ഓര്‍മ്മകള്‍ എന്തൊരു വിചിത്രം...




ഓര്‍മ്മ എന്നത് എന്തോ ഒരു വിചിത്രമായ കാര്യമാണെന്ന് ഒരു ജാപ്പനീസ് നോവല്‍ വായിച്ചപ്പോഴുള്ള എന്റെ മനസ്സിലെ വാക്യമാണ്. പ്രസിദ്ധനായ, എല്ലാ വര്‍ഷവും നോബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നായ ഹാരുകി മുറകാമിയുടെ ഒരു നോവലിലാണ് ആ വാക്യമുള്ളത്. 'വാട്ട് എ സ്ട്രേഞ്ച് തിങ് ഈസ് മെമ്മറി' എന്നത്. എല്ലാം നഷ്ടപ്പെടുമ്പോഴും മനുഷ്യന്‍ വിലപിടിപ്പുള്ളതായി കൂടെ കൊണ്ടുനടക്കുന്നതാണ് ഓര്‍മകള്‍. അങ്ങനെ ഒരുപാട് ഹൃദ്യങ്ങളായ ഓര്‍മകള്‍ നെഞ്ചിലേറ്റിയ ഒരാളായിരുന്നു എന്റെ പ്രിയ സുഹൃത്ത് കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട അഹ്മദ് മാഷ്. ആ ഓര്‍മകള്‍ കൊണ്ടുനടക്കുക മാത്രമല്ല ഓര്‍മകളിലേക്കൊരു കിളിവാതില്‍ തുറന്നിടുക കൂടി ചെയ്തു അഹ്മദ്. ആ ഓര്‍മകളുടെ ശേഖരം എന്ന് പറയുന്നത് വളരെ കരുത്തായ ഒന്നാണ്. ഒരുപാട് സൗഹൃദങ്ങള്‍, ജീവിതത്തില്‍ കടന്നുപോയ വഴികളിലൂടെ കണ്ടുമുട്ടിയിട്ടുള്ള ഒരുപാട് ആരാധകര്‍, സഞ്ചരിച്ച വഴിത്താരകള്‍ ഇതൊക്കെ ഓര്‍മകളായി ശേഖരിച്ചുവെച്ചിട്ടുണ്ട്. അതിലൊരുപക്ഷെ ഏറ്റവും തിളക്കമാര്‍ന്ന ഓര്‍മ അദ്ദേഹത്തിന്റെ ഗുരുനാഥനായ ടി. ഉബൈദ് സാഹിബിനെ കുറിച്ചുള്ളത് തന്നെ.

ഉബൈദ് സാഹിബ് കൊണ്ടുനടന്ന ഗുരുത്വവും അഹ്മദ് കൊണ്ടുനടന്ന ശിഷ്യത്വവും കാസര്‍കോടിന്റെ ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള കാര്യങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. ഉബൈദ് മാഷിന്റെ വിശുദ്ധി, അദ്ദേഹത്തിന്റെ കഠിനാധ്വാനം, അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം ഇതൊക്കെ ആ ശിഷ്യന് വലിയ മാതൃകകളായിരുന്നു. ഉബൈദ് മാഷ് മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തെ കുറിച്ചും അറബി-മലയാളത്തിന്റെ പ്രസക്തിയെ കുറിച്ചും ഒക്കെ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമ്മേളനത്തില്‍ വളരെ ദീര്‍ഘമായി സംസാരിച്ചതിനെ കുറിച്ച് അഹ്മദ് ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ആ ലേഖനത്തിന്റെ ഒടുവില്‍ അദ്ദേഹം കുറിച്ചിട്ടുള്ളത് ഈ പ്രസംഗം നടക്കുന്ന കാലത്ത് ഞാനൊരു ഗര്‍ഭസ്ഥ ശിശുവായിരുന്നു എന്നാണ്. അഹ്മദ് അന്ന് ജനിച്ചിട്ടില്ല. ഉബൈദ് മാഷിന് പ്രസംഗത്തിനല്ല ക്ഷണം