പി. അപ്പുക്കുട്ടന് പ്രണാമം; സാംസ്‌കാരിക കേരളം വിടചൊല്ലി

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വാഗ്മിയും നിരൂപകനും ഉത്തരദേശം മുന്‍ എഡിറ്ററും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന് സാംസ്‌കാരിക കേരളം വിട ചൊല്ലി. ഇന്ന് രാവിലെ 8 മണിയോടെ പയ്യന്നൂരിലെ സഹകരണ ആസ്പത്രിയില്‍ നിന്ന് ജന്മദേശമായ അന്നൂരിലെ കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തില്‍ സംസ്ഥാനത്തിന്റെ നാനാ ദിക്കുകളില്‍നിന്നെത്തിയ സാംസ്‌കാരിക നായകരും സാഹിത്യ പ്രമുഖരും വിവിധ കക്ഷി നേതാക്കളുമടക്കം നൂറ് കണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ മുഴുവന്‍ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ സൂക്ഷിച്ചപ്പോഴും അപ്പുക്കുട്ടന്‍ മാഷിനെ അവസാനമായി ഒരു നോക്കു കാണാന്‍ നിരവധി പേര് എത്തിയിരുന്നു. ടി.ഐ. മധുസൂദനന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ മാരായ ടി.വി. രാജേഷ്, കൃഷ്ണന്‍ അടക്കമുള്ളവര്‍ ഇന്ന് രാവിലെമുതല്‍ തന്നെ വില്ലേജ് ഹാളില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത്‌നിന്നടക്കം സാഹിത്യ രംഗത്തെ നിരവധി പേരെത്തി പ്രണാമം അര്‍പ്പിച്ചു. മക്കളായ സി.പി. സരിതയും മാതൃഭൂമി ഡല്‍ഹി ചീഫ് കറസ്‌പോണ്ടന്റ് സി.പി. ശ്രീഹര്‍ഷനും സി.പി. പ്രിയദര്‍ശനും മൃതദേഹത്തിനരികില്‍ തന്നെയുണ്ടായിരുന്നു. വാക്കുകളിലൂടെയും എഴുത്തിലൂടെയും സമൂഹത്തെ ഉദ്ധരിച്ച പ്രിയപ്പെട്ട അധ്യാപകനെ ഒരു നോക്കുകണ്ട് അന്തിമോപചാരമര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് രാവിലെ മുതല്‍ തന്നെ ജനങ്ങളുടെ ഒഴുക്കായിരുന്നു.
ഭൗതിക ശരീരത്തില്‍ വിവിധ സംഘടനകള്‍ക്ക് വേണ്ടിയും സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും നിരവധി പേര്‍ റീത്ത് സമര്‍പ്പിച്ചു. ഉത്തരദേശത്തിന് വേണ്ടി ഡയറക്ടര്‍ മുജീബ് അഹമ്മദ് പുഷ്പചക്രം അര്‍പ്പിച്ചു.
കാസര്‍കോട് സാഹിത്യ വേദിക്ക് വേണ്ടി സെക്രട്ടറി എം.വി. സന്തോഷ്, വൈസ് പ്രസിഡണ്ട് ടി.എ. ഷാഫി, മുന്‍ പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍, മുന്‍ ട്രഷറര്‍ മുജീബ് അഹമ്മദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗിരിധര്‍ രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് റീത്ത് സമര്‍പ്പിച്ചു. 11 മണിയോടെ മൃതദേഹം വില്ലേജ് ഹാളിന് തൊട്ടരികില്‍ തന്നെയുള്ള തറവാട് വീട്ടിലേക്ക് മാറ്റി. അല്‍പനേരം അവിടെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പയ്യന്നൂര്‍ നഗരസഭാ വാതക ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പി. അപ്പുക്കുട്ടന്റെ ഭൗതിക ശരീരം പയ്യന്നൂര്‍ അന്നൂര്‍ കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഉത്തരദേശത്തിന് വേണ്ടി ഡയറക്ടര്‍ മുജീബ് അഹ്മദ് പുഷ്പചക്രം അര്‍പ്പിക്കുന്നു