ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണം വാര്‍ഡ് തലത്തില്‍

കാസര്‍കോട്: സംസ്ഥാന തലത്തിലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാര്‍ഡുതലത്തില്‍ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടല്‍. ഇതിനായി ആരോഗ്യ വകുപ്പ് വാര്‍ഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗ വിവരങ്ങളുടെ […]

കാസര്‍കോട്: സംസ്ഥാന തലത്തിലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാര്‍ഡുതലത്തില്‍ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടല്‍. ഇതിനായി ആരോഗ്യ വകുപ്പ് വാര്‍ഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗ വിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ബുധനാഴ്ചകളിലെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ച് ഏര്‍പ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍, എ.ഡി.എം എന്നിവര്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ അതതു മേഖലകളില്‍ മാത്രമായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മള്‍ട്ടി സ്റ്റേജ് റാന്‍ഡം സാംപ്ലിങ്ങ് പരിശോധന രീതിയിലും മാറ്റം വരുത്തും. ഒരു വാര്‍ഡില്‍ 40 പേരെ വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ പരിശോധന നടത്തും. ഏഴ് ദിവസത്തിന് ശേഷം പരിശോധന ആവര്‍ത്തിക്കാനും തീരുമാനിച്ചു. ഒരു വാര്‍ഡിലെ 75 പേരില്‍ പരിശോധന നടത്തും വിധമായിരുന്നു നേരത്തെ ഇത് തീരുമാനിച്ചിരുന്നത്. ജില്ലയില്‍ എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാര്‍ഡുകളാണുള്ളത്. ഒരു ദിവസം 55 വാര്‍ഡുകളിലായി 2200 പേര്‍ക്ക് കോവിഡ് പരിശോധന നടത്തും. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, കടയുടമകള്‍, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം.
കോവിഡ് ബാധിത മേഖലകളിലേക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ അടക്കമുള്ള സഹായങ്ങള്‍ ജാഗ്രതാ സമിതികളുടെ മേല്‍നോട്ടത്തില്‍ മാത്രമേ വിതരണം ചെയ്യാവൂവെന്ന് ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി തീരുമാനിച്ചു. കോളനികളിലേക്കുള്‍പ്പെടെയുള്ള ഏത് സഹായവും പ്രദേശത്തെ വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ നിയന്ത്രണത്തില്‍ മാത്രമേ നല്‍കാവൂ. വ്യക്തികളോ സംഘടനകളോ സ്വന്തം നിലയില്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം അതുല്‍ എസ്.നാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. രാജന്‍, മറ്റു കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it