ക്രൂരമായ റാഗിംഗിനിരയായതിനെ തുടര്‍ന്ന് സ്വന്തം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത സാവിത്രി ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മ

കാഞ്ഞങ്ങാട്: ക്രൂരമായ റാഗിംഗിനിരയായതിനെ തുടര്‍ന്ന് മാനസികമായി തകരുകയും സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്ത ചെറുവത്തൂര്‍ വെങ്ങാട്ടെ എം.വി സാവിത്രി(45) ഇനി വേദനിക്കുന്ന ഓര്‍മ്മ. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് സാവിത്രി മരണത്തിന് കീഴടങ്ങിയത്. 1996ല്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പഠിക്കുമ്പോഴാണ് സാവിത്രി മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംഗിനിരയായത്. ഇതോടെ മാനസികമായി തളര്‍ന്ന സാവിത്രി കോളേജ് പഠനം ഉപേക്ഷിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. തന്നെ വേദനിപ്പിച്ചവരെ ഇനി കാണേണ്ടെന്ന് തീരുമാനിച്ച് സാവിത്രി തന്റെ വലതുകണ്ണ് ചൂഴ്ന്നെടുക്കുകയായിരുന്നു. പത്തുവര്‍ഷക്കാലം തിരുവനന്തപുരത്തെ ചിത്തരോഗാസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. രോഗം ഭേദമായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി മഞ്ചേശ്വരത്തെ സ്നേഹാലയത്തിലായിരുന്നു താമസം. അവിടെ വെച്ചുണ്ടായ വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സാവിത്രിയെ പിന്നീട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം ഭേദമായ സാവിത്രിയെ ഒപ്പം താമസിപ്പിക്കണമെന്ന് അമ്മ വട്ടിച്ചിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ അതിന് കഴിഞ്ഞില്ല. ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ തറ മാത്രമാണ് പൂര്‍ത്തിയായത്. വീട് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം സാവിത്രിയെ കൂട്ടിക്കൊണ്ടുവരണമെന്ന തീരുമാനത്തിലായിരുന്നു അമ്മയും സഹോദരിമാരും. അച്ഛന്‍ അമ്പു നേരത്തെ മരിച്ചിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it