കെ.വി കുമാരന്‍ മാഷ് മലയാളത്തിന്റെ ഭാഗ്യം

പത്രവിതരണക്കാരന്‍ രാവിലെ ഗേറ്റില്‍ കൊളുത്തിവെച്ച 'മാതൃഭൂമി' എടുത്ത് താളുകള്‍ മറിച്ച് കണ്ണോടിച്ചപ്പോള്‍ കണ്ണില്‍ പെട്ടത് സുപരിചിതമായ ആ മുഖം -കെ.വി കുമാരന്‍ മാഷ്. തൊട്ടടുത്ത് സഹധര്‍മ്മിണി ശ്രീമതി ഉഷയും. എന്റെ പ്രിയ ശിഷ്യ സുപ്രിയയുടെ അച്ഛനും അമ്മയും. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം കുമാരന്‍ മാഷിന്. സന്തോഷം നമുക്ക്.

'ചോമന്റെ തുടി' -അതിന്റെ മുഴക്കം മലയാളികളുടെ കാതുകളില്‍ എത്തിച്ചത് കുമാരന്‍ മാഷാണ്. അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ഡോ. ശിവരാമ കാറന്തിന്റെ 'ചോമന ദുഡി' യുടെ മലയാള ഭാഷാന്തരമാണ്. ആദ്യ പരിഭാഷ അതായിരുന്നില്ലെങ്കിലും. തൃശ്ശൂര്‍ അയ്യന്തോളിലെ അപ്പന്‍ തമ്പുരാന്‍ സ്മാരക മന്ദിരത്തില്‍ യുവകലാസാഹിതിയുടെ സെമിനാറില്‍ സംബന്ധിക്കാന്‍ പോയപ്പോള്‍ അനുഗൃഹീത കവി ഒ.എന്‍.വി എന്നോട് ചോദിച്ചു: 'കാസര്‍കോട്ടുകാരനല്ലേ നാരായണന്‍? കെ.വി കുമാരനെ അറിയുമോ ചോമന്റെ തുടിയുടെ പരിഭാഷകനെ...' പേര് കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. എന്നാല്‍ അടുത്ത് പരിചയമുണ്ടായിരുന്നില്ല. ഒ.എന്‍.വിയുടെ അന്വേഷണമാണ് കുമാരന്‍ മാഷെ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. ഒ.എന്‍.വി. ചോമന്റെ തുടിയെ കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്: നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ദളിതബാലനെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നില്ല അപ്പുറത്ത് ഗായത്രി മന്ത്രം ചൊല്ലുന്ന 'ശാന്തി ദ്വിജന്മാര്‍'. അയിത്തമാകും! ഒരു ജീവന്‍ രക്ഷിക്കാന്‍ മുതിരാത്തവര്‍ എത്ര ഗായത്രി മന്ത്രം ജപിച്ചാലാണ് ബുദ്ധി തെളിഞ്ഞവരാകുക? 'സവിതാവേ, എന്റെ ബുദ്ധി തെളിയിക്കേണമേ' എന്നാണല്ലോ ആ മന്ത്രത്തിന്റെ അര്‍ത്ഥം. 'സവിതുര്‍ വരേണ്യം പ്രചോദയാത്'

കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്നും ഒട്ടേറെ പ്രകൃഷ്ട കൃതികള്‍ കുമാരന്‍ മാഷ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പട്ടിക നിരത്തുന്നില്ല. യശ്പാലിന്റെ (രക്തസാക്ഷി ഭഗത് സിംഗിന്റെ സതീര്‍ത്ഥ്യന്‍) വിപ്ലവ സ്മരണകള്‍ ഹിന്ദിയില്‍ വായിച്ചിട്ടുണ്ടെങ്കിലും ശരിയായി മനസ്സിലാക്കാന്‍ സഹായിച്ചത് കുമാരന്‍ മാഷാണ് -പരിഭാഷകളിലൂടെ. കഴുമരത്തിന്റെ ചുവട്ടില്‍ കൊടുങ്കാറ്റ് അടിച്ച നാളുകള്‍... വിപ്ലവകാരി മന്മഥ നാഥ ഗുപ്തയുടെ വിപ്ലവ സ്മരണകളും മാഷ് നമുക്ക് പകര്‍ന്നുതന്നു.

