ലിയാന ഫാത്തിമ എന്ന സ്വര്‍ണ്ണകന്യക

ഓളപ്പരപ്പുകളെ കീറിമുറിച്ച് ലിയാന ഫാത്തിമ ഉമര്‍ കുതിക്കുന്നത് അവിശ്വസനീയമായ നേട്ടങ്ങളിലേക്കാണ്. നീന്തല്‍ കുളം കാണുന്നത് പോലും പേടിയായിരുന്ന ആ പിഞ്ചുബാലിക പിന്നീട് നീന്തല്‍ കുളത്തില്‍ മത്സ്യകന്യകയെ പോലെ റെക്കോര്‍ഡുകളിലേക്ക് നീന്തി തുടിക്കുന്നത് കണ്ട് കാലം വിസ്മയിച്ചു നില്‍ക്കുകയാണ്. മേല്‍പറമ്പ് നടക്കാല്‍ റോഡിലെ ഉമര്‍ നിസാറിന്റെയും റാഹിലയുടേയും രണ്ടാമത്തെ മകളായ ലിയാന നീന്തല്‍ കുളത്തില്‍ മുങ്ങി താഴ്ന്ന് സ്വര്‍ണ്ണ മെഡലുകള്‍ വാരിയെടുക്കുമ്പോള്‍ സന്തോഷം കൊണ്ട് പുളകംകൊള്ളുകയാണ് മുഖ്യപരിശീലകന്‍ സന്തോഷ് കുമാര്‍. ഈ മാസം ആറ് മുതല്‍ എട്ട് വരെ […]

ഓളപ്പരപ്പുകളെ കീറിമുറിച്ച് ലിയാന ഫാത്തിമ ഉമര്‍ കുതിക്കുന്നത് അവിശ്വസനീയമായ നേട്ടങ്ങളിലേക്കാണ്. നീന്തല്‍ കുളം കാണുന്നത് പോലും പേടിയായിരുന്ന ആ പിഞ്ചുബാലിക പിന്നീട് നീന്തല്‍ കുളത്തില്‍ മത്സ്യകന്യകയെ പോലെ റെക്കോര്‍ഡുകളിലേക്ക് നീന്തി തുടിക്കുന്നത് കണ്ട് കാലം വിസ്മയിച്ചു നില്‍ക്കുകയാണ്.
മേല്‍പറമ്പ് നടക്കാല്‍ റോഡിലെ ഉമര്‍ നിസാറിന്റെയും റാഹിലയുടേയും രണ്ടാമത്തെ മകളായ ലിയാന നീന്തല്‍ കുളത്തില്‍ മുങ്ങി താഴ്ന്ന് സ്വര്‍ണ്ണ മെഡലുകള്‍ വാരിയെടുക്കുമ്പോള്‍ സന്തോഷം കൊണ്ട് പുളകംകൊള്ളുകയാണ് മുഖ്യപരിശീലകന്‍ സന്തോഷ് കുമാര്‍.
ഈ മാസം ആറ് മുതല്‍ എട്ട് വരെ തിരുവനന്തപുരത്തെ ഡോ.അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക് സെന്ററില്‍ നടന്ന കേരള ഗെയിംസില്‍ നീന്തല്‍ കുളത്തില്‍ നിന്ന് ലിയാന ഫാത്തിമ വാരിയെടുത്തത് അഞ്ച് സ്വര്‍ണ്ണം!
മത്സരിച്ച ഇനങ്ങളിലെല്ലാം സ്വര്‍ണ്ണം നേടി പ്രഥമ കേരള ഗംയിംസില്‍ തന്നെ ചരിത്രമായിരിക്കുകയാണ് ഈ 17കാരി. ലിയാനെ നോക്കി കാണികള്‍ ഒരേ സ്വരത്തില്‍ വിളിച്ചു;
'നീന്തല്‍ കുളത്തിലെ രാഞ്ജി, സ്വര്‍ണ്ണ മത്സ്യം'.
സന്തോഷ് കുമാറിന്റെ കണ്ടെത്തല്‍
ഉമര്‍ നിസാറിനും റാഹിലക്കും രണ്ടു പെണ്‍മക്കളാണ്. ഇളയവളാണ് ലിയാന. കെ.ജി ക്ലാസില്‍ പഠിച്ചത് ദുബായിലാണ്. കുട്ടിക്കാലത്ത് നീന്തല്‍ കുളങ്ങളെ ലിയാനക്ക് വല്ലാത്ത പേടിയായിരുന്നു. എന്നാല്‍ കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നതോടെ കഥ മാറി. ഒരു ദിവസം നീന്തല്‍ പരിശീലക ഭാഗ്യ ടീച്ചര്‍ ലിയാനയുടെ രക്ഷിതാക്കളെ വിളിക്കുന്നു.