കിട്ടിയത്. കെസ്സ് പാട്ടുകള്‍ പാടാനായിരുന്നു. കെസ്സ് പാട്ടുകള്‍ പാടിക്കഴിഞ്ഞാല്‍ ശൃംഗാര പ്രധാനങ്ങളായിട്ടുള്ള ഈ പാട്ടുകളാണ് മാപ്പിളപ്പാട്ടുകളുടെ, അറബ് മലയാളത്തിന്റെ ആകെ ഈടുവയ്പ്പുകള്‍ എന്ന തെറ്റിദ്ധാരണ ഉളവാകുമോ എന്ന ആധി ഉബൈദ് മാഷ് കൊണ്ടുനടക്കുകയും അദ്ദേഹം ഞാനൊരു പ്രബന്ധം അവതരിപ്പിക്കാം എന്ന് പറയുകയും ചെയ്തതിനെ കുറിച്ചും അദ്ദേഹം അന്ന് അനുഭവിച്ചിട്ടുള്ള ആന്തരിക സംഘര്‍ഷത്തെ കുറിച്ചുമൊക്കെ വളരെ വിശദമായിട്ട് അഹ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് വളരെ കൗതുകകരമാണ്. വായിച്ചുനോക്കുമ്പോള്‍ അതിന്റെ ഒടുവിലാണ് പറയുന്നത് അക്കാലത്ത് ഞാനൊരു ഗര്‍ഭസ്ഥ ശിശുവാണ് എന്നുള്ളത്. പലരും പറഞ്ഞിട്ടുള്ള ഓര്‍മകളുടെ പൊന്‍നൂലിഴകള്‍ ചേര്‍ത്തു ചേര്‍ത്തൊരു സ്വര്‍ണഹാരം ഉണ്ടാക്കിയിരിക്കുകയായിരുന്നു.

അതേപോലെ എപ്പോഴും പറയാറുണ്ടായിരുന്ന, വളരെ ആരാധനയോടെ സ്നേഹവായ്പ്പോടെ പറയാറുണ്ടായിരുന്നത് പി. കുഞ്ഞിരാമന്‍ നായരെ കുറിച്ചായിരുന്നു. കുഞ്ഞിരാമന്‍ നായരെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ളത് നക്ഷത്രങ്ങളെ നോക്കി നടന്ന് ഭൂമിയില്‍ വീണ കവി എന്നാണ്. ആ പറച്ചിലില്‍ കാല്‍പനികമായ ഒരു സൗന്ദര്യമുണ്ട്. അതേസമയം വലിയ ദുരന്തവും അതിലടങ്ങിയിട്ടുണ്ട്. അഹ്മദ് പക്ഷെ ഭൂമിയില്‍ നോക്കി നടന്ന ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ഭൂമിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ, ഭൂമിയിലെ ഏറ്റവും സാധാരണക്കാരായിട്ടുള്ള മനുഷ്യരുടെ വേദനകള്‍, വികാരവായ്പുകള്‍, ആത്മനൊമ്പരങ്ങള്‍, അവരുടെ ചെറിയ ചെറിയ കാമനകള്‍ ഇവയൊക്കെ കണ്ടറിഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളൊരു പത്രപ്രവര്‍ത്തകനായിരുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം പത്രപ്രവര്‍ത്തനം എന്നത് കെ.എം അഹ്മദിനെ സംബന്ധിച്ച് ജോലിയായിരുന്നില്ല. അതൊരു സാമൂഹിക പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് അദ്ദേഹം അത് കൊണ്ടുനടന്നത്. ഏതോ ഒരു സാമൂഹിക ദൗത്യം നിര്‍വഹിക്കുകയാണ് താന്‍ എന്ന നിലയ്ക്കാണ് 42 വര്‍ഷക്കാലം അഹ്മദ് തൂലിക കൊണ്ട് എഴുതിയത്. ലാപ്ടോപ്പും കമ്പ്യൂട്ടറുമൊക്കെ വരുന്നതിന് മുമ്പ് അഹ്മദ് റിപ്പോര്‍ട്ട് എഴുതുന്നത് ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. അതിവേഗത്തിലാണ് എഴുതുക. നമുക്ക് അസൂയ തോന്നും. തിരുത്തില്ലാതെ ന്യൂസ് പ്രിന്റില്‍ അതിവേഗത്തില്‍ എഴുതും. എഴുത്തിനെ സംബന്ധിച്ച് സംശയങ്ങളില്ല. കൃത്യമായ ധാരണകളുണ്ടാകും. കൊറഗ സമുദായത്തിന്റെ യാഥാര്‍ത്ഥ്യമെന്താണ്. അതുപോലുള്ള കാര്യങ്ങള്‍, രാഷ്ട്രീയ കാര്യങ്ങള്‍ അവയെ കുറിച്ചൊക്കെ കണിശമായ ധാരണകള്‍ ഉണ്ടായിരുന്നു. ചരിത്രത്തിലെ ഒരുപാട് കാര്യങ്ങള്‍ അഹ്മദ് പലപ്പോഴായി ഓര്‍ത്തെടുത്തതായി കാണാം. മണ്‍മറഞ്ഞ് പോയ മനുഷ്യരെ കുറിച്ചൊക്കെ. മുപ്പത് വയസ്സു വരെ പോലും ജീവിക്കാതെ കാമനകള്‍ക്കൊന്നും ശ്രമിക്കാതെ സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിക്കുകയും അത് ലഭിക്കാതെയും ജീവിതം അവസാനിപ്പിച്ച കേളു നായര്‍ എന്ന് പറയുന്ന മനുഷ്യന്‍. അദ്ദേഹത്തെയും ആദരവോടെ പറഞ്ഞുവെച്ചിട്ടുണ്ട്. അതേ പോലെ ഉന്നത ബിരുദം നേടിയിട്ടും ശ്രീനാരായണ ഗുരുവിന്റെ അടുത്ത് പോയി ഏറ്റവും അവസാനത്തെ ശിഷ്യന്‍ എന്ന നിലക്കുള്ള സന്യാസ ദീക്ഷ സ്വീകരിക്കുകയും പിന്നീട് സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങുകയും ചെയ്തിട്ടുള്ള സ്വാമി ആനന്ദ തീര്‍ത്ഥന്‍. അദ്ദേഹം സഹിച്ചിട്ടുള്ള യാതനകള്‍. ആദര്‍ശ നിഷ്ഠയായിട്ടുള്ള ജീവിതത്തിനായി അദ്ദേഹത്തിന് കൊടുക്കേണ്ടി വന്നിട്ടുള്ള വേദനകള്‍. അത് മുഴുവന്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ഒരു സദ്യ നടക്കുന്ന ഇടത്തേക്ക് പോയിട്ട് രണ്ട് കൊറഗ കുട്ടികളെ ചൂരലെടുത്ത് അടിക്കുന്ന രംഗം അദ്ദേഹം വിവരിച്ചിട്ടുണ്ട്. കൊറഗ കുട്ടികളിതാ എച്ചില്‍ തിന്നാന്‍ വരുന്നു. കൊറഗരിതാ ചത്ത പശുവിന്റെ മാംസം തിന്നുന്നു. എഴുതൂ പത്രക്കാരെ എന്ന് പറഞ്ഞ് ആനന്ദ തീര്‍ത്ഥന്‍ പത്രക്കാരെ വെല്ലുവിളിക്കുന്നുണ്ട്. ആ മനുഷ്യനെ എനിക്കറിയാമായിരുന്നു. കാരണം അദ്ദേഹം താമസിച്ചിരുന്നത് എന്റെ വീടിനടുത്താണ്. ആശ്രമം എന്ന് ഞങ്ങള്‍ വിളിക്കുന്ന അദ്ദേഹത്തിന്റെ ശ്രീനാരായണ വിദ്യാലയത്തിന്റെ മുന്നിലൂടെയായിരുന്നു ഞാന്‍ ദിവസവും പോയിരുന്നത്. അവസാന കാലം വരെയും അദ്ദേഹത്തെ മിക്കപ്പോഴും അവിടെ കാണാമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിക്കുമായിരുന്നു അക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള രണ്ട് ബിരുദാനന്തര ബിരുദമൊക്കെ നേടിയിട്ടുള്ള ഈ മനുഷ്യന്‍ എവിടെ എത്തേണ്ടതായിരുന്നു എന്ന്. ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന കൊന്നക്കാട് എന്ന വിദൂര സ്ഥലത്ത് ഒരു അധസ്ഥിത സ്ത്രീ ലൈംഗീക പീഡനത്തിനിരയായി എന്ന് കേട്ട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹം എത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ജീവിതവിശുദ്ധി പുലര്‍ത്തിയിട്ടുള്ള മനുഷ്യരോട് കെ.എം അഹ്മദ് കാണിച്ചിട്ടുള്ള സ്നേഹവായ്പ്പുണ്ട്. അവരോട് പുലര്‍ത്തിയിട്ടുള്ള ഒരു ആഭിമുഖ്യമുണ്ട്. അതൊക്കെ നമുക്ക് വിലപിടിച്ച പാഠങ്ങളാണ്. അതൊന്നും ഒരു പത്രപ്രവര്‍ത്തകന്‍ എന്നൊരു ജോലിയില്‍ നിന്നുകൊണ്ട് ചെയ്യുന്ന കാര്യമല്ല. അതില്‍ മാനുഷിക മൂല്യമുണ്ട്. നമുക്ക് അവരുടെ ആദര്‍ശങ്ങളോട് മതിപ്പുണ്ടാകാം. അത് മുഴുവനും അഹ്മദിന് ഉണ്ടായിരുന്നു. അതിലുപരിയായിട്ട് എന്റെ ഓര്‍മയില്‍ അഹ്മദിനെ കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം ഈ കാസര്‍കോടിന്റെ, അല്ലെങ്കില്‍ ഉത്തര കേരളത്തിന്റെ സാംസ്‌കാരിക, സാഹിതീയ അന്തരീക്ഷത്തില്‍ കെ.എം അഹ്മദ് ഉളവാക്കിയിട്ടുള്ള ഒരു ഉണര്‍വാണ്. ഒരു പുതിയ ഉണര്‍വ് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. കുറേ കൂടി ആളുകള്‍ സാഹിത്യത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. അതില്‍ രചനാ മേഖലകളിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുചെന്നിട്ടുണ്ട്. പുസ്തകങ്ങള്‍ വളരെ കൂടുതലായി വില്‍ക്കപ്പെടുന്നുമുണ്ട്. പക്ഷെ ഇതിന്റെയൊരു ഭൂതകാലം ഓര്‍മിക്കുന്നത് നല്ലതാണ്.

1974 ഫെബ്രുവരിയില്‍ കാസര്‍കോട് തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ അഞ്ച് ദിവസമായി നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാമത് വാര്‍ഷിക സമ്മേളനം. അതിന്റെ അഞ്ച് ദിവസവും കണ്ടുനിന്ന ആളാണ് ഞാന്‍. ഞാന്‍ പയ്യന്നൂരില്‍ നിന്ന് ഇങ്ങോട്ടുവരും. തളങ്കര മുസ്ലിം ഹൈസ്‌കൂളിന്റെ മുന്നില്‍ പൂപ്പന്തല്‍ കെട്ടിയുയര്‍ത്തിയിരുന്നു. അപ്പോള്‍ അതിന്റെ ചെയര്‍മാന്‍ ആയി ജനാബ് കെ.എസ് അബ്ദുല്ല ഉണ്ട്. അതിന്റെ മുഴുവന്‍ കാര്യക്കാരനായി കെ.എം അഹ്മദ് ഉണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഭാരവാഹികളില്‍ അധ്യക്ഷനായി സുകുമാര്‍ അഴീക്കോട് ഉണ്ട്, കേരളം കണ്ട എറ്റവും വലിയ സംഘാടകനായിട്ടുള്ള സി.പി ശ്രീധരനുണ്ട്. അന്ന് എന്തായിരുന്നു ചെറുപ്പക്കാരില്‍ അത് ഉണ്ടാക്കിയ വികാരം എന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തിന് വന്ന് പോയിട്ടുള്ള ആളുകളെ അവ്യക്തമായ നിഴലുകള്‍ പോലെ ഞാന്‍ ഓര്‍മിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖരായ മുഴുവന്‍ എഴുത്തുകാരും അന്ന് വന്നു. എം.ടി വാസുദേവന്‍ നായര്‍, വി.കെ.എന്‍, പി. വത്സല, മാടമ്പ് കുഞ്ഞുക്കുട്ടന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള ഇങ്ങനെയുള്ള മുഴുവന്‍ എഴുത്തുകാരും. അന്നിവിടെ വരാത്തവരായി ആരുമുണ്ടോ എന്ന് എനിക്കറിയില്ല. പി. കുഞ്ഞിരാമന്‍ നായര്‍ സജീവമായിരുന്നു. പ്രമുഖ ബംഗാളി എഴുത്തുകാരനായ ജരാസന്ധന്‍ ഉള്‍പ്പെടെ. എന്റെ മനസില്‍ അത് അതേപടി കൊത്തിവെച്ചിട്ടുണ്ട് എന്നുള്ളതാണ്. സമ്മേളനം കുഞ്ഞിരാമന്‍ നായരാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹം ആ പരിസരത്തൊന്നുമില്ല. അദ്ദേഹം നക്ഷത്രങ്ങളെ നോക്കി നടക്കുകയാണ്. സി.പി ശ്രീധരന്‍ മൈക്കിലൂടെ പറയുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ട് വരണം, സമ്മേളനം തുടങ്ങണമെന്ന്. പി. കുഞ്ഞിരാമന്‍ നായര്‍ ഒരു സ്വപ്നാടകനെ പോലെ എവിടെ നിന്നോ കയറിവന്നു. കൈ പിറകില്‍ കെട്ടിയ ശേഷം അദ്ദേഹം നേരെ ജരാസന്ധന്റെ അടുത്തേക്ക് പോയി കയ്യിലുണ്ടായിരുന്ന മാവിന്റെ പൂക്കുല കൊടുക്കുന്നു. ജരാസന്ധന്റെ കാല് തൊട്ടുവന്ദിക്കുന്നു. കുഞ്ഞിരാമന്‍ നായര്‍ സാധാരണ പറയുന്ന ഒരു വാചകം ഉണ്ട് 'എന്നെ അനുഗ്രഹിക്കണം' എന്ന്. ആരെ കണ്ടാലും. വയലില്‍ കന്നുപൂട്ടിക്കൊണ്ടുപോകുന്ന കര്‍ഷകനെ കണ്ടാലും കള്ളുഷാപ്പില്‍ നിന്ന് കള്ള് അളന്ന് കൊടുത്തു വരുന്ന ചെത്തുകാരനെ കണ്ടാലും വഴിവക്കില്‍ ചുമടെടുക്കുന്ന ആളെ കണ്ടാലും അവരുടെ മുന്നില്‍ ചെന്ന് തല കുനിച്ച് അനുഗ്രഹിക്കണം എന്ന് പറയുന്ന ആളാണ് പി. കുഞ്ഞിരാമന്‍ നായര്‍. ഞാന്‍ കണ്ടിട്ടുണ്ട് പലപ്പോഴും. സ്റ്റേജില്‍ അന്ന് സി.പി ശ്രീധരന്‍, പ്രസംഗം നിര്‍ത്താന്‍ കൈകാണിച്ചു എന്ന് പറഞ്ഞ് പ്രശ്നമുണ്ടായി. പെട്ടെന്ന് അദ്ദേഹം സങ്കടപ്പെടുകയുണ്ടായി. പി കുഞ്ഞിരാമനോട് ആര്‍ക്കും എന്തും പറയാലോ എന്നായിരുന്നു മൈക്കിലൂടെ അദ്ദേഹം പറഞ്ഞത്.

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്ന് ചെയ്ത പ്രസംഗം കേരളത്തിലെ സാഹിത്യ അന്തരീക്ഷത്തില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എനിക്ക് കുടുംബമില്ല. എന്നെ ജനിപ്പിച്ച ഉപ്പയോടും ഉമ്മയോടും യാതൊരു കടപ്പാടുമില്ല എന്നൊരു പ്രസംഗം ചെയ്തു. 'പാപിയുടെ കാഷായം' എന്ന പേരില്‍ ആ പ്രസംഗം പിന്നീട് പ്രസിദ്ധീകരിച്ചു. അത് സാഹിത്യത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തു. അന്ന് ഇവിടെ എല്ലാ തലമുറയില്‍പ്പെട്ട എഴുത്തുകാരും സന്നിഹിതരായിരുന്നു. അന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞ ഒരു കാര്യം ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അദ്ദേഹവും വി.കെ.എന്നും വരികയാണ്. വി.കെ.എന്‍ പരിപാടിയുടെ അധ്യക്ഷനാണ്. വൈകിയാണ് വരുന്നത്. വി.കെ.എന്‍, അധ്യക്ഷ പ്രസംഗത്തിന് പകരം ഒരു വാചകം മാത്രമേ പറഞ്ഞുള്ളൂ. വൈകിയെത്തിയതിന് കാരണം ഞാനും വാസുവും കൂടി കടല് കാണാന്‍ പോയതാണെന്ന്.

എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ്. ചിരിപ്പിക്കുന്ന കഥകള്‍ എനിക്ക് എഴുതാന്‍ കഴിയില്ലാ എന്നും കരയിപ്പിക്കുന്ന കഥകള്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും എം.ടി പറയുന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണ്.

ഡല്‍ഹിയിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരന്‍ കടന്നുചെല്ലുന്നു. അപ്പോള്‍ അയാളോട് ചോദിക്കുന്നു ആരെയാണ് കാണേണ്ടത്. നിങ്ങളെ തന്നെയാണ് കാണേണ്ടത്. നീ ആരാണെന്ന് ചോദിക്കുന്നു. ഞാന്‍ നിങ്ങളുടെ മകനാണെന്ന് പറയുന്നു. എവിടെയാണെന്ന് ചോദിക്കുന്നു. ഒലവക്കോട് ആണെന്ന് പറയുന്നു. അവിടെ ഞാന്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു എന്ന് പറയുന്നു. അയാള്‍ക്കങ്ങനെ നാടുനീളെ ബന്ധങ്ങളുണ്ടായിരുന്നു. നാടുനീളെ മക്കളുമുണ്ടായിരുന്നു. മക്കള്‍ എന്ന വലിയ സ്വത്തിനുടമയായിരുന്നു അദ്ദേഹം.

മാതൃഭൂമിയിലെ മാനേജിംഗ് എഡിറ്ററായിരുന്ന, മാധവിക്കുട്ടിയുടെ അച്ഛനായിരുന്ന വി.എം നായര്‍ പറഞ്ഞ ഈ ഹാസ്യകഥ എം.ടി വാസുദേവന്‍ നായര്‍ എഴുതിയിട്ടുണ്ട്-'കരിയിലകള്‍ വീണ വഴിത്താരകള്‍'. അത് വായിച്ചാല്‍ നമ്മള്‍ കരഞ്ഞുപോവും. വി.കെ.എന്‍ ആണ് ഈ കഥയെഴുതിയിരുന്നെങ്കില്‍ നമ്മള്‍ ചിരിച്ച് തലകുത്തിപ്പോവും. എം.ടി എഴുതിയപ്പോള്‍ അത് കരയുന്ന ഒരു കഥയായി. അത് അദ്ദേഹത്തിന്റെ ദര്‍ശനമായിരുന്നു. എപ്പോഴും ഭൂതകാലത്തിലുള്ള കാര്യങ്ങളെ കുറിച്ച് ഓര്‍മ്മിക്കുകയും അതിനെ കുറിച്ച് ആലോചിച്ച് വേദനിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍.

(തുടരും)

News Desk
News Desk - Utharadesam News Desk  
Related Articles
Next Story
Share it