കഥകള്‍ ജീവിത സത്യങ്ങളാണ്-സി.വി ബാലകൃഷ്ണന്‍

എം.ടി. എപ്പോഴും പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് ഏറ്റവും പക്ഷപാതം ചെറുകഥ എന്ന മാധ്യമത്തോടാണ്. കാരണം, ചെറുകഥ എന്ന് പറയുന്ന മാധ്യമമാണ് നമുക്ക് പൂര്‍ണ്ണതയോട് അടുത്തെത്താനാവുന്ന ഒരു മാധ്യമം. കവിത പോലെ നമുക്ക് പൂര്‍ണ്ണതയിലേക്ക് എത്താനാകുന്ന, പൂര്‍ണ്ണത പ്രാപിക്കാന്‍ ശ്രമിക്കാനാവുന്ന ഒരു മാധ്യമം എന്ന് പറയുന്നത് ചെറുകഥയാണ് എന്നാണ് അദ്ദേഹം കരുതിയിരിക്കുന്നത്. നമ്മുടെ കൈപ്പിടിയിലൊതുങ്ങി എന്ന് നാം അഹങ്കരിക്കുന്നതിനിടയില്‍ പറന്നുപോവുന്ന ഒരു നിമിഷം ഉണ്ട്. നമ്മള്‍ വിചാരിക്കും ആ നിമിഷം നമ്മുടെ കൈപ്പിടിയിലൊതുങ്ങിയെന്ന്. പക്ഷെ, അതിനെ ചൊല്ലി അഹങ്കരിക്കുമ്പോഴേക്കും ആ നിമിഷം നമ്മളില്‍ നിന്നും പറന്നുപോയിട്ടുണ്ടാവും. ആ നിമിഷമാണ് ചെറുകഥ എന്ന് പറയാവുന്നത്. ആ ഒരു നിമിഷത്തെ ഉള്‍ക്കൊള്ളുക എന്നതാണ് ചെറുകഥാ എന്ന മാധ്യമത്തിന്റെ വെല്ലുവിളി.
എം.ടി പലപ്പോഴും എഴുതിയിട്ടുള്ളത് കഥ എന്ന് പറയുന്നത് എഴുതുന്ന ആള്‍ക്കാരെ അങ്ങോട്ട് തേടിച്ചെല്ലുന്നതാണ്. കഥയുടെ അടുത്തേക്ക് നമ്മള്‍ ചെല്ലുകയല്ല ചെയ്യുന്നത്. കഥകള്‍ നമ്മുടെ അടുത്തേക്ക് വരികയാണ് ചെയ്യുന്നത്. അത് നിശബ്ദമായി വന്ന് മനസിന്റെ കിളിവാതിലില്‍ തട്ടിയിട്ട് ഇങ്ങോട്ട് നോക്ക്. ഇതില്‍ അസാധാരണമായി എന്തോ ഉണ്ട് എന്ന് ആ കഥകള്‍ നമ്മളോട് പറയുന്നു. അത് മനസിന്റെ കിളിവാതിലില്‍ തട്ടിയിട്ട് തന്നെയാകണമെന്നില്ല അത് നമ്മള്‍ നടക്കുമ്പോള്‍ അത് പുഴയുടെ കടവില്‍, ഇരുട്ട് മുറികളില്‍, മരത്തണലുകളില്‍, കുന്നിന്‍ ചെരുവുകളില്‍, കണ്ണാന്തളിപ്പൂക്കള്‍ വിടരുന്ന ചെരിവുകളില്‍ ഒക്കെയും കഥകള്‍ ഇങ്ങനെ എഴുത്തുകാരെയും കാത്ത് നില്‍ക്കുന്നുണ്ട് എന്നത്.
ചെറുകഥ എന്ന് പറയുന്ന ആഖ്യാന രൂപത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഒരു ചെറുകഥ എങ്ങനെ ചെറുതായിട്ട് എഴുതാം എന്നതാണ്. നമ്മളില്‍ ഇപ്പോള്‍ സാധാരണ രീതിയില്‍ ഒരു ചെറുകഥ എത്ര വലുതാക്കാം എന്നതാണ് വാരികകളില്‍ കഥകള്‍ കാണുമ്പോള്‍ തോന്നുന്നത്. പണ്ടേ ചെറുകഥയുടെ ആചാര്യനായിട്ടുള്ള എം.ടി അതുല്യനായിട്ട് കരുതിയിട്ടുള്ള ഏണസ്റ്റ് ഹെമ്മിംഗ്‌വെ ഒരു ചെറുകഥ എഴുതി. ചെറുകഥയുടെ പേര് 'എ വെരി ഷോര്‍ട്ട് സ്റ്റോറി' എന്നാണ്. വളരെ ചെറിയൊരു കഥ. അദ്ദേഹവും ഒരു സുഹൃത്തും കൂടി ഒരു ബാറില്‍ ഇരിക്കുമ്പോള്‍ ആ സുഹൃത്ത് അദ്ദേഹത്തിനോട് ചോദിച്ചു ഇതിലും ചെറിയൊരു കഥയെഴുതാന്‍ നിങ്ങളെ കൊണ്ട് പറ്റുമോയെന്ന് ഹെമ്മിംഗ്‌വെ ചോദിച്ചു എന്തുകൊണ്ട് പറ്റില്ലയെന്ന്. എന്നാല്‍ ഇതിലും ചെറിയൊരു കഥ എഴുതാന്‍ പറ്റുമെങ്കില്‍ 10 ഡോളര്‍ ബെറ്റ്. ആ 10 ഡോളര്‍ എന്ന് പറഞ്ഞത് ഹെമ്മിംഗ്‌വേക്ക് കുറെകൂടി ആവേശമായി. അദ്ദേഹം ആറ് വാക്കുകള്‍ കൊണ്ടൊരു കഥയെഴുതി. വെറും ആറ് വാക്ക്. ഇംഗ്ലീഷിലുള്ള ആറ് വാക്കുകള്‍ വെച്ച്. ആ കഥയാണ് ലോകത്തിലെ ഏറ്റവും ചെറിയ കഥ. അത് ഇങ്ങനെയാണ്. 'For sale: baby shoes, never worn.' ഇംഗ്ലീഷിലുള്ള ആ ആറ് വാക്കുകളില്‍ അദ്ദേഹം വലിയ ആശയലോകം അല്ലെങ്കില്‍ വികാരത്തിന്റേതായ വലിയ ലോകം സംഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ആ കഥയെ വിശദീകരിക്കേണ്ടതിന്റെ കാര്യമില്ല. എന്തുകൊണ്ടാണ് ആ വലിയ കഥ ഒരു വലിയ ലോകത്തിലേക്ക്, പല അടരുകളുള്ള ഒരു വലിയ ആശയമായി അത് മാറുന്നു, അതില്‍ ഓരോ വാക്കിലും പുറകില്‍ എങ്ങനെ ഓരോ ലോകം ഉണ്ടാകുന്നു, എങ്ങനെ വലിയ വികാരമുണ്ടാകുന്നു, എങ്ങനെ ഒരു പശ്ചാത്തലം കഥയ്ക്കുണ്ടാകുന്നു, അതിലെങ്ങനെ കഥാപാത്രങ്ങളുണ്ടാവുന്നു, അതില്‍ എങ്ങനെ പാത്രസൃഷ്ടി ഉണ്ടാവുന്നു. ഒരു കഥാപാത്രത്തെയും അതില്‍ പറഞ്ഞിട്ടില്ല. പക്ഷെ, അതില്‍ കഥാപാത്രങ്ങളുണ്ടാവുന്നു. ന്യൂയോര്‍ക്കിലെ അല്ലെങ്കില്‍ ഒരു മഹാനഗരത്തിന്റെ ഓരത്ത് രണ്ട് കുഞ്ഞിപാദരക്ഷകളുമായിട്ട് അത് വില്‍ക്കാനായി ഇരിക്കുന്ന ഒരു വില്‍പ്പനക്കാരനെയാണ് ആ കഥയില്‍ അവതരിപ്പിക്കുന്നത്. പക്ഷെ, ആ വില്‍പ്പനക്കാരനെ കുറിച്ച് അതിലൊന്നും പറഞ്ഞിട്ടില്ല. ഈ പാദരക്ഷകള്‍ ധരിച്ചിട്ടില്ല. രണ്ട് പാദരക്ഷകളെ ഉള്ളൂ ആകെ. ആ പാദരക്ഷകള്‍ ധരിച്ചിട്ടില്ല. ആ പാദരക്ഷകള്‍ ധരിക്കാതിരുന്നത് എന്തുകൊണ്ടാണ്. ആ പാദരക്ഷകള്‍ ഏത് കുട്ടിക്കാണ് വാങ്ങിയത്.
ആ കുട്ടിക്ക് എന്ത് സംഭവിച്ചു. ഈ പാദരക്ഷകള്‍ വില്‍ക്കാന്‍ ഈ നിര്‍ധനനായ മനുഷ്യന്‍ എന്തുകൊണ്ട് നിര്‍ബന്ധിതനായി ഈ തെരുവോരത്ത്. ഇങ്ങനെ നമ്മള്‍ വ്യാഖ്യാനിച്ച് വരുമ്പോള്‍ ആ കഥ പല അടരുകളായിട്ട് ഇങ്ങനെ വികസിക്കുന്നത് എന്തുകൊണ്ടാണ്. അതുകൊണ്ടാണ് അത് ലോകത്തിലെ ഏറ്റവും മഹത്തായ ഒരു കഥയായിട്ട് മാറിയത്. അത് നമ്മുടെ വാക്കിന്റെ സമൃദ്ധികൊണ്ടല്ല. അത് ആ വികാരങ്ങളെ ഇത്രയും ചെറിയ വാക്കുകള്‍ക്കുള്ളില്‍ നിഗൂഹനം ചെയ്തത് കൊണ്ടാണ് വലിയൊരു കഥയായിട്ട് മാറുന്നത്. അതുകൊണ്ടാണ് പറയുന്നത് കഥ എന്ന് പറയുന്നത് നമ്മള്‍ വാക്കുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കുന്ന കളിവീടുകളല്ല. കഥകളെന്ന് പറയുന്നത് ജീവിത സത്യങ്ങളാണ്. കഥ എന്ന് പറയുന്നത് സത്യമാണ്. കഥ എന്ന് പറയുന്നത് ജീവിതത്തിന്റെ നേര്‍കാഴ്ചകളാണ്.
നമുക്ക് കഥ എഴുതുന്നയാളെ വിശ്വസിക്കണമെന്നില്ല. പക്ഷെ കഥയെ വിശ്വസിക്കാം. അതിന് എം.ടി പറഞ്ഞൊരു വാചകമുണ്ട്. കഥ എഴുതുന്നയാളെ നിങ്ങള്‍ വിശ്വസിക്കണമെന്നില്ല. പക്ഷെ, കഥകളെ വിശ്വസിക്കാം. എന്തുകൊണ്ട്? കഥകള്‍ ജീവിതത്തില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള സത്യങ്ങളാണ്. അങ്ങനെ നമ്മള്‍ പുതിയ തലമുറയില്‍ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ചില അപൂര്‍വ്വ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്. അവയെ എഴുത്തിനെ വളരെ ലാഘവത്തോടെ കാണാതെ അത് ഏറ്റവും ഗൗരവമായിട്ടുള്ള ഉത്തരവാദിത്വമാണ് എന്ന നിലയ്ക്ക് കാണുകയും അതിന്റെ മുന്‍ കാലങ്ങളില്‍ ആ സാഹിത്യ രൂപത്തില്‍ പ്രവര്‍ത്തിച്ചവര്‍ കടന്നുപോയിട്ടുള്ള വഴികള്‍ ഏതൊക്കെയാണ് എന്ന് തിരയുകയും അവര്‍ കണ്ടെത്തിയിട്ടുള്ള ജീവിത സത്യങ്ങള്‍ ഏതൊക്കെയാണ് എന്നറിയുകയും പുതിയ കാലത്തിന്റെ സത്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയുകയും അവ ഏറ്റവും സമര്‍ത്ഥമായി രീതിയില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുകയും എന്നുള്ളതാണ് നമ്മുടെ പുതിയ എഴുത്തുകാര്‍ ചെയ്യേണ്ടത്. ഇവിടെ പുരസ്‌കൃതങ്ങളായിട്ടുള്ള മൂന്ന് കഥകളും എഴുതിയിട്ടുള്ള മൂന്ന് ചെറുപ്പക്കാര്‍ ഈ രീതിയില്‍ എഴുത്തിനെ ഗൗരവമായിട്ട് കാണണമെന്നും തങ്ങളുടെ സാഹിത്യ സപര്യ അതിന്റെ വലിയ വെല്ലുവിളികളെ നേരിടുമെന്നും അവയെ അതിജീവിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ ഓര്‍മ്മ..
ഉത്തരദേശവുമായിട്ട് അതിന്റെ തുടക്കം മുതല്‍ എനിക്ക് ബന്ധമുണ്ട്. തുടങ്ങിയ ദിവസം തൊട്ട് അവസാനം ഇറങ്ങിയ ലക്കം വരെ ഞാന്‍ വായിച്ചിട്ടുണ്ട്. കാരണം എല്ലാ ദിവസവും തപാലില്‍ അയച്ച് കിട്ടുന്ന ഒരു പ്രസിദ്ധീകരണമാണ് ഉത്തരദേശം. കാരണം അതിന്റെ 20-ാം വാര്‍ഷികം ഇവിടെ കൊണ്ടാടിയത് ഓര്‍ക്കുന്നു. അന്ന് വലിയ ആഘോഷമായിരുന്നു. വി.കെ മാധവന്‍ കുട്ടിയൊക്കെ വന്നിട്ടുള്ള വലിയ ആഘോഷം. ഈ ആഘോഷത്തിന്റെയൊക്കെ പിന്നില്‍ എന്നെ പോലെ ഒരാളെ സംബന്ധിച്ചിടത്തോളം ഇവിടെ കെ.എം അഹ്മദ് ഉണ്ട് അതിന്റെ പിന്നില്‍ എന്നാണ്. കെ.എം അഹ്മദ് ഉണ്ടെങ്കില്‍ തന്നെ അത് വലിയ ആഘോഷമാണ്. എന്തെ വരുന്നില്ലേ എന്ന് ചോദിക്കും. ദാ വരാം എന്ന് പറഞ്ഞുകൊണ്ട് വരികയായിരിക്കും. ആ സമയത്ത് ഒരുപാട് സൗഹൃദങ്ങളുണ്ട്. മുബാറക് പ്രസ്സിന്റെ പിറകിലെ മുറിയില്‍ താമസിച്ചിരുന്ന തമ്പി മാഷും അവിടെ കൂടിയിരുന്ന സാഹിത്യ സദസ്സുമൊക്കെയുണ്ട്. അതില്‍ കെ.എം അഹ്മദിന്റെ ഏറ്റവും അടുത്ത സുഹൃത്ത് പി. അപ്പുക്കുട്ടന്‍ മാഷായിരുന്നു. അദ്ദേഹം വളരെ വര്‍ഷക്കാലം ഗവ. ഹൈസ്‌ക്കൂളില്‍ മലയാളം പഠിപ്പിച്ചു. ഇവരൊന്നിച്ച് അവിടെ താമസിച്ചു, പഠിച്ചു. അപ്പുക്കുട്ടന്‍ മാഷെ ഞാന്‍ ഇന്നലെ ചെന്ന് കണ്ടിരുന്നു. ഞാന്‍ കാസര്‍കോട് പോവുന്നുണ്ട്. ഉറ്റ സുഹൃത്തായ കെ.എം അഹ്മദിന്റെ അതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് വേണ്ടി പോവുകയാണ് എന്ന് പറയാന്‍ വേണ്ടിയിട്ടാണ് അവിടേക്ക് ചെന്നത്. എന്റെ തൊട്ടടുത്താണ് അദ്ദേഹം താമസിക്കുന്നത്. അസുഖ ബാധിതതനാണ്. പക്ഷെ, ഇന്നലെ ചെന്നപ്പോള്‍ അദ്ദേഹത്തിന്, ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ആ വാക്യം കൂടി ചേര്‍ത്തുകൊണ്ട് പറയുകയാണ് ഓര്‍മ്മകള്‍ എന്തൊരു വിചിത്രമായ കാര്യമാണ്. ഓര്‍മ്മകള്‍ വിലപ്പെട്ടതായിട്ടാണ് നമ്മള്‍ മനുഷ്യര്‍ കൊണ്ടു നടക്കുന്നത്. പക്ഷെ, ഓര്‍മ്മകള്‍ മുഴുവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മനുഷ്യന്‍ പിന്നെ ബാക്കിയെന്താണെന്ന ചോദ്യം നമ്മുടെ മുന്നില്‍ അവശേഷിക്കുന്നു. ഇവിടെ കഴിച്ചുക്കൂട്ടിയ എത്രയോ വര്‍ഷങ്ങള്‍, സൗഹൃദങ്ങള്‍, ഒത്തുചേരലുകള്‍, പ്രഭാഷണങ്ങള്‍, ഒന്നും ഇപ്പോള്‍ മാഷിന്റെ ഓര്‍മ്മയില്‍ ഇല്ല. മാഷിന്റെ മനസ് അപ്പാടെ ശൂന്യമാണ്. കുട്ടിക്കാലം തൊട്ടേ കാണുന്ന എന്നെ മാഷ് തിരിച്ചറിയുന്നില്ല. ആ ഖേദത്തോടെ ഞാന്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ പറയുന്നു എന്നെ പോലും തിരിച്ചറിയുന്നില്ല എന്ന്. ഞാന്‍ കരഞ്ഞുപോവും എന്നുള്ളത് കൊണ്ട് പെട്ടെന്ന് പുറത്തിറങ്ങി. കാരണം, ഒരു ഓര്‍മ്മയുമില്ലാതെ ശിശുവിനെ പോലെ ശയ്യാവലംബിയായി എന്ന് പറയാവുന്ന വിധത്തില്‍ ഒന്നുമില്ലാത്തൊരു മനസുമായി ഒരു ഭാരവുമില്ലാതെ മാഷ് അവിടെ ഉണ്ട് ഇപ്പോഴും. സങ്കടത്തോടെ ഞാന്‍ ഇവരുടെ പഴയ സൗഹൃദവും അവര്‍ പങ്കിട്ട സ്‌നേഹവും അവരും ഞാനും ഒന്നിച്ച് നടത്തിയിട്ടുള്ള യാത്രയും കൂടിച്ചേരലുകളുമൊക്കെ ഞാന്‍ ഓര്‍ത്തുപോയി. ഇതൊക്കെ ഒരുപക്ഷെ എന്റെ മനസില്‍ നിന്നും പോവുമായിരിക്കാം. ഒന്നാന്തരം പ്രഭാഷകനായിരുന്നു, വായനക്കാരനായിരുന്നു. ഞാന്‍ മുമ്പ് ഒരുതവണ ചെന്നപ്പോള്‍ ഞാന്‍ മാഷോട് പറഞ്ഞു. എന്തെങ്കിലും പുസ്തകങ്ങള്‍ എടുത്ത് വായിച്ച് കൂടെ. അപ്പോള്‍ എന്നോട് പറഞ്ഞു എനിക്ക് വാക്കുകള്‍ തമ്മിലൊന്നും മനസിലാവുന്നില്ല. അവയുടെ അര്‍ത്ഥം മനസിലാവുന്നില്ല. പത്രം വായനയൊക്കെ എന്നോ ഉപേക്ഷിച്ചു.വളരെ നിസ്സഹായമായ ഒരു അവസ്ഥ. അതിന്റെ ഒരു ദുഖത്തോടു കൂടിയാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങോട്ട് വന്നത് തന്നെ.എന്തായാലും ഇവിടെ വരാനും സൗഹൃദവലയങ്ങളില്‍ ഉള്ളവരെയും അഹ്മദിന്റെ മറ്റ് ബന്ധുക്കളെയും ഒരിക്കല്‍ കൂടി കാണാനും ഈ സൗഹൃദ സ്മരണകള്‍ പങ്കിടാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്.