'ലിയാനയെ നീന്തല്‍ പരിശീലനത്തിന് വിടണം. അവള്‍ക്ക് നീന്തലില്‍ നല്ല കഴിവ് കാണുന്നുണ്ട്'. അധ്യാപികയുടെ വാക്ക് കേട്ട് ഉമര്‍ നിസാറിനും റാഹിലക്കും ആദ്യം അത്ഭുതമാണ് തോന്നിയത്. വെള്ളം കാണുമ്പോള്‍ തന്നെ പേടിക്കുന്നവള്‍ക്ക് നീന്തലില്‍ താല്‍പര്യമോ. എങ്കില്‍ പരിശീലനം തുടരട്ടെ എന്ന് അവര്‍ തീരുമാനിക്കുകയും ചെയ്തു.
രണ്ടാം ക്ലാസ് മുതല്‍ സന്തോഷ് കുമാര്‍ എന്ന അധ്യാപകന്‍ പരിശീലകനായി എത്തി. ലിയാനയെ നീന്തല്‍ കുളത്തിലെ സ്വര്‍ണ്ണ മത്സ്യമായി മാറ്റിയെടുത്തത് സന്തോഷ് കുമാറാണ്. ആ കൈകളില്‍ ലിയാന നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. നീന്തല്‍ കുളം അവള്‍ക്ക് പ്രിയങ്കരമായി മാറി. തുടര്‍ച്ചയായ പരിശീലനം. വെള്ളത്തെ വകഞ്ഞുമാറ്റി അവള്‍ നീന്തല്‍ കുളത്തില്‍ അഭ്യാസം കാട്ടിത്തുടങ്ങി. പരിശീലനത്തിനൊപ്പം ലോക നീന്തല്‍ താരങ്ങളുടെ അത്ഭുതപ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും അവള്‍ക്ക് മുന്നിലിട്ടുകൊടുത്തു.
ഫെല്‍പ്‌സിന്റെ ആരാധിക
2004ലാണ് ലിയാനയുടെ ജനനം. അതേ വര്‍ഷമാണ് ഏഥന്‍സ് ഒളിമ്പിക്‌സില്‍ ലോക നീന്തല്‍ ഇതിഹാസം അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ് ആറ് സ്വര്‍ണ്ണമടക്കം എട്ട് മെഡലുകള്‍ വാരിക്കൂട്ടിയത്. ലിയാന ഫെല്‍പ്‌സിന്റെ കടുത്ത ആരാധികയായി തീര്‍ന്നു. നീന്തല്‍ കുളത്തിലെ ഫെല്‍പ്‌സിന്റെ മാന്ത്രിക നീക്കങ്ങള്‍ അവളുടെ കുഞ്ഞിളം ഹൃദയത്തെ അത്രയേറെ സ്വാധീനിച്ചിരുന്നു.
ലോക അത്‌ലറ്റിക്‌സിലടക്കം മലയാളി പെണ്‍കുട്ടികള്‍ താരറാണിയായി നിറഞ്ഞ് കളിച്ചപ്പോള്‍ നീന്തല്‍ ഇനങ്ങളില്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം ഇത്തിരി കുറവായിരുന്നു. പുരുഷ വിഭാഗത്തില്‍ മലയാളികളായ വില്‍സണ്‍ ചെറിയാനും സെബാസ്റ്റ്യന്‍ സേവ്യറും ഏറ്റവുമൊടുവില്‍ സാജന്‍ പ്രകാശും നീന്തല്‍ കുളത്തിലെ താരങ്ങളായി വാണപ്പോള്‍ പെണ്‍കൊടികളുടെ കൂട്ടത്തില്‍ ദേശീയ മെഡല്‍ നേടിയ റീത ഒറൈസണിനെ പോലെ ചില അപൂര്‍വ്വം വനിതകള്‍ മാത്രമെ ഈ രംഗത്ത് ഉണ്ടായിരുന്നുള്ളൂ. ഈ ന്യൂനത അകറ്റാന്‍ കൂടിയാണ് ലിയാന എന്ന പെണ്‍കുട്ടി നീന്തല്‍ മത്സരങ്ങളിലേക്ക് ആവേശത്തോടെ ഇറങ്ങി വന്നത്.
കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നീന്തലില്‍ മികച്ച പരിശീലനം ലഭിച്ചത് ലിയാനക്ക് അനുഗ്രഹവും ആശ്വാസവുമായി. അപ്പോഴും പഠനത്തില്‍ ഒട്ടുംപിന്നിലാവാതെ അവള്‍ ശ്രദ്ധിച്ചിരുന്നു. പ്രൈമറി സ്‌കൂള്‍ പഠനകാലത്ത് തന്നെ നീന്തല്‍ മത്സരങ്ങളില്‍ ലിയാന സമ്മാനങ്ങള്‍ വാരിക്കൂട്ടി.
കഠിനമായ പ്രയത്‌നത്തിലൂടെ സംസ്ഥാന, ദേശീയ തലങ്ങളില്‍ മെഡല്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന ലിയാനയുടെ വിശ്വാസവും പരിശീലകന്റെ വാഗ്ദാനവും വെറുതെയായില്ല. 18 സംസ്ഥാന റെക്കോര്‍ഡുകളാണ് ഇതിനകം ലിയാന തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. അഞ്ച് സി.ബി.എസ്.ഇ ദേശീയ റെക്കോര്‍ഡുകളും. 2018ല്‍ തിരുവനന്തപുരത്ത് നടന്ന 72-ാംമത് സീനിയര്‍ വനിതാ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ഈ 'ജൂനിയര്‍' താരം (ലിയാനക്ക് 18 വയസ് തികഞ്ഞിട്ടില്ല) വെങ്കലം നേടി. ഈ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക മലയാളി വനിതയും ലിയാനയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ജൂനിയര്‍ വിഭാഗത്തില്‍ ലിയാനക്ക് നാല് മെഡലുകളുണ്ടായിരുന്നു. 50 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 50 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും സംസ്ഥാന റെക്കോര്‍ഡോടെ സ്വര്‍ണ്ണം ചൂടിയ ലിയാന 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും നേടി. സി.ബി.എസ്.ഇ ദേശീയ മത്സരങ്ങളില്‍ ജലാശയത്തിലെ റാണിയായി മെഡലുകള്‍ വാരിക്കൂട്ടാനും ലിയാനക്ക് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ കേരള ഗെയിംസില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 50 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ എന്നിവയില്‍ സ്വര്‍ണ്ണം നേടിയാണ് ലിയാന ഫാത്തിമ കേരളത്തിന്റെ അഭിമാന താരമായി തീര്‍ന്നത്. 2016ല്‍ സബ്ജൂനിയര്‍ നാഷണല്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ ലിയാന 2017ല്‍ ദുബായ് ഹമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ നീന്തല്‍ മത്സരത്തില്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു.
ലിയാനയുടെ നേട്ടപ്പട്ടിക നീണ്ടതാണ്. 2018ല്‍ തിരുവനന്തപുരത്തെ പിരപ്പന്‍കോടില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അക്വറ്റിക് മീറ്റില്‍ നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും മാറോടണച്ചു. 2017ല്‍ ഹരിയാനയിലെ സോനപ്പേട്ടില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ സ്വിമ്മിംഗ് മീറ്റില്‍ 3 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈയിലും മീറ്റ് റെക്കോര്‍ഡോടെയായിരുന്നു സ്വര്‍ണ്ണം. അതേവര്‍ഷം തന്നെ പൂനെയിലെ ഛത്രപതി ശിവജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന 44-ാം മത് ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും വെള്ളി സ്വന്തമാക്കി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ നാലാം സ്ഥാനവും തൊട്ടു. 2016ല്‍ ബാംഗ്ലൂരുവില്‍ നടന്ന 33-ാംമത് ദേശീയ സബ് ജൂനിയര്‍ അക്വറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ലിയാന സ്വര്‍ണ്ണം നേടിയതോടെ കേരളത്തിന് അത് നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സ്വര്‍ണ്ണ നേട്ടമായി മാറി. അതേവര്‍ഷം പിരപ്പന്‍കോട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡോടെ നാല് മെഡലുകളാണ് ലിയാന മുങ്ങിയെടുത്തത്. 2015ല്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സി.ബി.എസ്.ഇ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ ഈ സ്വര്‍ണ്ണ കന്യക രണ്ട് സ്വര്‍ണ്ണം കഴുത്തിലണഞ്ഞു.
കൊച്ചിയിലെ റെക്കാ ക്ലബിലും ഫിറ്റ്‌നസ് സോളിലുമാണ് പ്രധാന പരിശീലനം. റെക്കോര്‍ഡുകളുടെ ഈ കൂട്ടുകാരിയുടെ വിജയ വഴിയില്‍ മുന്‍ ദേശീയ നീന്തല്‍ താരവും എ.എസ്.ഐയും അക്വറ്റിക് അസോസിയേഷന്‍ സാരഥിയുമായ എം.ടി.പി സൈനുദ്ദീന്റെ ഇടപെടലും ഉപദേശങ്ങളും വലിയ മുതല്‍ കൂട്ടായിട്ടുണ്ട്.

-ടി.എ ഷാഫി

Related Articles
Next Story
Share it