മാഷ് പരിഭാഷപ്പെടുത്തിയ കൃതികളില്‍ അവസാനമായി ഞാന്‍ വായിച്ചത് ഗോപാലകൃഷ്ണ പൈ എന്ന കന്നഡ സാഹിത്യകാരന്റെ 'സ്വപ്‌ന സാരസ്വത' എന്ന ഗ്രന്ഥമാണ്. അത് നോവല്‍ എന്നാണ് മൂല ഗ്രന്ഥകാരന്‍ പറയുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ചരിത്രമാണ്. സാരസ്വത ബ്രാഹ്മണരുടെ ചരിത്രം.

400 കൊല്ലം മുമ്പ് ഗോവയില്‍ വളരെ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന സാരസ്വത ബ്രാഹ്മണര്‍ പോര്‍ച്ചുഗീസുകാരുടെ കടന്നാക്രമണം നേരിട്ട് പലായനം ചെയ്യേണ്ടിവന്നു. ജീവന്‍ മാത്രമല്ല തങ്ങളുടെ വിശ്വാസ ആചാരങ്ങളും സംരക്ഷിക്കാന്‍ അവര്‍ എത്തിച്ചേര്‍ന്നത് കേരളത്തിലായിരുന്നു. ഭൗതിക സമ്പത്തിനെക്കാളും അവര്‍ വിലമതിച്ചിരുന്നത് മതവിശ്വാസത്തിലാണ്. അവരുടെ കുടിയേറ്റ കഥയാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഷേണായി, ശേണായി, നായിക്ക്, കാമത്ത്, പഡിയാര്‍, ഭട്ട്, ശാന്‍ഭോഗ്, ഭക്ത, പൈ, പ്രഭു, ഭണ്ടാരി, മല്യ... എല്ലാം സാരസ്വത ബ്രാഹ്മണരാണ്. ഒരേ വര്‍ഗക്കാര്‍. എല്ലാവരുടെയും മൂലകുടുംബം ഒന്ന്. കുലദൈവം ഒന്ന്. ഇവിടെ പരാമര്‍ശിച്ച ജാതി നാമങ്ങള്‍ നമുക്ക് പരിചയമുണ്ട്. നമ്മുടെ അയല്‍ക്കാര്‍. എന്നാല്‍ അവരെല്ലാവരും ഒരേ വര്‍ഗക്കാരാണ് എന്ന് മനസിലാക്കുന്നത് ഈ ഗ്രന്ഥം വായിക്കുമ്പോഴായിരിക്കും.

മാഷ് അംഗീകരിക്കുമോ എന്നറിയില്ല, താന്‍ പരിഭാഷ എടുത്തിയിട്ടുള്ള മറ്റേത് കൃതിയെക്കാളും ദുഷ്‌കരമായത് സ്വപ്‌ന സാരസ്വതം ആയിരിക്കും. ഇതുപോലുള്ള ഒരു സങ്കീര്‍ണ്ണ കൃതി പരിഭാഷപ്പെടുത്തിയെടുക്കുക എന്നത് ഒരു മഹാ സാഹസമാണ്. അതൊരു വെല്ലുവിളിയായി കണ്ടു; അതില്‍ സമ്പൂര്‍ണ്ണ വിജയം നേടുകയും ചെയ്തു. നമ്മുടെ തൊട്ടയല്‍വക്കക്കാരെ നമ്മുടെ സ്വന്തക്കാരാക്കിത്തന്നത് കുമാരന്‍ മാഷാണ്. ഇപ്പോള്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് ഭൈരപ്പയുടെ 'യാനം' എന്ന കന്നഡ നോവലാണല്ലോ. അതും ദുഷ്‌കരമായ 'യാനം' തന്നെ എന്ന് പറയുന്നു മൂലകൃതി വായിച്ചിട്ടുള്ളവര്‍.

മലയാള ഭാഷാ പ്രണയികളുടെ അഭിമാനം... അഭിനന്ദനം കുമാരന്‍ മാഷേ... ഉഷയെപ്പോലെ ഒരു സഹധര്‍മ്മിണിയുടെ പരിചരണം പരിഭാഷായജ്ഞത്തില്‍ കരുത്തേകിയിട്ടുണ്ട്; സംശയമില്ല. 'ദിവാരാത്രൗ നിപീഡയേത്' അല്ല ഈ കൂട്ടുകാരി. ഇത:പര്യന്തമുള്ള രചനകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

Related Articles
Next Story
Share it