടാവുക. മറ്റു കടകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പ്രവര്‍ത്തിക്കാം.
അജാനൂര്‍, ബദിയടുക്ക, കാറഡുക്ക, കുമ്പള, കുമ്പഡാജെ, കുറ്റിക്കോല്‍, മടിക്കൈ, മംഗല്പാടി, മുളിയാര്‍, പനത്തടി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും ഇതേ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ടി.പി.ആര് 20നും 30 ശതമാനത്തിനും ഇടയിലുള്ള ബേഡഡുക്ക, ചെമനാട്, ചെങ്കള, ദേലംപാടി, കിനാനൂര്‍-കരിന്തളം, മീഞ്ച, പൈവളിഗെ, പുല്ലൂര്‍-പെരിയ, പുത്തിഗെ എന്നിവിടങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
എന്നാല്‍ ഉയര്‍ന്ന ടി.പി.ആര് നിരക്കുള്ള മധൂര്‍ (36.2), പള്ളിക്കര (37), ഉദുമ (33.6), വോര്‍ക്കാടി (36.4), പിലിക്കോട് (43.5) എന്നീ ഗ്രാമപഞ്ചായത്ത് പരിധികളില്‍ കര്‍ശന നിയന്ത്രണങ്ങളാവും ഏര്‍പ്പെടുത്തുക.
പൊതുഗതാഗതം ഘട്ടംഘട്ടമായി നാളെ മുതല്‍ അനുവദിക്കും. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും കര്‍ശനമായി തടയും. വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഇളവുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉച്ചക്ക് കലക്ടറേറ്റില്‍ ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും.